Connect with us

Editorial

കേരളത്തില്‍ തട്ടിപ്പുകള്‍ക്ക് വളക്കൂറ്

Published

|

Last Updated

“സോളാര്‍” ആളിക്കത്തുന്നതിനിടെ കൊച്ചിയില്‍ നിന്ന് മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി. പ്രമുഖ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടുന്ന ആറംഗ സംഘം കൊച്ചിയില്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്റെ പുതിയൊരു മുഖം പുറത്തു വന്നത്. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും നിരവധി പ്രൊഫഷനല്‍ കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് മുപ്പത് ലക്ഷം തട്ടിയെടുക്കുകയുണ്ടായി. ഇത്തരം സംഘങ്ങള്‍ രാജ്യത്ത് വേറെയും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
നോയ്ഡയിലെ സിക്‌സ് വണ്‍ ഐ ടി സൊലൂഷ്യന്‍സ,് എ ആന്‍ഡ് പി ഇന്‍വെന്റ് മെക്കാനിക്കല്‍ എന്നീ കമ്പനികളുടെ വക്താക്കളെന്ന വ്യാജേന ഇവര്‍, തങ്ങളുടെ കമ്പനികളിലും ഗുജറാത്തിലെ അമുല്‍ മില്‍ക് ഇന്‍ഡസ്ട്രീസ്, കൊച്ചിയിലെ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ,് ഉഷ ഫാന്‍ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ഒഴിവുകളുണ്ടെന്ന് ധരിപ്പിച്ചാണ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളെ സമീപിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോയമ്പത്തൂര്‍, ഭോപ്പാല്‍, ഹുബഌ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ പതിനൊന്ന് എന്‍ജിനീയറിംഗ് കോളജുകളില്‍ റിക്രൂട്ട്‌മെന്റ് നടത്തി അഞ്ഞൂറോളം വിദ്യാര്‍ഥികളെ സംഘം തിരഞ്ഞെടുത്തു. തുടര്‍ന്ന് സെക്യൂരിറ്റി തുകയായി 25,000 മുതല്‍ 50,000 വരെ ഓരോ വിദ്യാര്‍ഥിയില്‍ നിന്നും കൈപ്പറ്റി. പണം നല്‍കിയവര്‍ പിന്നീട് സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതോടെയാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്. ഇവര്‍ പറഞ്ഞ സിക്‌സ് വണ്‍ ഐ ടി സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിന്റെ ഡല്‍ഹിയിലെ ഹെഡ് ഓഫീസ് പൂട്ടിയിട്ട് ആറ് മാസങ്ങളായി.
കേരളം അടുത്ത കാലത്തായി തട്ടിപ്പുകള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി മാറിയിട്ടുണ്ട്. ടോട്ടല്‍ ഫോര്‍ യു, ആപ്പിള്‍ എ ഡേ ഫഌറ്റ്, ടൈക്കൂന്‍, ബിസയര്‍ മണി ചെയിന്‍, പി എ സി എല്‍ മണി ചെയിന്‍, നാനോ എക്‌സല്‍ , അന്യസംസ്ഥാന ലോട്ടറി, ആട്, മാഞ്ചിയം, ഗ്രാനേറ്റ്, മനുഷ്യക്കടത്ത്, യുവതികളെ ഉപയോഗിച്ചുള്ള ലൈംഗിക തട്ടിപ്പ് എന്നിങ്ങനെ എത്രയെത്ര തട്ടിപ്പുകളാണ് അടുത്ത ഏതാനും വര്‍ഷങ്ങളിലായി സംസ്ഥാനത്ത് അരങ്ങേറിയത്.
പെട്ടെന്ന് പണക്കാരനാകാനുള്ള അതിമോഹവും അത്യാഗ്രഹവുമണ് തട്ടിപ്പിനിരയാകുന്നതിന്റെ പ്രധാന കാരണം. മലയാളി മനസ്സുകളില്‍ രോഗാതുരമായ ഈ അവസ്ഥ മറ്റുള്ളവരേക്കാള്‍ കൂടുതലാണെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. തട്ടിപ്പിന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ സമര്‍ഥരും വാക്ചാതുരിയുള്ളവരുമായിരിക്കും. ആകര്‍ഷകമായ സംസാരവും പ്രമുഖ പത്രങ്ങളില്‍ വരുന്ന ഇവരുടെ പരസ്യങ്ങളും ഇരയുടെ എളുപ്പത്തില്‍ സമ്പാദിക്കാനുള്ള മോഹവും ചേരുമ്പോഴാണ് തട്ടിപ്പിന് വേര് പിടിക്കുന്നത്. ഒപ്പം അധികാരി വര്‍ഗവും ഉന്നത സ്ഥാനീയരും പോലീസ് ഉദ്യോഗസ്ഥരുമായി തഞ്ചത്തില്‍ ഇവര്‍ ബന്ധം തരപ്പെടുത്തിയിരിക്കും. ഈ ബന്ധത്തിന്റെ “രേഖകള്‍” കാണിക്കുന്നതോടെ ഇരകള്‍ക്ക് ഇവരില്‍ പൂര്‍ണ വിശ്വാസമായി. സോളാര്‍, ആപ്പിള്‍ ഡേ, അന്യസംസ്ഥാന ലോട്ടറി തുടങ്ങി പല സംഭവങ്ങളിലും ഉന്നതരുടെ പേരുകള്‍ ഉയര്‍ന്നു വരികയുണ്ടായി.
മലയാളി സമര്‍ഥനും ബുദ്ധിമാനുമാണെന്നാണ് വെയ്പ്. തട്ടിപ്പുകാരുടെ മുമ്പില്‍ ഈ ബുദ്ധി പതറിപ്പോകുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ തട്ടപ്പിനിരയായ സംഭവത്തില്‍ ജോലി ഒഴിവുകളുണ്ടെന്ന പറയുന്ന സ്ഥാപനങ്ങളെല്ലാം രാജ്യത്തിനകത്താണ്. ചിലത് കേരളത്തിലും. വിദ്യാസമ്പന്നരായ ഇരകള്‍ക്ക് പ്രസ്തുത കമ്പനികളുമായി ബന്ധപ്പെട്ട് വസ്തുത മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. “തിരഞ്ഞെടുക്കപ്പെട്ട” ചില വിദ്യാര്‍ഥികള്‍ പണം പിന്നീടെത്തിക്കാമെന്ന് പറഞ്ഞു തട്ടിപ്പുകാരില്‍ നിന്ന് രക്ഷപ്പെട്ട ശേഷം കമ്പനികളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ തട്ടിപ്പിനിരയായില്ല. പക്ഷേ ഭൂരിപക്ഷത്തിനും തക്കസമയത്ത് ബുദ്ധി ഉദിച്ചില്ല, പത്രങ്ങളില്‍ വരുന്ന പരസ്യങ്ങളുടെ ഉത്തരവാദിത്വം നടത്തിപ്പുകാര്‍ക്കില്ലെന്നും പൊതുസമൂഹം മസ്സിലാക്കേണ്ടതുണ്ട്.
സോളാര്‍ തട്ടിപ്പ് നിയമസഭക്കകത്തും പുറത്തും കൊടുങ്കാറ്റായി വീശുകയാണ്. മറ്റു തട്ടിപ്പുകളും സംസ്ഥാനത്ത് പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചിരുന്നു. രംഗം വല്ലാതെ വഷളാകുമ്പോള്‍ സര്‍ക്കാര്‍ എ ഡി ജി പി അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ പ്രഖ്രാപിക്കും. അന്വേഷണം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമ്പോള്‍ ജനം അത് മറക്കുകയും പ്രതിപക്ഷം അതുവിട്ട് മറ്റു വിവാദങ്ങളിലേക്ക് കടക്കുകയും ചെയ്യും. ഉന്നതരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെ ജാമ്യത്തിലിറങ്ങുന്ന പ്രതികളും അവരുടെ കൂട്ടാളികളും ചേര്‍ന്നു തെളിവുകളില്‍ കൃത്രിമം കാണിച്ചു കേസുകളില്‍ നിന്ന് രക്ഷപ്പെട്ടെന്നിരിക്കും. താമസിയാതെ അവര്‍ തട്ടിപ്പിന്റെ പുതിയ മുഖങ്ങളുമായി രംഗത്ത് വരും. നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന തട്ടിപ്പ് കേസുകള്‍ക്കെതിരെ പെണ്‍പീഡന, തീവ്രവാദവിരുദ്ധ നിയമങ്ങള്‍ പോലെ കര്‍ശന നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും യഥാവിധി അത് നടപ്പാക്കുന്നതില്‍ അധികൃതര്‍ അതീവ ശ്രദ്ധ ചെലുത്തുകയും ചെയ്യേണ്ടതുണ്ട്.

Latest