Connect with us

Gulf

റമസാന്‍ ഉംറ: ചിലവ് ഗണ്യമായി വര്‍ധിക്കും

Published

|

Last Updated

അബുദാബി:

റമസാന്‍ ആഗതമാകുന്നതോടെ ഉംറക്കും സിയാറത്തിനുമായി വിശുദ്ധ നാടുകളിലേക്കുള്ള യാത്രക്കാരുടെ അപേക്ഷകളില്‍ വന്‍ വര്‍ധന. മക്ക ഹറമിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ എണ്ണം കുറക്കാന്‍ സഊദി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് അനുഭവപ്പെടുന്നതായി ഉംറ സേവന കേന്ദ്രങ്ങള്‍ കണക്കുകള്‍ ഉദ്ധരിച്ച് പറയുന്നു.
തീര്‍ഥാടകരുടെ വര്‍ധനവും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വിശുദ്ധ ഭൂമിയില്‍ താമസ സൗകര്യങ്ങളുടെ അപര്യാപ്തതയും റമസാനിലെ ഉംറ യാത്രക്ക് ചെലവ് ഗണ്യമായി കൂടാന്‍ കാരണമാകും. പ്രത്യേകിച്ചും റമസാന്‍ അവസാന നാളുകളില്‍. തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍ മുറികളുടെ വാടകയില്‍ വരുന്ന വര്‍ധനവാണ് ഇതിനു കാരണം.
റമസാന്‍ അവസാന നാളുകളില്‍ ഹറമിനോട് ചേര്‍ന്ന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഒരു ദിവസത്തേക്ക് 38,000 റിയാല്‍ വരെ വാടക വരുമെന്ന് ഉംറ സേവനം നല്‍കുന്ന അബുദാബിയിലെ ഒരു ഓഫീസ് മാനേജര്‍ പറഞ്ഞു. തീര്‍ഥാടകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉംറ വിസയുടെ കാലാവധി 15 ദിവസമാക്കി കുറച്ചിരുന്നു. നേരത്തെ ഇത് ഒരു മാസമായിരുന്നു. റമസാന്‍ തീര്‍ഥാടനം ഉദ്ദേശിക്കുന്നവരുടെ അപേക്ഷ സഊദി കോണ്‍സുലേറ്റ് സ്വീകരിക്കുന്നത് ഈ വര്‍ഷം നേരത്തെ നിര്‍ത്തിവെക്കും. ഹജ്ജ്-ഉംറ സര്‍വീസ് ഏജന്‍സികള്‍ക്ക് സഊദി അധികൃതര്‍ അനുവദിച്ചിരുന്ന ക്വാട്ടയില്‍ 50 ശതമാനത്തിന്റെ കുറവും വരുത്തിയിട്ടുണ്ട്. മക്ക ഹറമില്‍ നടന്നുവരുന്ന സമ്പൂര്‍ണ വികസന പ്രവര്‍ത്തനങ്ങള്‍ കാരണമാണിത്.
അടുത്ത രണ്ടു വര്‍ഷം വരെയെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് ഹറം വികസന ജോലികള്‍ക്ക് നേതൃത്വം നല്‍കുന്ന എഞ്ചിനീയര്‍മാരില്‍ ഒരാളായ തിരുവനന്തപുരം സ്വദേശി നജീം ഹനീഫ പറഞ്ഞു.

 

Latest