Connect with us

Malappuram

പണ്ഡിത ദര്‍സ് ആറാം വാര്‍ഷികം; പഠന പര്യടനം ഇന്നും നാളെയും

Published

|

Last Updated

മലപ്പുറം: സോണല്‍ എസ് വൈ എസിന് കീഴില്‍ വെള്ളിയാഴ്ചകളില്‍ കോട്ടപ്പടി സുന്നി മസ്ജിദില്‍ സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ നടത്തി വരുന്ന ഫത്ഹുല്‍ മുഈന്‍ പണ്ഡിത ദര്‍സിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഠന പര്യടനം ഇന്നും നാളെയും നടക്കും. തിരഞ്ഞെടുക്കപ്പെട്ട പണ്ഡിതരാണ് പഠന പര്യടനത്തിലുണ്ടാവുക. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള ഉസ്താദിന്റെ നേതൃത്വത്തിലാണ് യാത്ര.

ഇന്ന് രാവിലെ ആറു മണിക്ക് മലപ്പുറം ശുഹദാക്കളുടെ മഖ്ബറ സിയാറത്തോടെ യാത്ര ആരംഭിക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സൃഷ്ടിപ്പിനും മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ ധീര ദേശഭിമാനികളും ഇസ്‌ലാമിക നവോത്ഥാന നായകരും സൂഫി വര്യരുമായ നിരവധി വ്യക്തിത്വങ്ങളെയും അവരുടെ സ്മാരകങ്ങളെയും ഗവേഷണ വിധേയമാക്കുന്നതിനാണ് പര്യടനം.
ഇന്ന് പെരിമ്പലം, വണ്ടൂര്‍, ഇരിമ്പാലശ്ശേരി, കോക്കൂര്‍ പുത്തന്‍പള്ളി, വെളിയങ്കോട്, പൊന്നാനി, പുറങ്ങ്, തിരൂര്‍, താനൂര്‍ എന്നീ പര്യടനങ്ങള്‍ക്ക് ശേഷം ഓമച്ചപ്പുഴയില്‍ സമാപിക്കും. പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാരുടെ സ്മൃതി പഥത്തില്‍ നിന്നാരംഭിക്കുന്ന രണ്ടാംദിന പര്യടനം കടലുണ്ടി നഗരം, ചാലിയം, കോഴിക്കോട്, കാപ്പാട്, കുഞ്ഞിപ്പള്ളി, ചൊക്ലി, മോന്താല്‍, പയ്യോളി, പറമ്പില്‍ ബസാര്‍, മമ്പുറം, കൈപ്പറ്റ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് ഒതുക്കുങ്ങലില്‍ സമാപിക്കും. സോണല്‍ എസ് വൈ എസിന് കീഴില്‍ പണ്ഡിത ദര്‍സിന്റെ ഭാഗമായി നടക്കുന്ന എക്‌സലന്‍സി മീറ്റ് 26ന് പത്ത് മണിക്ക് കോട്ടക്കുന്ന് ഡി ടി പി സി ഹാളിലും 30ന് രാവിലെ ഒമ്പത് മണി മുതല്‍ രണ്ട് മണി വരെ നടക്കുന്ന ആയിരം പണ്ഡിതര്‍ പങ്കെടുക്കുന്ന പണ്ഡിത സമ്മേളനം മഅ്ദിന്‍ ഓഡിറ്റോറിയത്തിലും നടക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ എസ് വൈ എസ് മലപ്പുറം സോണല്‍ പ്രസിഡന്റ് പി ഇബ്‌റാഹിം ബാഖവി അധ്യക്ഷത വഹിച്ചു. മുജീബ് വടക്കേമണ്ണ സുബൈര്‍ കോഡൂര്‍, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പൊന്മള, ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, അബ്ദുനാസിര്‍ സഖാഫി പൊന്മള, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, മുഹമ്മദലി മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍, മുഹമ്മദ് സഖാഫി പറവൂര്‍, സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, പി ഇബ്‌റാഹിം ബാഖവി പങ്കെടുത്തു.