Connect with us

Eranakulam

ഐ എന്‍ എസ് വെണ്ടുരുത്തി 70 ന്റെ നിറവില്‍

Published

|

Last Updated

കൊച്ചി: നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്തെ ഐഎന്‍ എസ് വെണ്ടുരുത്തി ഇന്നലെ എഴുപതാം വാര്‍ഷികം ആഘോഷിച്ചു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് 1939 ആഗസ്റ്റ് 31 നാണ് റോയല്‍ ഇന്ത്യന്‍ നേവി ഓഫീസറുടെ കീഴില്‍ കൊച്ചി നേവല്‍ ബേസ് യൂനിറ്റ് നിലവില്‍ വന്നത്. തുറമുഖത്തിന്റെ വയലര്‍ലെസ് സ്‌റ്റേഷന്‍, മറ്റ് പരിശോധനകള്‍ക്കുള്ള കേന്ദ്രം എന്നിവയാണ് തുടക്കത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് എച്ച് ഐ എം എസ് വെണ്ടുരുത്തി എന്ന പേരില്‍ 1943 ജൂണ്‍ മാസം 23 ന് പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിച്ച നാവിക കേന്ദ്രത്തെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഐ എന്‍ എസ് വെണ്ടുരുത്തി എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
ദക്ഷിണ മേഖലാ നാവിക ആസ്ഥാനം ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. ദക്ഷിണ സൈനിക ഓഫീസുകള്‍, കപ്പലുകള്‍, വ്യോമത്താവളം, അറ്റകുറ്റപ്പണികള്‍ക്കുള്ള യാര്‍ഡുകള്‍, ആശുപത്രി, ഷോപ്പിംഗ് കോംപ്ലക്‌സ്, പ്രൊഫഷനല്‍ സ്‌കൂളുകള്‍ എന്നിവ നാവിക ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നാവികസേനാ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഐ എന്‍ എസ് വെണ്ടുരുത്തി കമാന്‍ഡിംഗ് ഓഫീസര്‍ കോമഡോര്‍ എം ആര്‍ അജയ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.