Connect with us

Ongoing News

ഇസ്രത്ത് വ്യാജ ഏറ്റമുട്ടല്‍ മോഡിയുടെ അറിവോടെയെന്ന് സി ബി ഐ

Published

|

Last Updated

അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടലില്‍ ഇശ്‌റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ബന്ധമുണ്ടെന്ന് കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ സംഘത്തിന്റെ കണ്ടെത്തല്‍. വധ ഗൂഢാലോചനയെ കുറിച്ച് നരേന്ദ്ര മോഡിക്കും അദ്ദേഹത്തിന്റെ വിശ്വസ്തനും മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്കും വിവരമുണ്ടായിരുന്നുവെന്ന് സി ബി ഐ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഏറ്റുമുട്ടല്‍ നടക്കുന്നതിന് മുമ്പ് ഡി ഐ ജി വന്‍സാരയുമായി നരേന്ദ്ര മോഡി ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ സി ബി ഐക്ക് ലഭിച്ചിട്ടുണ്ട്.
അഹമ്മദാബാദിലെ ഗാന്ധിനഗറില്‍ 2004 ജൂണ്‍ 15നാണ് ഇശ്‌റത്ത് ജഹാന്‍, മലയാളിയായ ആലപ്പുഴ സ്വദേശി ജാവേദ് ശൈഖ്, അംജദ് അക്ബറലി റാണ, സഹീര്‍ ജൗഹര്‍ എന്നിവരെ ലശ്കര്‍ ഭീകരരെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ഭീകരരെ വെടിവെച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ഗുജറാത്ത് ക്രൈം ബ്രാഞ്ച് പോലീസിന്റെ അവകാശ വാദം. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിലെ ഉന്നതര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സി ബി ഐ നിരത്തുന്നുണ്ട്. ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശ പ്രകാരം ജൂലൈ നാലിനാണ് മേല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇശ്‌റത്തും ജാവേദും മൂന്ന് ദിവസം മുമ്പും സഹീര്‍ ജൗഹര്‍ 48 ദിവസം മുമ്പും അംജദ് അലി 14 ദിവസം മുമ്പും പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നു.
കേന്ദ്ര ഇന്റലിജന്‍സ് സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രജീന്ദര്‍ കുമാറിനെ സി ബി ഐ പ്രതിചേര്‍ത്തിട്ടുണ്ട്. സാക്ഷിമൊഴികളും പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളും രേഖകളും ഇലക്‌ട്രോണിക് തെളിവുകളും സി ബി ഐക്ക് ലഭിച്ചിട്ടുണ്ട്. സി ബി ഐയെ സംബന്ധിച്ചിടത്തോളം അമിത് ഷായും രാജീന്ദര്‍ കുമാറുമാണ് മുഖ്യ ഗൂഢാലോചകര്‍. കൊല നടത്താന്‍ തെറ്റായ ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് മാത്രമല്ല, ഇശ്‌റത്തിനെയും മറ്റുള്ളവരെയും മുന്‍കൂറായി കസ്റ്റഡിയില്‍ കിട്ടാന്‍ സാഹചര്യമൊരുക്കുകയും തീവ്രവാദികളെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹങ്ങളില്‍ വെച്ച എ കെ 47 തോക്ക് സംഘടിപ്പിച്ച് നല്‍കിയതും രജീന്ദര്‍ കുമാറാണെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. സാദിഖ് ജമാല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും പ്രതിയാണ് രജീന്ദര്‍. കുറ്റപത്രം സമര്‍പ്പിച്ച ശേഷം സി ബിഐ രജീന്ദര്‍ കുമാറിനെ അറസ്റ്റ് ചെയ്യുമെന്നാണറിയുന്നത്. അടുത്ത മാസം 31നാണ് രജീന്ദര്‍ കുമാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയും മോഡിയുടെ വലംകൈയുമായ അമിത് ഷായുമായും ഡി ഐ ജി വന്‍സാര വ്യാജ ഏറ്റുമുട്ടലിനു മുമ്പും ശേഷവും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്.
മോഡിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും പോലീസിന്റെ ജാഗ്രത തെളിയിക്കുന്നതിനും വേണ്ടി ഈ ഏറ്റുമുട്ടല്‍ ഗുജറാത്ത് പോലീസ് ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് കണ്ടെത്തിയത്.
അന്വേഷണത്തില്‍ ഗുജറാത്ത് പോലീസിലെ ക്രൈം റെക്കോഡ്‌സ് ബ്യൂറോ സൂപ്രണ്ടായിരുന്ന ജി എല്‍ സിംഘലിനെ നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.
അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡിക്കും പാര്‍ട്ടിക്കും കനത്ത തിരിച്ചടി നല്‍കുന്നതാണ് വ്യാജ ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന് പങ്ക് വ്യക്തമാക്കുന്ന സി ബി ഐ റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest