Connect with us

Gulf

രാജ്യത്ത് വ്യാപക ബോധവത്കരണ പരിപാടികള്‍

Published

|

Last Updated

ദുബൈ: ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് രാജ്യത്ത് വ്യാപകമായ വിവിധ ബോധവത്കരണ പരിപാടികള്‍ നടക്കും. ലഹരിക്കടിമപ്പെട്ടവരെയും രക്ഷാകര്‍ത്താക്കളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും ബോധവത്കരണത്തില്‍ ഉള്‍പ്പെടുത്തും. സ്‌പോര്‍ട്‌സ്, സോഷ്യല്‍ ക്ലബ്ബുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തും.

ദുബൈ പോലീസിലെ ലഹരി വിരുദ്ധ വിഭാഗമാണ് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പയിന് നേതൃത്വം നല്‍ക്കുക. ചെറുപ്പക്കാര്‍ ലഹരിക്കടിമപ്പെടാന്‍ കാരണമാകുന്ന സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് ചികിത്സ നല്‍കാന്‍ സംവിധാനമൊരുക്കും. ലഹരിക്കടിമകളായവരെ ചികിത്സിച്ച് ഈ ദുശീലത്തില്‍ നിന്ന് പൂര്‍ണമായി പിന്തിരിപ്പിക്കാനുതകുന്ന ഡീഅഡിക്ഷന്‍ സെന്ററുകള്‍ ദുബൈ പോലീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ആളുകള്‍ സ്വമേധയാ പോലീസിനെ സമീപിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പോലീസിന്റെ ബോധവത്കരണ പരിപാടികള്‍ നടക്കുന്നത്. കൗമാരത്തിലുള്ള തലമുറ പെട്ടെന്ന് ഇത്തരം ദുശ്ശീലങ്ങളില്‍ അകപ്പെട്ടുപോകുന്നുവെന്നതാണ് കാരണം. മോശമായ കൂട്ടുകെട്ട്, കുടുംബത്തിലെ അസ്ഥിരത, മാതൃ-പിതൃ തര്‍ക്കങ്ങള്‍ എന്നിവയൊക്കെ ലഹരിപോലുള്ള അപകടകരമായ ശീലങ്ങളിലേക്ക് കുട്ടികളെ എത്തിക്കും.
അതുകൊണ്ടുതന്നെ രക്ഷിതാക്കളിലും ബോധവത്കരണം അനിവാര്യമാണെന്ന് ദുബൈ പോലീസിലെ ലഹരിവിരുദ്ധ വിഭാഗം തലവന്‍ കേണല്‍ അബ്ദുല്‍ ജലീല്‍ അല്‍ അസ്മാവി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പോലീസിലെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ 13 കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിക്കെതിരെ മാതാവ് നല്‍കിയ പരാതി ശ്രദ്ധേയമായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് ഞെട്ടലോടെയാണ് തന്റെ മകന്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരം അറിയുന്നത്. ഉടന്‍ പോലീസില്‍ അറിയിച്ചു. കുട്ടിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ തന്റെ അതേ സ്‌കൂളില്‍ പഠിക്കുന്ന മുതിര്‍ന്ന കുട്ടി മുഖേനയാണ് തനിക്ക് മയക്കു ഗുളിക ലഭിച്ചിരുന്നതെന്ന് വെളിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest