Connect with us

Kerala

ലീഗിനെതിരായ വിമര്‍ശം: ഐ ഗ്രൂപ്പിന്റെ ഉന്നം മുഖ്യമന്ത്രിയും

Published

|

Last Updated

തിരുവനന്തപുരം: മുസ്ലിം് ലീഗിനെതിരായ വിമര്‍ശത്തിലൂടെ ലീഗിനൊപ്പം ഐ ഗ്രൂപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ കൂടി. മുഖ്യമന്ത്രിയെന്ന നിലയില്‍ പാര്‍ട്ടിക്കതീതമായി ഉമ്മന്‍ ചാണ്ടിയെടുക്കുന്ന പല തീരുമാനങ്ങളും ലീഗിന്റെ അറിവോടെയും പ്രേരണയോടെയുമാണെന്ന വിലയിരുത്തലാണ് ഇതിനു പിന്നില്‍.
അഞ്ചാം മന്ത്രി മുതല്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം വരെയുള്ള പല വിവാദങ്ങളും പാര്‍ട്ടിയുടെ പൂര്‍ണമായ അറിവില്ലാതെ കൈക്കൊണ്ടതാണെന്നാണ് ആക്ഷേപം. പാര്‍ട്ടിയോടന്വേഷിക്കാതെ തീരുമാനങ്ങളെടുക്കുകയും വിവാദമാകുമ്പോള്‍ പാര്‍ട്ടി അതിനെ ന്യായീകരിക്കാന്‍ നില്‍ക്കേണ്ട അവസ്ഥയുമാണ് നിലവിലുള്ളത്. കെ പി സി സി അധ്യക്ഷന്‍ ഉള്‍പ്പെടെ പല നേതാക്കളും ഇക്കാര്യത്തില്‍ അസന്തുഷ്ടരാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന പരാമര്‍ശവും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിന്റെ നിയമനത്തില്‍ ഇടപെടുമെന്ന മുന്നറിയിപ്പും ഇതിനുദാഹരണമാണ്.
സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ വിവാദത്തിന് വഴി തുറക്കുന്നതിലൂടെ ലീഗിനോടുള്ള കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതോടൊപ്പം മുഖ്യമന്ത്രി പലപ്പോഴും മുസ്‌ലിം ലീഗിന് കീഴടങ്ങുന്നുവെന്ന് വരുത്തിത്തീര്‍ക്കലുമാണ് ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതുവഴി മുഖ്യമന്ത്രിയുടെ വിശ്വാസ്യതയും ജനപ്രീതിയും കുറക്കാനാകുമെന്നാണ് ഐ ഗ്രൂപ്പ് കരുതുന്നത്.
നേരത്തെ കോണ്‍ഗ്രസില്‍ ആര്യാടന്‍ മുഹമ്മദും, കെ മുരളീധരനും മാത്രമാണ് മുസ്‌ലിം ലീഗിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നത്. എന്നാല്‍ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ കൂടി പരസ്യമായി രംഗത്തു വന്നതിലൂടെ മുന്നണിയിലെ അസംതൃപ്തി മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. തന്റെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുമായി തര്‍ക്കം നിലനില്‍ക്കെ മുന്‍ കെ പി സി സി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്റെ പിന്തുണയോടെ രണ്ടും കല്‍പ്പിച്ചാണ് രമേശ് രംഗത്തുവന്നിരിക്കുന്നത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഐ ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ഉമ്മന്‍ ചാണ്ടിയെ പരസ്യമായി പിന്തുണക്കുന്നത് മുസ്‌ലിം ലീഗാണെന്നതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്. എ ഗ്രൂപ്പ്-മുസ്‌ലിം ലീഗ് കൂട്ടുകെട്ടാണ് ഭരണത്തില്‍ ഐ ഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ ലീഗിനെ പ്രകോപിപ്പിക്കുന്നതോടൊപ്പം മുഖ്യമന്ത്രിയുടെ ഇമേജിന് കളങ്കം ചാര്‍ത്താന്‍ കൂടിയാണ് ഐ ഗ്രൂപ്പ് കരുക്കള്‍ നീക്കുന്നത്. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെതിരെ പൊതുവികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്‌ലിം ലീഗിനെ വിമര്‍ശിക്കുന്നതിലൂടെ ഇതര കക്ഷികളുടെ കൈയടി നേടാനാകുമെന്നുമാണ് ഐ ഗ്രൂപ്പ് കണക്ക് കൂട്ടുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം