Connect with us

Wayanad

തൊഴിലുറപ്പ് പദ്ധതി കൃഷിയിടങ്ങളെ ഒഴിവാക്കിയത് കാര്‍ഷിക മേഖലക്ക് പ്രഹരമായി

Published

|

Last Updated

കല്‍പ്പറ്റ: ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ നിന്ന് കൃഷിയിടങ്ങളിലെ ജോലികള്‍ ഒഴിവാക്കിയതിന്റെ പ്രയാസം കാര്‍ഷിക മേഖലയില്‍ പ്രകടമായി തുടങ്ങി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കാലവര്‍ഷത്തിലും തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ മിക്കദിവസവും തൊഴിലാളികള്‍ക്ക് ജോലി ലഭിച്ചിരുന്നു. അഞ്ച് ഏക്കര്‍ വരെയുള്ള ചെറുകിട കൃഷിക്കാരുടെ തോട്ടങ്ങളിലെ കാട്‌ചെത്തലും കിളയ്ക്കലും തൈകള്‍ നടലും അടക്കമുള്ള ജോലികള്‍ തൊഴില്‍ ഉറപ്പില്‍ ഉള്‍പ്പെടുത്തി നടത്തിയതിനാല്‍ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്കെല്ലാം വലിയ ആശ്വാസമായിരുന്നു. തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ കൂടുതല്‍ പേര്‍ ജോലിക്ക് ചേര്‍ന്നതോടെ കൃഷിയിടങ്ങളിലെ ജോലികള്‍ക്ക് കര്‍ഷക തൊഴിലാളികള്‍ക്ക് വലിയ ക്ഷാമമാണ് നേരിട്ടത്. ഇത് പരിഹരിക്കാന്‍ തൊഴില്‍ ഉറപ്പ് പദ്ധതിയുടെ തന്നെ നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലേബര്‍ ബാങ്കുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. േ
ലബര്‍ ബാങ്കില്‍ രജിസ്ട്രര്‍ ചെയ്യുന്ന തൊഴിലാളികളെ കര്‍ഷകരുടെ ആവശ്യത്തിന് അനുസരിച്ച് വിട്ടുകൊടുക്കാനും കാര്‍ഷിക ജോലികള്‍ സമയബന്ധിതമായി തീര്‍ക്കാനും ഇതിലൂടെ കഴിയുമെന്ന് കണക്കാക്കിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ലേബര്‍ ബാങ്ക് എന്ന ആശയം നടന്നില്ല. എങ്കിലും അഞ്ച് ഏക്കര്‍ വരെയുള്ള കൃഷിയിടങ്ങളിലെ ജോലികള്‍ തൊഴില്‍ ഉറപ്പില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അല്‍പം വൈകിയാണെങ്കിലും ഏതാണ്ടെല്ലാ ജോലികളും കര്‍ഷകര്‍ക്ക് വലിയ പ്രയാസം അനുഭവപ്പെടാതെ നടത്താനായി. പൊതുസമൂഹത്തിന് ഏറെ ഗുണകരമായ രീതില്‍ വനാതിര്‍ത്തിയില്‍ ആനക്കിടങ്ങ് അടക്കം തൊഴില്‍ ഉറപ്പില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനുമായി.
ജലസംരക്ഷണ പ്രവര്‍ത്തിയെന്ന പരിഗണയിലാണ് വനാതിര്‍ത്തിയില്‍ കിടങ്ങുകള്‍ തീര്‍ത്തത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പ്രവൃത്തികളും കൃഷിയിടങ്ങളിലെ ജോലികളും തൊഴില്‍ ഉറപ്പില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കര്‍ശന നിയന്ത്രണമാണ് സംസ്ഥാനത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത്. ഇതോടെ നെല്‍കൃഷിയും തോട്ടവിളകളും അടക്കമുള്ള മേഖലകളിലൊന്നും മേലില്‍ തൊഴില്‍ ഉറപ്പ് തൊഴിലാളികളെ കിട്ടില്ല.
തുടക്കത്തില്‍ ഉണ്ടായിരുന്നത് പോലെ മണ്ണ്-ജല സംരക്ഷണത്തിലും പൊതുനിരത്തുകളുടെ പാര്‍ശ്വങ്ങള്‍ വൃത്തിയാക്കലിലുമൊക്കെയായി ഈ പദ്ധതി ഒതുങ്ങുകയാണ്. നൂറ് ദിവസം തൊഴില്‍ എന്ന ലക്ഷ്യം പോലും ഇതിനാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നേരത്തെ മുതല്‍ വയനാട്ടിലെ കാര്‍ഷിക മേഖല നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് തൊഴിലാളി ക്ഷാമമാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ നിരവധി എത്തുന്നുണ്ടെങ്കിലും ഇവരെല്ലാം ലക്ഷ്യമാക്കുന്നത് നിര്‍മാണ മേഖലയിലെ ജോലിയാണ്. കൂലി കൂടുതല്‍ കിട്ടുമെന്നതാണ് ആ മേഖലയെ ലക്ഷ്യമാക്കാന്‍ കാരണം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിളവും വിലയുമായെല്ലാം ബന്ധപ്പെടുത്തിയുള്ള കൂലി നിരക്കാണ് കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കിവരുന്നത്. അതുകൊണ്ടുതന്നൈ കര്‍ഷക തൊഴിലാളികളില്‍ പലരും ഈ മേഖലയോട് വിടപറയുകയാണ്. ഇത് കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നാള്‍ക്കുനാള്‍ കൂടുകയുമാണ്.