Connect with us

Kerala

അറസ്റ്റ് ഒഴിവാക്കാന്‍ മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നു: വി എസ്

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്നും വി എസ് ആരോപിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോന്നി സ്വദേശി നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. അറസ്റ്റ് ഭയന്നാണ് മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത്. ക്രിമിനല്‍ കേസുകളില്‍ അത് നടന്ന സ്ഥലത്ത് കൊണ്ടുവന്നാണ് മഹസര്‍ തയ്യാറാക്കേണ്ടത്. ഈ നിലക്ക് പ്രതികളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തേണ്ടി വരുന്നതിന്റെ നാണക്കേട് മലയാളികളുടെ തലയില്‍ കെട്ടിവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കേസില്‍ ആരോപണവിധേയയായ നടി ശാലുമേനോനെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കണം. ശാലു മേനോന്റെ വീടിന്റെ പാലു കാച്ചല്‍ ചടങ്ങ് ചിത്രീകരിച്ച ഫോട്ടോഗ്രാഫറുടെ കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ നശിപ്പിച്ചുവെന്നും വി എസ് പറഞ്ഞു.

വിവരങ്ങള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചത്. മുഖ്യമന്ത്രിയും സലിം രാജും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സഭയില്‍ പറയുന്നതില്‍ നിന്ന് പോലും തന്നെ വിലക്കുകയുണ്ടായി. ആരോപണ വിധേയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷിക്കണം. പാവം പയ്യന്റെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം വേണം. ക്രിമിനലുകളായ ഇത്രയും ആളുകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുത്ത മുഖ്യമന്ത്രിയുടെ വൈഭവത്തെ പ്രശംസിക്കാതെ വയ്യെന്നും പരിഹസിച്ച വി എസ്, മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും ആവര്‍ത്തിച്ചു.

ലൈംഗികാരോപണം നേരിടുന്ന ജോസ് തെറ്റയിലിന്റെ രാജി സംബന്ധിച്ച ചോദ്യത്തിന് അക്കാര്യത്തില്‍ അവരുടെ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് എല്‍ ഡി എഫ് തീരുമാനമെന്ന് വി എസ് പറഞ്ഞു.

Latest