Connect with us

National

ഉത്തരാഖണ്ഡ് പ്രളയം:മരണം 550 ആയി

Published

|

Last Updated

***കേദാര്‍നാഥില്‍ കുടുങ്ങിയത് 50,000 പേര്‍

***രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കോപ്റ്റര്‍ തകര്‍ന്നു; ആളപായമില്ല

Flood (9)ഡെറാഡൂണ്‍/ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 550ആയി. മരണ സംഖ്യ ആയിരം കവിയുമെന്നാണ് അനൗദ്യോഗിക കണക്ക്. അമ്പതിനായിരത്തോളം പേര്‍ ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് ഡെറാഡൂണില്‍ അവലോകന യോഗത്തിന് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 34,000 ത്തോളം പേരെ രക്ഷപ്പെടുത്തി. മരണനിരക്ക് ഇനിയുമുയര്‍ന്നേക്കാമെന്ന് ആശങ്കപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ഹരിദ്വാറില്‍ നിന്ന് നാല്‍പ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ 40 ഹെലിക്കോപ്റ്ററുകള്‍ രംഗത്തുണ്ട്. കേദാര്‍നാഥില്‍ 250 ഉം ബദരിനാഥില്‍ 9000 ഉം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഒരു സ്വകാര്യ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു. പൈലറ്റിനെ സൈന്യം രക്ഷിച്ചു. ഒറ്റപ്പെട്ട പല ഭാഗത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല.
മന്ദാകിനി നദി കരകവിഞ്ഞൊഴുകിയതോടെ 200 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 400 റോഡുകളും 21 പാലങ്ങളും അതിശക്തമായ വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. 300ഓളം കെട്ടിടങ്ങളാണ് പൂര്‍ണമായി തകര്‍ന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് സംസ്ഥാന കൃഷി മന്ത്രി ഹരക് സിംഗ് റാവത്ത് പ്രളയത്തെ വിശേഷിപ്പിച്ചത്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കേദാര്‍നാഥ് പൂര്‍വസ്ഥിതിയിലെത്താന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലുമെടുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ആയിരങ്ങളെ കാണാതായിട്ടുണ്ട്.
വെള്ളം താണ്ഡവമാടി ചെളിയില്‍ മുക്കിയ കേദാര്‍നാഥിലെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. വെള്ളം കുത്തിയൊലിച്ച് ഭൂപ്രദേശം തന്നെ പലയിടങ്ങളിലും ഇല്ലാതായ നിലയിലാണ്. ചെറുഗ്രാമങ്ങള്‍ പലതും തുടച്ചുനീക്കപ്പെട്ടു. കേദാര്‍നാഥിലെയും സമീപപ്രദേശങ്ങളിലെയും മരണസംഖ്യ അധികൃതര്‍ പറയുന്നതിലും വലുതാണെന്ന് ഗ്രാമത്തില്‍ അവശേഷിക്കുന്നവര്‍ പറയുന്നു.
ഹിമാചല്‍ പ്രദേശില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മഴ ഏറ്റവും കൂടുതല്‍ ബാധിച്ച കിന്നൗര്‍ ജില്ലയില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകള്‍ രംഗത്തുണ്ട്. ഉള്‍പ്രദേശങ്ങളായ പൂഹ്, നാകോ, കാസ എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ അകപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. 550 പേരെ സൈന്യം ഹെലിക്കോപ്റ്ററുകളില്‍ ഇതിനകം രക്ഷിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ടിബറ്റ് ദേശീയ പാതയില്‍ റോഡ് തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 14 പേരാണ് മരിച്ചത്.
ഉത്തര്‍പ്രദേശില്‍ ഗംഗ, ശാരദ നദികള്‍ അപകടകരാംവിധം കരകവിഞ്ഞ് ഒഴുകുകയാണ്. പ്രളയം ബാധിച്ച 13 ജില്ലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
***

Latest