Connect with us

Kerala

അടിസ്ഥാന സൗകര്യ വികസനത്തിന് പതിനായിരം കോടിയുടെ സ്പീഡ് കേരള പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് 10,000 കോടി രൂപയുടെ സ്പീഡ് കേരള പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. 23 പദ്ധതികള്‍ ഉള്‍പ്പെട്ട സ്പീഡ് കേരള പദ്ധതി നടത്തുന്നതിനുളള ചുമതലയും ധനസമാഹരണവും കേരള റോഡ് ഫണ്ട് ബോര്‍ഡിനായിരിക്കും. സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കേണ്ട പദ്ധതികള്‍ എന്ന നിലയില്‍ ഒരേ പ്രാധാന്യത്തോടെ എല്ലാ ജില്ലകളിലും പദ്ധതികള്‍ നടപ്പാക്കും.
കേരള റോഡ് ഫണ്ട് ബോര്‍ഡ്, കെ എസ് ടി പി, ആര്‍ ബി ഡി സി കെ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, നാറ്റ്പാക്ക്, ദേശീയപാത വിഭാഗം എന്നിവര്‍ക്കൊപ്പം കൊച്ചി മെട്രോ റെയിലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ റോഡുകളുടെ നിര്‍മാണം ആധുനികവത്കരിക്കാന്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി കേരള രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1204 കിലോമീറ്റര്‍ റോഡാണ് ഇത്തരത്തില്‍ ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നത്. റീഹാബിലിറ്റേഷന്‍, അപ്ഗ്രഡേഷന്‍ എന്നീ രണ്ടു പാക്കേജുകളിലായി, ടോളില്ലാതെ വികസിപ്പിക്കുന്ന 69 റോഡുകളാണ് പദ്ധതിയിലുള്ളത്.
റീഹാബിലിറ്റേഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത 551 കിലോമീറ്റര്‍ റോഡുകളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റോഡുകളുടെ നവീകരണം നടത്തുന്നതിന് കമ്പനികളില്‍ നിന്ന് വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്, ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങും.
റോഡുകളില്‍ സോളാര്‍ വിളക്കുകളും സിഗ്നലുകളും സ്ഥാപിക്കുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. ഒപ്പം മരം വെച്ചു പിടിപ്പിക്കലും ലാന്‍ഡ് സ്‌കേപ്പിംഗും റോഡ് നിര്‍മാണത്തിന്റെ ഭാഗമായിരിക്കും. കെ എസ് ടി പിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം മുതല്‍ പുനലൂര്‍ വരെ മാതൃകാ സുരക്ഷാ റോഡാക്കി മാറ്റും. റോഡ് സുരക്ഷയെ, റോഡ് നിര്‍മാണത്തിന്റെ ഒരു ഭാഗമാക്കാനാണ് തീരുമാനം. റോഡ് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ റോഡ് സേഫ്റ്റി സെല്ലുകളെ മേഖലാടിസ്ഥാനത്തില്‍ വിപുലീകരിക്കും. ട്രാഫിക് എന്‍ജിനീയറിംഗ് ആന്‍ഡ് സേഫ്റ്റി സെല്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ചെറിയ സ്ഥാപനം വിപുലപ്പെടുത്തുകയും എറണാകുളം, കോഴിക്കോട് എന്നീ മേഖലകളില്‍ ഇത് സ്ഥാപിക്കുകയും ചെയ്യും.

Latest