Connect with us

Kerala

ഇറക്കുമതി നെല്ലിന് റെക്കോര്‍ഡ് വില; ഭക്ഷ്യധാന്യ പ്രതിസന്ധി രൂക്ഷമാകും

Published

|

Last Updated

കണ്ണൂര്‍: റക്കുമതി ചെയ്യുന്ന നെല്ലിന്റെ വില കുത്തനെ ഉയര്‍ന്നത് സംസ്ഥാനത്ത് ഭക്ഷ്യധാന്യ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായേക്കും. അയല്‍ സംസ്ഥാനങ്ങളിലെ നെല്ലുത്പാദനം വന്‍തോതില്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മുമ്പൊരിക്കലും അനുഭവപ്പെടാത്തത്ര വിലക്കയറ്റമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ അരിവില ഉയരുന്നതിനോടൊപ്പം സംസ്ഥാനത്ത് ഭക്ഷ്യധാന്യ ക്ഷാമം അനുഭവപ്പെടാനും നെല്ലിന്റെ വിലക്കയറ്റം കാരണമാകുമെന്നാണ് വിലയിരുത്തുപ്പെടുന്നത്. പത്ത് മുതല്‍ പന്ത്രണ്ട് വരെ രൂപ മാത്രം കിലോക്ക് വിലയുണ്ടായിരുന്ന ഇറക്കുമതി നെല്ലിനാണ് ഇക്കുറി 16 മുതല്‍ 23 വരെ നല്‍കേണ്ടി വരുന്നത്. മുന്‍ വര്‍ഷങ്ങളിലൊരിക്കല്‍പ്പോലും ഇത്രയധികം വില നെല്ലിന് നല്‍കേണ്ടി വന്നിട്ടില്ലെന്ന് വ്യാപാരികളടക്കം ചൂണ്ടിക്കാട്ടുമ്പോഴാണ് ഭക്ഷ്യധാന്യ പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വേണ്ട നെല്ലിന്റെ മുക്കാല്‍ പങ്കിലധികവും എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള വെള്ള, മട്ട ഇനങ്ങളാണ് ഇറക്കുമതി നെല്ലിനങ്ങളില്‍ നിന്നുത്പാദിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും ഏതാനും ചില വന്‍കിട മില്ലുകാര്‍ നെല്ല് അരിയാക്കി എത്തിക്കുന്നതൊഴിച്ചാല്‍ അരി കൂടുതലായി ഉത്പാദിപ്പിക്കുന്നതിനുള്ള നെല്ല് മുഴുവന്‍ കേരള വിപണിയിലേക്ക് നേരിട്ടെത്തിക്കുകയാണ് പതിവ്. എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നെല്ല് വരവ് കുറഞ്ഞതിനൊപ്പം അരിയുടെ ഇറക്കുമതിയും വലിയ തോതിലാണ് കുറഞ്ഞിട്ടുള്ളത്. വരും ദിവസങ്ങളില്‍ കേരളത്തിലെ ഭക്ഷ്യപ്രതിസന്ധി മുന്‍കൂട്ടി കണ്ട് വന്‍കിട മില്ലുടമകള്‍ അരി വിപണിയിലെത്തിക്കാത്തതാണെന്നും പറയപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളാണ് കുത്തരിയുടെ ഏറ്റവും വലിയ വിപണി. 2005 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ കിലോക്ക് 15നും 20നും ഇടക്കായിരുന്നു മട്ട ഇനത്തിന്റെ വില. എന്നാല്‍, തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ ഇത് 26ല്‍ നിന്ന് 28 വരെയായി ഉയര്‍ന്നു. 2011-12 വര്‍ഷങ്ങളിലാണ് വിലവര്‍ധന ക്രമാതീതമായി തീര്‍ന്നത്. ഏറ്റവും ഒടുവില്‍ 2013ന്റെ തുടക്കം മുതല്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് കിലോക്ക് 42 രൂപക്കും മുകളിലെത്തിയിരിക്കുകയാണിപ്പോള്‍. കുത്തരിക്ക് ഒപ്പം തന്നെ മറ്റ് അരികള്‍ക്കും വില വര്‍ധിക്കുന്നുണ്ട്.
വരള്‍ച്ച കാരണം രണ്ടാം വിള നെല്‍ കൃഷി നശിച്ചതാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലിന്റെ വില കൂടാന്‍ പ്രധാന കാരണമായത്. കേരളത്തിലേക്ക് അരി കയറ്റുമതി ചെയ്യാനായി മാത്രം രണ്ടാം വിള കൃഷി ചെയ്യുന്ന കര്‍ണാടകത്തിലെ ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങളും ഇക്കുറി വരള്‍ച്ചയുടെ പിടിയിലായിരുന്നു. കര്‍ണാടകയിലെ മൈസൂര്‍, ചാമരാജ്‌നഗര്‍, കുടക്, ഷിമോഗ ജില്ലകളെയും തമിഴ്‌നാടിനെയും വരള്‍ച്ച സാരമായി ബാധിച്ചിരുന്നു. ദക്ഷിണ കര്‍ണാടകയിലെ പ്രധാന ജലസ്രോതസ്സുകളായ കബനി, കുടകിലെ ഹാരംഗി, ഉത്തര, ഹേമാവതി, ഉത്തര കര്‍ണാടകയിലെ അലമാട്ടി, സുപ്ര, കാഭര തുടങ്ങിയ അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞതിനാല്‍ നെല്ലുത്പാദനം തീര്‍ത്തും കുറഞ്ഞു. പല ഡാമുകളില്‍നിന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് ഇക്കുറി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. നെല്ലിന് പുറമെ കടല, പയര്‍, ഉഴുന്ന്, പരിപ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളുടെ ഉത്പാദനത്തിലും ഇവിടെ വലിയ കുറവുണ്ടായിരുന്നു.
കേരളത്തിലും കൂടുതല്‍ നെല്ല് ലഭിക്കുന്ന പാലക്കാട് ജില്ലയില്‍ രണ്ടാം വിളയില്‍ ഇത്തവണ നാല്‍പ്പത് ശതമാനത്തിന്റെ കുറവുണ്ടായി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, ആലപ്പുഴ, തൃശൂര്‍, മലപ്പുറം ജില്ലകളിലെ അവസ്ഥയും മറ്റൊന്നല്ല. ഔദ്യോഗിക കണക്കുപ്രകാരം 67,500 ഹെക്ടറിലധികം പ്രദേശത്തെ കൃഷി നശിച്ചതായാണ് വിലയിരുത്തല്‍. പാലക്കാട്ട് 7,583, വയനാട്ടില്‍ 14,829, കണ്ണൂരില്‍ 427, മലപ്പുറത്ത് 2,127 ഹെക്ടര്‍ എന്നിങ്ങനെയാണ് രണ്ടാം വിള കൃഷി നാശത്തിന്റെ കണക്ക്. ഒന്നാം വിള കൃഷിയില്‍ നിന്ന് ലഭിച്ച നെല്ലിന്റെ അളവ് മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവായിരുന്നു. ഓരോ ജില്ലയിലും പത്ത് മുതല്‍ 20 വരെ ശതമാനമെങ്കിലും നഷ്ടമുണ്ടായി. കോള്‍നിലങ്ങളില്‍ വേനല്‍ക്കാലത്ത് നടത്താറുള്ള പുഞ്ചകൃഷി വരള്‍ച്ചമൂലം ഇത്തവണ ഉണ്ടായില്ല. ഏപ്രില്‍ കഴിഞ്ഞാല്‍ വിത്തിറക്കുന്ന കേരളത്തിന്റെ കാര്‍ഷിക ശൈലിക്കും ഇക്കുറി മാറ്റം വന്നു. സാധാരണഗതിയില്‍ ഏപ്രില്‍ മധ്യത്തില്‍ ലഭിക്കാറുള്ള വേനല്‍മഴ ഇക്കുറി വൈകിയതാണ് കൃഷിയിറക്കാന്‍ തടസ്സമായത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി