Connect with us

Kerala

സരിതയും ബിജു രാധാകൃഷ്ണനും കാഞ്ഞങ്ങാട്ടും തട്ടിപ്പ് നടത്തി

Published

|

Last Updated

കാഞ്ഞങ്ങാട്: സൗരോര്‍ജ തട്ടിപ്പ് കേസിലെ പ്രതികളായ സരിത എസ് നായരും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപം 2009ല്‍ പ്രവര്‍ത്തിച്ചിരുന്ന പവര്‍ 4യു അള്‍ട്ടര്‍നേറ്റ് എനര്‍ജി മാര്‍ക്കറ്റിംഗ് സര്‍വീസ് എന്ന സോളാര്‍ ഏജന്‍സി സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ മടിക്കൈ കാരാക്കോട്ടെ മാധവന്‍ നമ്പ്യാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സരിതക്കും രാധാകൃഷ്ണനുമെതിരെ പോലീസ് ഐ പി സി 420 ആര്‍/ഡബ്ല്യു 34 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. കോയമ്പത്തൂരിലെ ഐ സി എം എസ് പവര്‍ എന്ന സ്ഥാപനത്തിന്റെ ഉടമകളാണെന്ന് അവകാശപ്പെട്ട് 2009ലാണ് സരിതയും ബിജുവും മാധവന്‍ നമ്പ്യാര്‍ അടക്കമുള്ള പവര്‍ 4യുവിന്റെ പാര്‍ട്ണര്‍മാരെ സമീപിച്ചത്. കോയമ്പത്തൂരിലെ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍മാരെന്നാണ് ബിജുരാധാകൃഷ്ണനും സരിത എസ് നായരും പരിചയപ്പെടുത്തിയത്.
കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ പവര്‍4യു സ്ഥാപനത്തില്‍ വെച്ച് മാധവന്‍ നമ്പ്യാരുമായും മറ്റ് പാര്‍ട്ണര്‍മാരായ കാഞ്ഞങ്ങാട്ടെ ഹംസ, അജാനൂര്‍ തെക്കേപ്പുറത്തെ ഇബ്‌റാഹിം എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ കോയമ്പത്തൂരിലെ സ്ഥാപനത്തില്‍നിന്ന് സൗരോര്‍ജ പാനലുകളും കാറ്റാടി യന്ത്രങ്ങളും വിതരണത്തിനായി കാഞ്ഞങ്ങാട്ട് കൊണ്ടുവരുന്നത് സംബന്ധിച്ച് സരിത നായരും ബിജുവും പവര്‍ 4യു പാര്‍ട്ണര്‍മാരുമായി ധാരണയിലെത്തുകയായിരുന്നു. ഇതിന് പുറമെ കോയമ്പത്തൂര്‍ ഐ സി എം എസ് സ്ഥാപനത്തില്‍ പവര്‍ 4യുവിന് അംഗത്വം ഉറപ്പാക്കാമെന്നും ഇരുവരും അറിയിച്ചു. ഇത് പ്രകാരം 2009 ജനുവരി 5ന് ഒരു ലക്ഷം രൂപയും ജനുവരി 17ന് 75,000 രൂപയും പവര്‍ 4യു പാര്‍ട്ണര്‍മാരില്‍നിന്ന് വാങ്ങി. പിന്നീട് സരിതയെയും ബിജുവിനെയും കുറിച്ച് വിവരങ്ങളൊന്നുമില്ലാത്തതിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ സ്ഥാപനവുമായി മാധവന്‍ നമ്പ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പവര്‍ 4 യു പാര്‍ട്ണര്‍മാര്‍ കോയമ്പത്തൂരില്‍ നേരിട്ടെത്തിയെങ്കിലും അന്ന് മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിജുവിനെയും സരിതയെയും കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാഞ്ഞങ്ങാട്ടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ചിലും പിന്നീട് ഹൊസ്ദുര്‍ഗ് പോലീസിലും 2009ല്‍ പരാതി നല്‍കിയിരുന്നതായി മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. സരിതക്കും ബിജുവിനുമെതിരെ കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഹൊസ്ദുര്‍ഗ് പോലീസിന്റെ ഭാഗത്തുനിന്നും അന്ന് അന്വേഷണമുണ്ടായിരുന്നില്ല.
2009 ല്‍ ആറ് മാസക്കാലം മാത്രമാണ് പവര്‍ 4യു സ്ഥാപനം കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിച്ചത്. സോളാര്‍ പാനലുകളും കാറ്റാടിയന്ത്രങ്ങളും വിതരണം ചെയ്യുന്ന സ്ഥാപനം എന്ന നിലയില്‍ പലരും പവര്‍4യു വിന്റെ കോട്ടച്ചേരിയിലെ ഓഫീസിലെത്തി സോളാര്‍ പാനലുകളും കാറ്റാടി യന്ത്രങ്ങളും ബുക്ക് ചെയ്യുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെ ആറര ലക്ഷത്തോളം രൂപയാണ് കാഞ്ഞങ്ങാട്ടെ സ്ഥാപനം സ്വരൂപിച്ചത്. സോളാര്‍ പാനലുകളും കാറ്റാടിയന്ത്രങ്ങളും കാഞ്ഞങ്ങാട്ടെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയ സരിതയും ബിജുവും വഞ്ചിച്ചതായി ബോദ്ധ്യപ്പെട്ടതോടെ അഡ്വാന്‍സ് നല്‍കിയവര്‍ക്ക് ആറര ലക്ഷം രൂപ പവര്‍ 4യു പാര്‍ട്ണര്‍മാര്‍ തിരിച്ചു കൊടുക്കുകയായിരുന്നു. ബിജുവിനെ ഒന്നാം പ്രതിയാക്കിയും സരിതയെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാഞ്ഞങ്ങാട് ഡി വൈ എസ് പി. മാത്യു എക്‌സലിന്റെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് സി ഐ ബാബു പെരിങ്ങേത്ത്, എസ് ഐ. ഇ വി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ഞങ്ങാട്ടെ സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

Latest