Connect with us

International

നാറ്റോ പിന്മാറ്റം പ്രഖ്യാപിക്കുന്നതിന് മുമ്പ് അഫ്ഗാനില്‍ സ്‌ഫോടനം

Published

|

Last Updated

കാബൂള്‍: നാറ്റോ സൈന്യത്തില്‍ നിന്ന് സുരക്ഷാ ചുമതല പൂര്‍ണമായും അഫ്ഗാന്‍ സൈന്യത്തിന് കൈമാറുന്ന പ്രഖ്യാപനത്തിന് മുമ്പ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചവേര്‍ ആക്രമണം. മൂന്ന് സാധരണക്കാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഫ്ഗാന്‍ പാര്‍ലിമെന്റെ് അംഗം ഹാജി മുഹമ്മദ് മൗഖിഖിനെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ മൗഖിഖ് രക്ഷപ്പെട്ടിട്ടുണ്ട്. അഫ്ഗാന്‍ മനുഷ്യാവകാശ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുല്‍ എ സുര്‍ഖിലാണ് ആക്രമണം നടന്നത്. പ്രദേശിക സമയം ഇന്നലെ രാവിലെ 9.10നാണ് സംഭവമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ പ്രദേശം പോലീസ് വളഞ്ഞു. വീണ്ടും സ്‌ഫോടനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ചു.
യു എസ് നേതൃത്വത്തിലുള്ള നാറ്റോ സൈന്യത്തിന്റെ പിന്‍മാമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങിന് മണിക്കൂറുകള്‍ മുമ്പാണ് സ്‌ഫോടനം ഉണ്ടായത്. സുരക്ഷാ ചുമതല കൈമാറ്റ ചടങ്ങിന്റെ ഭാഗമായി കാബൂളില്‍ സുരക്ഷ ശക്തമാക്കിയ സമയത്താണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 18 മാസത്തിനുള്ളില്‍ അഫ്ഗാനില്‍ നിന്ന് നാറ്റോ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുമെന്ന് നാറ്റോ മേധാവി ഫോഗ് റാസ്മുസന്‍ അറിയിച്ചു.

Latest