Connect with us

Malappuram

കടലുണ്ടി ട്രെയിന്‍ ദുരന്തത്തിന് ഇന്ന് 12 വയസ്; ദുരന്ത സ്മരണയില്‍ ഇക്കുറിയും ചെമ്പിയെത്തും

Published

|

Last Updated

വള്ളിക്കുന്ന്: കടലുണ്ടി ട്രെയിന്‍ ദുരന്തം നടന്നിട്ട് ഇന്ന് 12 വര്‍ഷം പിന്നിടുന്നു. 2001 ജൂണ്‍ 22നാണ് നാടിനെ നടുക്കിയ കടലുണ്ടി ട്രെയിന്‍ ദുരന്തം ഉണ്ടായത്. വൈകുന്നേരം 5.30ഓടെ മംഗലാപുരം-മദ്രാസ് മെയില്‍ കടലുണ്ടിപ്പുഴയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വര്‍ഷങ്ങള്‍ 12 കഴിഞ്ഞിട്ടും അപകട കാരണം കണ്ടെത്താന്‍കഴിയാതെ റെയില്‍വേ ഇരുട്ടില്‍ തപ്പുകയാണ്.
52 പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് സാരമായി പരുക്കേല്‍ക്കാനും കാരണമായ ദുരന്തം പന്ത്രണ്ടാണ്ടുകള്‍ പിന്നിട്ടിട്ടും ഒരു നടുക്കമായി അവശേഷിക്കുകയാണ്. ബോഗികളില്‍ അകപ്പെട്ട് മരണത്തോട് മല്ലടിച്ച് കഴിഞ്ഞിരുന്ന യാത്രക്കാരെ ബോഗി വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.
ഇതു കാരണം സാരമായി മുറിവേറ്റ് പലരും രക്ഷപ്പെടുകയായിരുന്നു. പാലത്തിന്റെ തൂണിന്റെ കാലപ്പഴക്കമാണെന്ന് അന്വേഷണം നടത്തിയ ഡോ.ഗംഗാധരന്റെ നേതൃത്വത്തിലുള്ള ജനകീയ അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു. കടലുണ്ടി ദുരന്തത്തിന് സ്മാരകം നിര്‍മിക്കുമെന്ന റെയില്‍വേയുടെ വാഗ്ദാനം പൂവണിഞ്ഞില്ല. ഗ്രാമപഞ്ചായത്തിന്റെയും ഹീറോസ് പൗരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തി വന്നിരുന്ന അനുസ്മരണ പരിപാടി ഇപ്പോള്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ വെറും ഒരു ചടങ്ങായിട്ടാണ് നടന്നു വരുന്നത്.
ദുരന്തത്തില്‍ മരണമടഞ്ഞ എടപ്പാളിലെ മണികണ്ഠന്റെ മാതാവ് ചെമ്പി എല്ലാ വര്‍ഷവും മകന്റെ തുടിക്കുന്ന ഓര്‍മയുമായി എത്താറുണ്ട്. ഈ വര്‍ഷവും മകന്റെ ഓര്‍മയില്‍ വൃദ്ധമാതാവ് എത്തിച്ചേരും. മരിച്ചവരുടെ ഓര്‍മയില്‍ താത്കാലികമായി സ്ഥാപിക്കുന്ന സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ചെമ്പി തിരിച്ചു പോകും.

---- facebook comment plugin here -----

Latest