Connect with us

Articles

സി ഹൈദര്‍ ഹാജി - നിസ്വാര്‍ഥമായ ജീവിതം

Published

|

Last Updated

വേര്‍പാടുകള്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ‘വികാരം’ വിവരണാതീതമാണ്. സ്‌നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിത വഴിത്താരയില്‍ ആത്മധൈര്യവും ആത്മാര്‍ഥ പിന്തുണയും നല്‍കിയവരുടെ വേര്‍പാട് പറഞ്ഞറിയിക്കാനാകാത്ത വേദനയായി നമ്മെ പിന്തുടരുക തന്നെ ചെയ്യും. മര്‍ഹൂം സി ഹൈദര്‍ ഹാജിയുടെ വിയോഗ സ്മരണയിലൂടെ എന്നില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് അദ്ദേഹം സൃഷ്ടിച്ചു വെച്ച ആത്മബന്ധവും സൗഹൃദവുമാണ്.

പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സി ഹൈദര്‍ ഹാജി സൂചിപ്പിക്കുന്ന നയനിലപാടുകള്‍ അവസരോചിതമായിരുന്നു. സാഹചര്യത്തിനൊത്ത് സാന്ദര്‍ഭികമായി ചില ഇടപെടലുകള്‍ എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്.
സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ഹൈദര്‍ ഹാജിയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നത്. അത് അദ്ദേഹത്തിന്റെ മരണം വരെയും തുടര്‍ന്നു. പണ്ഡിതര്‍ക്കൊപ്പം നടന്ന് പ്രസ്ഥാന പ്രവര്‍ത്തനവും അഹ്‌ലുസ്സുന്നയുടെ ആശയാദര്‍ശങ്ങളും പഠിച്ചെടുത്ത നിസ്വാര്‍ഥ പ്രവര്‍ത്തകനായിരുന്നു ഹൈദര്‍ ഹാജി. ‘മികച്ച നയതന്ത്രം; അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിഗുണം. പ്രസാദാത്മക മുഖ ഭാവത്തോടെയുള്ള സമീപനം. ശത്രുവിനെ പോലും മിത്രമാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സവിശേഷമായ ഈ ഗുണവും നയചാതുരിയുമാണ് അദ്ദേഹത്തെ സമസ്ത 60 ാം വാര്‍ഷിക സമ്മേളത്തിന്റെ സപ്ലിമെന്റ്/പബ്ലിസിറ്റി സമിതിയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണം. 60-ാം വാര്‍ഷിക സമ്മേളനം പൊതു ജനങ്ങളിലേക്കെത്തിക്കാന്‍ അന്ന് ഹൈദര്‍ ഹാജിയുടെ പ്രവര്‍ത്തനം ഏറെ ഗുണകരമായി. പത്രങ്ങളെല്ലാം പ്രാധാന്യത്തോടെ സമ്മേളനം അവലോകനം ചെയ്തു. ഇന്നും ആ പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖമാണ് മനസ്സില്‍ തെളിയുന്നത്. കേവലം വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊടുക്കലും പത്ര ഓഫീസുകളുമായുള്ള ബന്ധം സ്ഥാപിക്കലും മാത്രമായിരുന്നില്ല ഹൈദര്‍ ഹാജി ചെയ്തിരുന്നത്. പ്രസ്ഥാനത്തിന്റെ നയവും നിലപാടും സാമൂഹിക മേഖലയില്‍ എന്തായിരിക്കണമെന്ന കാഴ്ചപ്പാടും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പ്രഗത്ഭരായ പണ്ഡിതന്‍മാരോടൊപ്പം സഹവസിക്കാനും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് പെരുമാറാനും അദ്ദേഹത്തിന് കഴിഞ്ഞു. ഈ സമ്പര്‍ക്കവും സമീപനവുമാണ് ഹൈദര്‍ ഹാജിയുടെ ജീവിത ഗുണത്തിനും ആത്മീയ അഭിവൃദ്ധിക്കും നിമിത്തമായത്.
പ്രതിസന്ധികള്‍ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് ഹൈദര്‍ ഹാജി പ്രസ്ഥാനത്തോടൊപ്പം അതിന്റെ ‘ശബ്ദമായി നിലയുറപ്പിച്ചത്. വാര്‍ത്തകള്‍ക്ക് ആകാശവാണി മാത്രം മുഖ്യമായി ആശ്രയിച്ചിരുന്ന കാലത്ത് സംഘടനയുടെ ‘ശബ്ദം’ ആകാശവാണിയിലൂടെ നിരന്തരം വന്നു കൊണ്ടിരുന്നത് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ നിമിത്തമായിരുന്നു.
മത പ്രശ്‌നമായിരുന്നാലും രാഷ്ട്രീയ വിഷയമായാലും അവസരോചിത ഇടപെടലുകള്‍ അദ്ദേഹം നടത്തി. പത്രങ്ങളില്‍ അതിനനുസരിച്ച് പ്രതികരണങ്ങളും വാര്‍ത്തകളും കൊടുത്തു. ചരിത്ര പ്രസിദ്ധമായ എറണാകുളം സമ്മേളനത്തിന് വലിയ തോതില്‍ വാര്‍ത്താപ്രാധാന്യം ലഭിച്ചതിന്റെ പിന്നില്‍ ഹൈദര്‍ ഹാജിയുടെ ഇടപെടലായിരുന്നു. ആ ഘട്ടമെല്ലാം ഇന്നും ഞാനോര്‍ക്കുന്നു. അദ്ദേഹം മുഴുസമയവും ജീവിച്ചത് മര്‍കസിനൊപ്പമായിരുന്നു. മര്‍കസിന്റെ വളര്‍ച്ചയില്‍ നിസ്സീമമായ സംഭാവനകള്‍ നല്‍കിയാണദ്ദേഹം വിടപറഞ്ഞത്.
ഒരു സത്യവിശ്വാസിയിലുണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും മേളിച്ച വ്യക്തിയായിരുന്നു. ഇതിന് കാരണം പണ്ഡിതന്‍മാരുമൊത്തുള്ള സഹവാസവും അദ്ദേഹം ജനിച്ചുവളര്‍ന്ന സാഹചര്യവുമാണ്. സ്വന്തം നാട്ടിലും പരിസര പ്രദേശങ്ങളിലുമെല്ലാം തന്നെക്കൊണ്ടു കഴിയുന്ന സേവനങ്ങളൊക്കെ ചെയ്യാന്‍ അദ്ദേഹം തയ്യാറായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ സഹായ ഹസ്തം സ്വീകരിക്കാത്ത പാവങ്ങള്‍ പന്നൂരിലും പരിസര പ്രദേശങ്ങളിലുമില്ല. സ്വന്തം റിലീഫ് സംഘടന നടത്തിയാണ് അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ നേതൃത്വം നല്‍കിയിരുന്നത്.
അദ്ദേഹത്തിന്റെ പിതാവ് പ്രസിദ്ധ പണ്ഡിതനും നിസ്വാര്‍ഥ വ്യക്തിയുമായ ചാലില്‍ കുഞ്ഞു ബാവ മുസ്‌ലിയാരായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തില്‍ അഗാധ പരിജ്ഞാനമുണ്ടായരുന്ന, സൂക്ഷ്മ ജീവിതം നയിച്ചിരുന്ന പിതാവിന്റെ ശിക്ഷണവും പണ്ഡിത പാരമ്പര്യവുമാണ് ഹൈദര്‍ ഹാജിയെ ഉന്നതനാക്കിയത്.
മര്‍കസിന്റെ ശബ്ദമായി ജീവിച്ച അദ്ദേഹം സമുന്നതരായ പണ്ഡിത ശ്രേഷ്ഠന്‍മാര്‍ക്കെല്ലാം സുപരിചിതനാണ്. പ്രവാചകന്‍ പറഞ്ഞ വ്യക്തിത്വ ഗുണങ്ങളില്‍ ഏറ്റവും പ്രധാനമായ ‘സഹായ മനഃസ്ഥിതിയും വിശ്വാസവും ഹൈദര്‍ ഹാജിയുടെ ജീവിതത്തെ പ്രശോഭനമാക്കി… ആ ഗുണങ്ങളാണ് അദ്ദേഹത്തെ പത്രലോകത്തിനു കൂടി പ്രിയങ്കരനാക്കി മാറ്റിയത്. “ഞാന്‍ മരണപ്പെട്ടാല്‍ ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കണം.”” ഒരു യാത്രയില്‍ നിറ കണ്ണുകളോടെ അദ്ദേഹം തമാശ രൂപത്തില്‍ പറഞ്ഞു. ആ വാക്ക് അന്വര്‍ത്ഥമായി…. ശഅബാന്‍ പതിമൂന്നിന് ആ ശബ്ദം നിലച്ചു.
അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ശോഭനമാക്കട്ടെ.