Connect with us

National

വ്യോമസേനാ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങ് ആയുധ ഇടനിലക്കാര്‍ വക

Published

|

Last Updated

ന്യൂഡല്‍ഹി: ആയുധ ഇടനിലക്കാരുടെയും കമ്പനി ഉദ്യോഗസ്ഥരുടെയും ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വിവാദമായി. ജൂണ്‍ ഏഴിനാണ് എയര്‍ മാര്‍ഷല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വിരമിക്കലിനോടനുബന്ധിച്ച് പാര്‍ട്ടി സംഘടിപ്പിച്ചത്. സ്വകാര്യ ഏജന്‍സി സംഘടിപ്പിച്ച ചടങ്ങില്‍ ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
സൈനിക ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും അത്തരം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നതിനും പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ആ നിലക്ക് യാതൊരു അനുമതിയുമില്ലാതെ എയര്‍ മാര്‍ഷല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആദരം സ്വീകരിക്കാന്‍ ചടങ്ങിലെത്തിയത് ചട്ടവിരുദ്ധമാണ്. മാത്രമല്ല ഇത്തരമൊരു ചടങ്ങില്‍ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തതും കുറ്റകരമാണ്. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതര്‍ ഇത് ഗൗരവപൂര്‍വം കാണുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ ആയുധ ഇടപാടുകാര്‍ പങ്കെടുത്തുവെന്നത് അതിന്റെ ഗൗരവമേറ്റുന്നു.
ഈ ചടങ്ങിന് അനുമതിയുണ്ടായിരുന്നോ എന്ന് ആരാഞ്ഞപ്പോള്‍ സംഭവത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് ഇന്ത്യന്‍ വ്യോമ സേനാ വൃത്തങ്ങള്‍ പ്രതികരിച്ചത്. ആയുധ ഇടപാടുകാരുമായി യാതൊരു ബന്ധവും പാടില്ലെന്ന,് പ്രതിരോധ കരാറുകളില്‍ സുതാര്യതയും സത്യസന്ധതയും ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി, കര, നാവിക, വ്യോമ സേനാ നേതൃത്വങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കും മുമ്പ് അനുമതി വാങ്ങിയിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടത് ഗുരുതരമായ കാര്യമാണെന്ന് സൈനിക നിയമജ്ഞനായ മേജര്‍ എസ് എസ് പാണ്ഡേ പറഞ്ഞു. രാജ്യതലസ്ഥാനത്തെ ഒരു എംബസിയില്‍ ചെന്ന് അവിടുത്തെ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതിന് ആറ് വര്‍ഷം മുമ്പ് ഒരു ലഫ്റ്റനന്റ് ജനറലിനെ പുറത്താക്കിയിരുന്നു.