Connect with us

Kasargod

മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് തകരാറിലായിട്ട് ഒരു മാസം

Published

|

Last Updated

തലശ്ശേരി: അഞ്ച് നിലകളിലായി പതിനഞ്ചോളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തത് പൊതുജനത്തെയും ഉദ്യോഗസ്ഥരെയും ഒരുപോലെ പ്രയാസപ്പെടുത്തുന്നു. ആവലാതികള്‍ കുന്നുകൂടിയിട്ടും കഴിഞ്ഞ ഒരു മാസമായി നിശ്ചലമായ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നുമില്ല. വാര്‍ഷിക അറ്റകുറ്റപണി നടത്താനുള്ള കരാര്‍ സംഖ്യ നല്‍കാത്തതിനാലാണ് തകരാര്‍ പരിഹരിക്കാന്‍ ലിഫ്റ്റ് സ്ഥാപിച്ച കോഴിക്കോട്ടെ സ്ഥാപനം വിമുഖത കാട്ടുന്നതെന്നറിയുന്നു. മിനി സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നഗരത്തിലെ സുപ്രധാന ഓഫീസുകള്‍ മിക്കതും മിനി സിവില്‍ സ്റ്റേഷനിലെ നാലും അഞ്ചും നിലകളിലാണുള്ളത്. നാലാമത്തെ നിലയിലുള്ള വിദ്യാഭ്യാസ ഓഫീസില്‍ സ്‌കൂളുകള്‍ തുറന്നതോടെ വിവിധാവശ്യങ്ങള്‍ക്കായി വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും മാനേജ്‌മെന്റുകാരും ഉള്‍പ്പെടെ നിരവധി പേരാണ് വിവിധാവശ്യങ്ങളുമായെത്തുന്നത്. ഇവരില്‍ സ്ത്രീകളും പ്രായം ചെന്നവരുമാണ് മുകളിലേക്കുള്ള ഗോവണിപടികള്‍ കയറിയിറങ്ങാന്‍ ഏറെ പ്രയാസപ്പെടുന്നത്. അഞ്ചാം നിലയിലുള്ള ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസിലെത്തിപ്പെടാനാണ് ഏറെ സാഹസം. ഇവിടെ പൊതുജനങ്ങളോടൊപ്പം ഉദ്യോഗസ്ഥരില്‍ ചിലരും തീരാദുരിതം പേറുകയാണ്.

2008ലാണ് മിനി സിവില്‍ സ്റ്റേഷന്‍ നാടിനായി തുറന്ന് നല്‍കിയത്. തത്സമയം തന്നെ ലിഫ്റ്റ് ഘടിപ്പിച്ചിരുന്നെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞാണ് സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങിയത്. അതും ലക്ഷങ്ങള്‍ മുടക്കി പുതിയ ജനറേറ്റര്‍ സ്ഥാപിച്ചതിന് ശേഷം. കോഴിക്കോട്ടെ ഒമേഗ കമ്പനിയുമായാണ് കരാര്‍. ഇതിനായി പി ഡബ്ല്യു ഡി, കെ എസ് ഇ ബി വകുപ്പ് പണമടക്കണം. ഇതില്‍ വീഴ്ച വന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുള്ളത്.

 

Latest