Connect with us

Articles

നാടിന് അപമാനമായി ഈ കണക്കുകള്‍

Published

|

Last Updated

കേരളം മദ്യത്തിന്റെ ഉന്മാദലഹരിയിലാണ്ട വാര്‍ത്തയാണ് 2013 ജൂണ്‍ 10 തിങ്കളാഴ്ച എക്‌സൈസ് മന്ത്രി കേരള നിയമസഭയില്‍ സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടി അവതരിപ്പച്ചത്. മലയാളിയുടെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയായി. മുമ്പ് 300 പേരില്‍ ഒരാള്‍ മദ്യപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 പേരില്‍ ഒരാള്‍ മദ്യപാനിയാണ്. ജനസംഖ്യയില്‍ അഞ്ച് ശതമാനം മദ്യത്തിനു പൂര്‍ണമായും അടമകളായി മാറി. യവതലമുറക്ക് മദ്യത്തോടുള്ള ആസക്തി ഏറിവരികയാണ്. 1980ല്‍ മദ്യഉപഭോക്താക്കളുടെ കുറഞ്ഞ പ്രായം 18 വയസ്സായിരുന്നു. ഇപ്പോഴത് 12-13 വയസ്സിലെത്തി നില്‍ക്കുന്നു.
കഴിഞ്ഞ സര്‍ക്കാറിന്റെ അഞ്ച് വര്‍ഷക്കാലത്ത് 23,712 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് 11 വര്‍ഷത്തിനുള്ളില്‍ 420 ശതമാനം വര്‍ധിച്ചു. 2001-02ല്‍ 1694 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്ത് 2012-13ല്‍ ഇതു 8,818.18 കോടി രൂപയുടെയായി. സംസ്ഥാനത്ത് 1981ല്‍ ആകെയുണ്ടായിരുന്നത് 144 ബാറുകള്‍ ആയിരുന്നു. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 742 എണ്ണമായി. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മദ്യവില്‍പ്പന ഭീതിജനകമായ രീതിയിലാണ് വര്‍ധിക്കുന്നത്. ഈ കാലയളവിനുള്ളില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പനയില്‍ സംസ്ഥാനത്ത് 2.32 കോടി കേയ്‌സിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
1998-ല്‍ 5.16 ലക്ഷം കേയ്‌സ് വിദേശമദ്യം വിറ്റിരുന്ന സ്ഥാനത്ത് 2012ല്‍ ആയപ്പോള്‍ 1.02 കോടി കേയ്‌സ് ആയി കുതിച്ചുയര്‍ന്നു. വിദ്യാര്‍ഥികള്‍ പോലും മദ്യത്തിന് അടിമകളാകുന്ന അവസ്ഥയാണ്. വിവാഹമോചന കേസുകളില്‍ 80 ശതമാനത്തിലും മദ്യാസക്തിയാണ് വില്ലന്‍. റോഡ് അപകടങ്ങളിലും പ്രധാന കാരണം മദ്യപിച്ച് വാഹനം ഓടിക്കുന്നതാണെന്നും മന്ത്രി കണക്കുകളുടെ അടിസ്ഥാനത്തില്‍ നിയമസഭയില്‍ അറിയിച്ചു.
രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനം കഷ്ടിച്ചേ കേരളത്തിലുള്ളൂവെങ്കിലും മദ്യവില്‍പ്പനയുടെ 16 ശതമാനവും ഇവിടെയാണ്. യൂനിഫോം അണിഞ്ഞ കുട്ടികള്‍ ബിവറേജസ് കോര്‍പറേഷന്റെ മദ്യശാലയില്‍നിന്നു മദ്യം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ മുമ്പ് സംപ്രേഷണം ചെയ്തിരുന്നു. പുതിയ അബ്കാരി ബില്ലില്‍ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രായപരിധി 21 വയസ്സ് ആക്കാനാണ് നിര്‍ദേശം. സിനിമയില്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ “മദ്യപാനം ആരോഗ്യത്തിനു ഹാനികരം” എന്ന് മുഴുത്ത അക്ഷരത്തില്‍ എഴുതിക്കാണിക്കണമെന്നതാണു മറ്റൊരു നിര്‍ദേശം.
യു ഡി എഫ് പ്രകടനപത്രികയില്‍ ഘട്ടംഘട്ടമായി മദ്യനിരോധം ഏര്‍പ്പെടുത്തുമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. മദ്യ ഷോപ്പുകള്‍ അനുവദിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരം പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയിലുണ്ടായിരുന്നു. ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ആ നിയമം സര്‍ക്കാര്‍ ഭാഗീകമായി പ്രാബല്യത്തിലാക്കി. പക്ഷേ, ഭസ്മാസുരനു വരം കൊടുത്ത സ്ഥിതിയാണിപ്പോള്‍. ബാര്‍ ലൈസന്‍സ് അധികാരം പഞ്ചായത്തുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് എക്‌സൈസ് മന്ത്രിതന്നെ പരാതി പറയുന്നു. പഞ്ചായത്തിരാജ്-നഗരപാലികാ നിയമത്തിലെ 232,447 വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് വിവിധ മദ്യനിരോധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാലിപ്പോള്‍ അവരും നിരാശരാണ്. മദ്യ മാഫിയ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളില്‍ പലരെയും വലയിലാക്കുന്നു. മദ്യ മാഫിയകള്‍ക്കു വഴങ്ങി 75 ലക്ഷം വരെ കോഴ വാങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ മദ്യ ഷോപ്പ് തുടങ്ങാനുള്ള എന്‍ ഒ സി ജനഹിതം മാനിക്കാതെ വിതരണം ചെയ്യുകയാണ്. ഇവര്‍ തലമുറകളോട് കണക്ക് പറയേണ്ടിവരും.
ലോകത്തിലെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലികതത്വം പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും നന്നാക്കുകയും ചെയ്യുന്ന നയങ്ങള്‍ ആവിഷ്‌കരിക്കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ പാവങ്ങളുടെ ജീവിതത്തെ തകര്‍ത്തുതരിപ്പണമാക്കുന്ന മദ്യനയങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ശാരീരികമായും മാനസികമായും കുടുംബപരമായും ആത്മീയമായും സാമ്പത്തികമായും സാമൂഹികമായും മനുഷ്യനെ അവന്റെ സമഗ്രതയില്‍ മദ്യം നശിപ്പിക്കുകയാണ്. “”മദ്യപാനം ആരോഗ്യത്തിന് ഹാനികരം”” എന്ന ബോര്‍ഡ് എഴുതിവെച്ച് സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നത് വിരോധാഭാസമാണ്. സ്വജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തു സര്‍ക്കാര്‍ വില്‍ക്കുന്നത് എങ്ങനെ ഭൂഷണമാകും.
ലക്ഷോപലക്ഷം കുടുംബങ്ങളെ ദരിദ്രമാക്കിക്കൊണ്ടാണ് സര്‍ക്കാരും മദ്യശാലകളും ധനം വാരിക്കൂട്ടുന്നത്. മദ്യലഭ്യതയും വിതരണവും സുഗമമാക്കി പാവപ്പെട്ടവന്റെ പോക്കറ്റടിച്ച് അവനെ അധാര്‍മികനാക്കി മാറ്റുന്നത് കൊടിയ തിന്മയാണ്. ദാരിദ്ര്യ നിര്‍മാര്‍ജനവും ദരിദ്രരുടെ സമുദ്ധാരണവും മുഖ്യ അജന്‍ഡകളായി സര്‍ക്കാറുകള്‍ കാണുന്നുവെങ്കില്‍ ദാരിദ്ര്യത്തിന്റെ കഠിനയാതനകളിലേക്ക് അനേകം കുടുംബങ്ങളെ അനുദിനം തള്ളിവിടുന്ന മദ്യവ്യാപാരത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
ഇവിടെ മദ്യപരായ പൊതുപ്രവര്‍ത്തകരും ഗുരുക്കന്മാരും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍ക്കൊള്ളുന്ന, സ്വബോധവും സമനിലയും നഷ്ടപ്പെട്ടവരുടെ ഒരു കാലഘട്ടമാണ് വരാന്‍ പോകുന്നത്. അകമേ അധര്‍മം വസിക്കുന്ന ഒരു സംവിധാനത്തിന് സ്ഥായീഭാവമുള്ള ഒരു നന്മയും പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
1790ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ അബ്കാരി-എക്‌സൈസ് നിയമം നടപ്പിലാക്കിയതോടെയാണ് ഭാരതത്തിലും കേരളത്തിലും മദ്യപാന ശീലം അനുക്രമം വളരാന്‍ തുടങ്ങിയത്. വരുമാന വര്‍ധനവിന് വേണ്ടി ആരംഭിച്ച മദ്യവില്‍പ്പന കേരളത്തിലേക്ക് കടന്നുവന്നത് അധ്വാനിക്കുന്നവന്റെ മുന്നില്‍ ആശ്വാസത്തിന്റെയും സമ്പന്നരുടെ മുന്നില്‍ സന്തോഷത്തിന്റെയും വ്യാജരൂപങ്ങളിലാണ്. ഇന്ന് രണ്ട് കൂട്ടരുടെയും സര്‍വനാശത്തിനാണ് മദ്യം ഇട വരുത്തുന്നത്. ഒരു രാജ്യത്തിന്റെ സദാചാര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള പ്രാധാന ഉത്തരവാദിത്വം സര്‍ക്കാറിന്റെതാണ്. നാട് മുടിഞ്ഞാലും സമൂഹം നശിച്ചാലും ആത്മഹത്യകള്‍ പെരുകിയാലും പണം മാത്രം മതി എന്ന നിലപാട് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. സമൂഹത്തിന്റെ സദാചാര അടിത്തറ സര്‍ക്കാര്‍ തന്നെ തകര്‍ക്കരുത്.
മദ്യം ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും വില്‍ക്കാന്‍ ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന ഭരണകൂടമാണ് ഏറ്റവും വലിയ കുറ്റവാളി. മദ്യത്തിന്റെ വില്‍പ്പനക്കാരായോ ഇടനിലക്കാരായോ ഒരു ജനാധിപത്യ സര്‍ക്കാര്‍ വര്‍ത്തിക്കുന്നത് അനുചിതമാണ്. ജനങ്ങളുടെ പുരോഗതിയേക്കാള്‍ സ്വാര്‍ഥ ലാഭത്തിനും താത്കാലിക നേട്ടങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കരുത്. സൈ്വരജീവിതത്തിനുള്ള മലയാളികളുടെ മൗലികാവകാശത്തെ അതിക്രമിക്കുന്ന, അനേകരെ രോഗികളും അക്രമികളും സാമൂഹികവിരുദ്ധരും രാജ്യദ്രോഹികളും കലഹപ്രിയരും അനാത്മീയരും ആക്കി മാറ്റുന്ന മദ്യവ്യാപാരം സര്‍ക്കാര്‍ ഉപേക്ഷിക്കണം. ജനനന്മ ലക്ഷ്യം വെക്കാത്ത ഏതു പ്രവര്‍ത്തനവും രാജ്യദ്രോഹപരമാണ്. ജനത്തിനും രാജ്യത്തിനും ദ്രോഹപരമായ മദ്യവ്യാപാരം വഴി രാജ്യം ഭരിക്കാം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഉദാത്തമായ ചിന്തയുടെയും ദര്‍ശനത്തിന്റെയും ദാരിദ്ര്യമാണ്.
ലഹരിക്കെതിരെ ശക്തമായ ചില നിലപാടുകള്‍ യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ലഹരിവിരുദ്ധ പാഠങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പഠിപ്പിച്ചു തുടങ്ങാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതിന്റെ മുന്നോടിയായി ഈ വര്‍ഷം എല്ലാ സ്‌കൂളുകളിലും ലഹരിവിരുദ്ധ œക്ലബ്ബുകള്‍ ജൂണ്‍ മാസത്തില്‍ തന്നെ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ ലഹരിവിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം തന്നെ അധ്യാപകര്‍ക്കായി “അതിജീവനം” എന്ന പേരില്‍ ഒരു കൈപ്പുസ്തകം തയ്യാറാക്കി ലഹരിവിരുദ്ധ പാഠങ്ങള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപൂരത്തും കോഴിക്കോട്ടും വെച്ച് രണ്ട് ട്രെയിനേഴ്‌സ് ടെയിനിംഗ് ക്യാമ്പും സര്‍്ക്കാര്‍ എസ് ഇ ആര്‍ ടി വഴി നടത്തിയിട്ടുണ്ട്. ഈ വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവാണിത്.