Connect with us

Articles

എന്നുവെച്ചാല്‍, തെങ്ങ് കര്‍ഷകര്‍ എങ്ങ് പോകണം?

Published

|

Last Updated

രസകരമാണ് കാര്യങ്ങള്‍. നിത്യോപയോഗ വസ്തുക്കള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ കര്‍ഷകര്‍ അങ്ങോട്ട് കൊടുക്കുന്ന ഉത്പന്നങ്ങളുടെ വില കുത്തിയിടിയുകയാണ്. ഇതെന്തതിശയമാണ്? വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം തീവില. കൊടുക്കുന്നത് ആര്‍ക്കും വേണ്ടതാനും. കേരളത്തിന്റെ സ്വന്തമെന്ന് പറയാറുള്ള നാളികേരത്തിന്റെ വില പറയാതിരിക്കുന്നതാണ് നല്ലത്. ഇതര കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആശ്വാസ വിലയെങ്കിലും ലഭ്യമാക്കാന്‍ അതത് ഔദ്യോഗിക ബോര്‍ഡുകള്‍ ശ്രദ്ധിക്കുമ്പോള്‍ കേര കര്‍ഷകരുടെ കാര്യത്തില്‍ അതൊന്നും കാണുന്നില്ല. സര്‍ക്കാറും നാളികേര വികസന ബോര്‍ഡും പ്രഖ്യാപിക്കുന്ന സഹായ പദ്ധതികള്‍ പാളുകയാണ്.
പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ മാത്രമുള്ള, നല്ല സുഖമുള്ള, അനുഭവങ്ങള്‍ മാത്രമായി തീരുന്നു. മുമ്പ് കുടുംബം പുലര്‍ത്താനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമൊക്കെ പുരയിടത്തിലെ ഏതാനും തെങ്ങുകള്‍ മതിയായിരുന്നു. അന്ന് അങ്ങനെയൊരു കാലം. ഇന്ന് അവയെ നോക്കി നെടുവീര്‍പ്പിടുകയാണ് ഗൃഹനാഥന്‍. ഏത് വശത്തിലൂടെ നോക്കിയാലും നാളികേര കൃഷി ലാഭകരമല്ലാതായിരിക്കുന്നു. ലാഭകരമാകേണ്ട; നഷ്ടമില്ലാതിരുന്നാല്‍ മതിയായിരുന്നു. എന്നാല്‍ അവിടെ പോലും നില്‍ക്കുന്നില്ല കാര്യങ്ങള്‍. മണ്ഡരി, കൂമ്പുചീയലാദി രോഗങ്ങളും ഭാരിച്ച കൂലിച്ചെലവും വിലയിടിവുമെല്ലാമാണ് നാളികേര കര്‍ഷകരെ തളര്‍ത്തുന്നത്. തെങ്ങില്‍ കയറാന്‍ ആളെ കിട്ടുന്നില്ല. കിട്ടിയാല്‍ തന്നെ ചോദിക്കുന്ന കൂലി. തെങ്ങില്‍ നിന്ന് പറിക്കൂലി പോലും ലഭിക്കുന്നില്ലെന്നു വന്നാലോ?
എല്ലാ വിധേനയും ഞെരുക്കപ്പെടുകയാണ് കേരകര്‍ഷകര്‍. അവരുടെ ചെലവില്‍ കൊഴുക്കുന്നത് ഇടത്തട്ടുകാരും. നാളികേര ഉത്പന്നങ്ങള്‍ക്ക് വെളിച്ചെണ്ണ ഒഴികെ ഒന്നിനും വിലക്കുറവില്ല. തേങ്ങ ഉപയോഗിച്ചുള്ള ബേക്കറി പലഹാരങ്ങള്‍ നോക്കൂ. വിലയില്‍ വല്ല കുറവുമുണ്ടോ? അങ്ങനെ എല്ലാം എല്ലാം. കര്‍ഷകന് മാത്രം ഒന്നും കിട്ടുന്നില്ല. ഇതിന്റെ തിക്തഫലം കണ്ടുകൊണ്ടിരിക്കുന്നു. നാല് പതിറ്റാണ്ട് മുമ്പ് വരെ ദേശീയ നാളികേരോത്പാദനത്തിന്റെ അറുപത്തിയഞ്ച് ശതമാനത്തിലേറെയും കേരളത്തിന്റെ വകയായിരുന്നെങ്കില്‍ ഇന്നത് പകുതിയിലും താഴെയായി. നഷ്ടം പേറാനാകാതെയും കടം കയറിയും തെങ്ങുകള്‍ വ്യാപകമായി വെട്ടിമാറ്റുകയാണ് കര്‍ഷകര്‍. ഉത്തരവാദപ്പെട്ടവര്‍ കണ്ണ് തുറന്നില്ലെങ്കില്‍ അതിന് നാം ഒടുക്കേണ്ടിവരുന്ന പിഴ ചെറുതായിരിക്കില്ല. കേര കൃഷി ലാഭകരമാക്കാനും അതിലൂടെ ഉപജീവനം നടത്തുന്ന നാല്‍പ്പത് ലക്ഷത്തോളം കുടുംബങ്ങളെ സംരക്ഷിക്കാനും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്താനും സാധ്യമായതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരിക്കുന്നു. അത് സര്‍ക്കാറിന്റെ ബാധ്യതയാണ്.
ഇപ്പോള്‍ തൈ വെക്കുന്ന സമയാണ്. തൈ വെക്കുന്ന കാര്യത്തില്‍ എന്ത് ആവേശമായിരുന്നു ഒരു കാലത്ത് തെങ്ങ് കര്‍ഷകര്‍ക്ക്. നല്ല ഇനം തൈകള്‍ തേടി അവര്‍ ദൂരെ ദിക്കുകളില്‍ പോലും പോയിരുന്നു. ഇന്ന് അത്തരമൊരു ഉത്സാഹം കാണാനില്ല. അന്നൊക്കെ കാര്യമായി ഉണ്ടായിരുന്നത് മിന്നലേറ്റ് നശിക്കുന്ന പ്രശ്‌നം മാത്രമായിരുന്നു. മണ്ഡരിയും മറ്റു പ്രതിസന്ധികളും ഇല്ലായിരുന്നു. ഇന്ന് തെങ്ങ് കര്‍ഷകന് പ്രതിസന്ധി മാത്രമാണ് മുന്നിലുള്ളത്.
കൃഷിയില്‍ വിവിധ തുറകളിലെ ഗവേഷണങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നമുക്കുണ്ട്. പക്ഷേ, അതിന്റെയൊന്നും ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തുന്നില്ലെന്ന് പറയാതെ വയ്യ. നാളികേര കര്‍ഷകര്‍ക്കും ഇപ്പോഴും അത് അന്യമാണല്ലോ. നാളികേരമെന്നു കേള്‍ക്കുമ്പോള്‍ മിക്ക മലയാളിയുടെയും മനസ്സില്‍ എത്തുന്നത് വെളിച്ചെണ്ണ മാത്രമാണ്. ഇതില്‍ നിന്ന് മുന്നോട്ട് പോയി, മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്ക് തിരിയേണ്ട കാലം വൈകി. ആ വഴിക്ക് കുടുംബശ്രീകളിലൂടെയും മറ്റും തുടക്കം കുറിച്ച പദ്ധതികള്‍ വ്യാപകമാക്കേണ്ടതും കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കേണ്ടതും ഭരണകര്‍ത്താക്കളുടെ ബാധ്യതയാണ്.
ഇളനീര്‍ പന്തലുകള്‍ ഇവിടുത്തെ തെരുവോരങ്ങളിലെ പതിവ് കാഴ്ചയാണ്. കര്‍ണാടകയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുമെത്തിക്കുന്ന ഇവ 20 രൂപക്കാണ് വില്‍ക്കുന്നത്. നമുക്കും ഇതൊക്കെയാകാവുന്നതാണ്. അഞ്ച് രൂപ തികച്ചു കിട്ടാതെ തേങ്ങ വില്‍ക്കുന്ന നാട്ടിലാണ് അന്യ നാട്ടില്‍ നിന്നുകൊണ്ടുവന്ന ഇളനീര്‍ 20 രൂപക്ക് വില്‍ക്കുന്നത്. വിചിത്രമെന്നല്ലാതെ എന്ത് പറയാന്‍?
തമാശ തോന്നുന്നത് ഇതെക്കുറിച്ചൊക്കെയുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ പരിഹാസ്യമായ നീക്കങ്ങളാണ്. പ്രഖ്യാപനങ്ങള്‍ക്ക് ഒരു കുറവുമില്ലല്ലോ. ഇളനീര്‍ സംസ്ഥാന പാനീയമാക്കി മുമ്പ് പ്രഖ്യാപിച്ചല്ലോ. കേട്ടാല്‍ തോന്നുക ആ ഔദ്യോഗിക പരിവേഷം ഇല്ലാത്തതുകൊണ്ടാണ് തേങ്ങാ കര്‍ഷകര്‍ കഷ്ടപ്പാടിലായത് എന്നാണ്. ഇളനീര്‍ സംസ്ഥാന പാനീയമാക്കിയതുകൊണ്ടായില്ല. നാളികേര കൃഷി ലാഭകരമാക്കാനുള്ള സത്വര നടപടികളുമുണ്ടാകണം. ഇല്ലെങ്കില്‍ കേരമില്ലാത്ത കേരളമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. ഇത് തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഔദ്യോഗിക ഭരണ രംഗങ്ങളിലിരിക്കുന്നവര്‍ എന്നു വന്നാലോ?
പക്ഷേ, എന്തു തന്നെയായാലും ഇതിലൊന്നും താത്പര്യമില്ലാത്ത ഒരു ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും ഉള്ള കാലത്തോളം കൃഷിയുടെ കാര്യം ഇങ്ങനെയൊക്കെ തുടരുമെന്ന് കരുതാനേ നിവൃത്തിയുള്ളൂ. ഐ ടിയും ഫാഷനും ടൂറിസവും ക്രിക്കറ്റും മാത്രം മുന്നില്‍ കാണുന്ന, പാരമ്പര്യത്തിന്റെയും കൃഷിയുടെയും വഴികളെ അവഗണിക്കുന്ന ഒരു പുതിയ സാമൂഹിക സാഹചര്യത്തില്‍ ഇതൊക്കെ ഇങ്ങനെയൊക്കെ പോകുമെന്ന് മാത്രം കണ്ടാല്‍ മതി.

 

Latest