Connect with us

International

താലിബാനുമായി യു എസ് നേരിട്ട് ചര്‍ച്ചക്ക്

Published

|

Last Updated

കാബൂള്‍/വാഷിംഗ്ടണ്‍: താലിബാനുമായി നേരിട്ടുള്ള തുറന്ന സമാധാന ചര്‍ച്ചക്ക് പ്രതിനിധികളെ അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇത്തരത്തിലുള്ള ആദ്യ ചര്‍ച്ച വരുംദിവസങ്ങളില്‍ ദോഹയില്‍ നടക്കും. രാജ്യത്തിന് പുറത്ത് താലിബാന്‍ ആദ്യ ഓഫീസ് തുറന്നിരിക്കുന്നത് ദോഹയിലാണ്. തടവുകാരെ കൈമാറുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് ആദ്യഘട്ടത്തില്‍ നടക്കുകയെങ്കിലും അടുത്ത ഘട്ടങ്ങളില്‍ അത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനുതകുന്ന പൂര്‍ണ അര്‍ഥത്തിലുള്ള സമാധാന ചര്‍ച്ചയായി മാറുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍, അല്‍ഖാഇദയുമായുള്ള ബന്ധം വിച്ഛേദിക്കുക, ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, അഫ്ഗാന്‍ ഭരണഘടനയെ അംഗീകരിക്കുക, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ നിബന്ധനകള്‍ താലിബാന്‍ അംഗീകരിക്കേണ്ടിവരുമെന്നും വൈറ്റ് ഹൗസ് വക്താവ് കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ ചുമതല അഫ്ഗാന്‍ സര്‍ക്കാറിന് കൈമാറുന്നുവെന്ന നാറ്റോ പ്രഖ്യാപനത്തിന് പിന്നാലെ, ചര്‍ച്ചക്ക് തയ്യാറാണെന്ന പ്രഖ്യാവനയുമായി അമേരിക്ക രംഗത്തു വന്നത് നിര്‍ണായകമായ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ, സമാധാന ചര്‍ച്ചക്ക് പ്രതിനിധികളെ അയക്കുമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയും വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ ഉന്നത സമാധാന കൗണ്‍സിലാണ് സമാധാന ചര്‍ച്ചക്ക് ഖത്തറിലേക്ക് പോകുന്നത്. താലിബാനുമായി ചര്‍ച്ച നടത്താന്‍ 2010ലാണ് ഈ ഉന്നത സമാധാന കൗണ്‍സില്‍ രൂപവത്കരിച്ചത്. എന്നാല്‍, താലിബാന്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ദോഹയില്‍ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസ് തുറക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ചര്‍ച്ചക്ക് പ്രതിനിധികളെ അയക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസ് തുടങ്ങുന്നത് വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണെന്ന് അഫ്ഗാന്‍ രാഷ്ട്രീയ നിരീക്ഷകന്‍ നബി മിസ്ദാഖ് പറഞ്ഞു. 12 വര്‍ഷം പഴക്കമുള്ള സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുമെന്ന പ്രതീക്ഷയാണ് ഇത് നല്‍കുന്നത്.

 

Latest