Connect with us

Gulf

ഇന്ത്യന്‍ രൂപയുടെ മൂല്യം ഹൃസ്വകാലത്തേക്ക് ഇനിയും കുറയാം: സജീവ് കൃഷ്ണന്‍

Published

|

Last Updated

ദുബൈ:

അമേരിക്കന്‍ സമ്പത്‌വ്യവസ്ഥ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇനിയും കുറഞ്ഞേക്കാമെന്ന് എസ് ബി ടി ചീഫ് ജനറല്‍ മാനേജര്‍ സജീവ് കൃഷ്ണന്‍ വ്യക്തമാക്കി. എസ് ബി ടിയുടെ സാങ്കേതിക സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സിറ്റി എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്.
ഇന്ത്യയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നത് തുടരുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയിരിക്കുന്നത്. അമേരിക്കന്‍ സമ്പത്‌വ്യവസ്ഥ വളര്‍ച്ചയുടെ ദിശയിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലിലാണ് നിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യയില്‍ നിന്നും പണം പിന്‍വലിക്കുന്നത്. ഈ പ്രവണത ഹ്രസ്വകാലത്തേക്ക് തുടര്‍ന്നേക്കാം. ആയിരം ഇന്ത്യന്‍ രൂപക്ക് 61 ദിര്‍ഹം എന്ന തോതിലേക്കും താഴാം. എന്നാല്‍ ദീര്‍ഘകാലത്തേക്ക് രൂപക്ക് വലിയ ഭീഷണി ഉണ്ടാവില്ലെന്നാണ് മനസ്സിലാക്കുന്നത്. ഹ്രസ്വകാലത്തേക്കുള്ള ഈ ചാഞ്ചാട്ടം ഡിസംബര്‍ വരെ തുടരാനാണ് സാധ്യത. അടുത്ത രണ്ട് മൂന്ന് മാസങ്ങളിലും രൂപക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു എ ഇ യും ഒമാനും ഉള്‍പ്പെട്ട ഗള്‍ഫ് മേഖലയില്‍ നിന്നും രൂപയുടെ മൂല്യം ഇടിയുന്നതിന് മുമ്പ് ദിനേന 125 കോടി രൂപ വീതമാണ് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ വഴി എത്തിയതെങ്കില്‍ നിലവില്‍ ഇത് 300 കോടിയായി വര്‍ധിച്ചിരിക്കയാണ്. എസ് ബി ടിയുടെ നിക്ഷേപത്തിന്റെ 22 ശതമാനവും ലോകത്താകമാനമുള്ള എന്‍ ആര്‍ ഐക്കാരില്‍ നിന്നുള്ളതാണ്. 19,300 കോടിയോളം രൂപ വരുമിത്. എസ് ബി ടിക്ക് 759 ശാഖകള്‍ വിവിധ ഇടങ്ങളിലായി ഉണ്ടെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനമാണ് ബേങ്ക് നല്‍കിവരുന്നതെന്നും സജീവ് അവകാശപ്പെട്ടു. നിലവില്‍ 13,000 ജീവനക്കാരാണുള്ളത്. 3,000 പേരെ പുതുതായി റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതോടെ ബേങ്കിന് ആവശ്യത്തിനുള്ള വര്‍ക്ക് ഫോഴ്‌സ് ആവും. സുരക്ഷാ പ്രശ്‌നങ്ങളാണ് ഇ മെയില്‍ സര്‍വീസ് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്.
ഇന്റര്‍നെറ്റ് ബേങ്കിംഗ് പ്രോത്സാഹിപ്പിക്കുകയെന്ന നയമാണ് ബേങ്കിനുള്ളത്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇത് പൂര്‍ത്തിയാവുന്നതോടെ നെറ്റ് ബേങ്കിംഗിലേക്ക് കുറെ ആളുകള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ അല്‍ ഐനില്‍ ഇതിനുള്ള പരിശീലനം ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. അബുദാബിയിലും മറ്റും പരിശീലന പരിപാടി പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ എളുപ്പത്തിലും പൂര്‍ണ സുരക്ഷയിലും ഇടപാടുകള്‍ സാധ്യമാക്കുന്നുവെന്നതാണ് ഇന്റര്‍നെറ്റ് ബേങ്കിംഗിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചുവരുന്ന എന്‍ ആര്‍ ഐക്കാരെ ലക്ഷ്യം വെച്ച് വിവിധ ചെറുകിട വ്യവസായ പദ്ധതികള്‍ക്കായി 15 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ അനുവദിക്കുന്നതായി എസ് ബി ടി, എന്‍ ആര്‍ ഐ വിഭാഗം ജനറല്‍ മാനേജര്‍ മദന്‍ മോഹന്‍ വ്യക്തമാക്കി. 13 ശതമാനമാണ് ഇതിനുള്ള പലിശ നിരക്ക്. വായ്പാ തുകയില്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് സബ്‌സിഡിയും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest