Connect with us

Malappuram

തവനൂരില്‍ വിവിധ പദ്ധതികള്‍ക്ക് ഫണ്ടുകള്‍ അനുവദിച്ചു

Published

|

Last Updated

എടപ്പാള്‍: പുറത്തൂരില്‍ ഒരു കോടി രൂപയുടെ ജലശൂദ്ധീകരണ പ്ലാന്റും കുറ്റിപ്പുറം മിനി പമ്പയുടെ നവീകരണത്തിന് ഒരു കോടി രൂപയും കാടഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതിയ കെട്ടിടമുണ്ടാക്കാന്‍ ഒരു കോടി രൂപയും അനുവദിക്കുമെന്ന് ഡോ. കെ ടി ജലീല്‍ എംഎല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേളപ്പജി മെമ്മോറിയല്‍ ഗവ. യു പി സ്‌കൂളിന് മൂന്ന് ക്ലാസ് റുമുകള്‍ ഉണ്ടാക്കാന്‍ 25 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. 2013-04 സാമ്പത്തിക വര്‍ഷത്തെ തവനൂര്‍ നിയോജമണ്ഡലം ആസ്തി വികസന ഫണ്ടായ 5 കോടി രൂപയുടെ പ്രവര്‍ത്തിക്കായുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് നല്‍കിയതായും എം എല്‍എ അറിയിച്ചു. ശേഷിക്കുന്ന 175 ലക്ഷം രൂപയില്‍ വട്ടംകുളം പഞ്ചായത്തിലെ ചോലക്കുന്ന്- പുരമുണ്ടേക്കാട് റോഡിന്റെ പുനരുദ്ധാരണത്തിന് 25 ലക്ഷം, എടപ്പാള്‍ പഞ്ചയാത്തിലെ പൂക്കരത്തറ- കോലക്കാട് വെങ്ങിനിക്കര-കൃഷിഭവന്‍ റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം, തവനൂര്‍ പഞ്ചായത്തിലെ പാലത്തോട് റോഡ്- പടിക്കല്‍ താഴപാലം മുതല്‍ എന്‍ എച്ച് വരെ പുനരുദ്ധാരണത്തിന് 25 ലക്ഷം, കാലടി പഞ്ചായത്തിലെ പാതൃക്കോവില്‍-ചാലപ്രം റോഡ് പുരുദ്ധാരണത്തിന് 25 ലക്ഷം, തൃപ്രങ്ങോട് പഞ്ചായത്തിലെ കൈമലശ്ശേരി- കബര്‍സ്ഥാന്‍ കുറുകപ്പാടം റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം, മംഗലം പഞ്ചായത്തിലെ മംഗലം എം ഇ എസ് സ്‌കൂള്‍- കുളപ്പാടം റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം, കാലടി, തവനൂര്‍ പഞ്ചായത്തുകളിലെ കാലടി-കച്ചേരിപ്പറമ്പ് കാഞ്ഞിരക്കുറ്റി റോഡ് പുനരുദ്ധാരണത്തിന് 25 ലക്ഷം എന്നിവയും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടക വേളകളില്‍ അയ്യപ്പ ഭക്തര്‍ക്കും തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകും വിധത്തിലാണ് ഒരു കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കുക.
പുറത്തൂരില്‍ പഞ്ചായത്തിന് മൊത്തമായുള്ള നിലവിലെ കുടിവെള്ള പദ്ധതിക്ക് ശുദ്ധീകരണ പ്ലാന്റ് ഇല്ലാത്തത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പുറത്തൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ശുദ്ധജല പൈപ്പ്‌ലൈന്‍ ലഭ്യമാക്കുകയെന്നത്. ഇതിലേക്കാണ് ഒരു കോടി രൂപ മാറ്റിവെച്ചിരിക്കുന്നത്. കാടഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥലപരിധി മൂലം വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഒരു കോടി രൂപ അനുവദിക്കുന്നത്. പുതിയ കെട്ടിടം ഈ വര്‍ഷം തന്നെ നിര്‍മിക്കാനുള്ള നിര്‍ദേശം നല്‍കിയതായി കെ ടി ജലീല്‍ എം എല്‍ എ പറഞ്ഞു.