Connect with us

National

നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ ഓഹരി വിറ്റഴിക്കാന്‍ തിരക്കിട്ട ശ്രമം

Published

|

Last Updated

ചെന്നൈ: നവരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ (എന്‍ എല്‍ സി) ഓഹരി വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാറും തമിഴ്‌നാട് സര്‍ക്കാറും തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നു. ഓഹരി വില്‍പ്പനക്കുള്ള നീക്കത്തില്‍ എന്‍ എല്‍ സിയിലെ 17 തൊഴിലാളി യൂനിയനുകള്‍ അതിയായ ആശങ്ക രേഖപ്പെടുത്തുകയും നാളെ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുമുണ്ട്.
എന്‍ എല്‍ സിയുടെ വിറ്റഴിക്കുന്ന ഓഹരിയില്‍ അഞ്ച് ശതമാനം വാങ്ങാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമവാര്‍ത്തയും വന്നിരുന്നു. ഇതേത്തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാറിന്റെ സന്നദ്ധത കേന്ദ്രം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം പ്രതികരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് താന്‍ കണ്ടിട്ടില്ലെന്നും പത്രവാര്‍ത്തയാണ് ശ്രദ്ധയില്‍ പെട്ടതെന്നും ചിദംബരം പറഞ്ഞു. തമിഴ്‌നാട് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ വിഷയം സെബിയുമായി കൂടിയാലോചിക്കും. തമിഴ്‌നാട് സര്‍ക്കാറിന്റെ നിര്‍ദേശമാണ് പരിഗണിക്കുന്നതെന്ന് തൊഴിലാളി പണിമുടക്കിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. നിര്‍ദേശം തള്ളിക്കളഞ്ഞിട്ടില്ല. “സെബിയുമായി കൂടിയാലോചിക്കും. നിര്‍ദേശം സാധ്യതയുള്ളതാണെങ്കില്‍ അത് അംഗീകരിക്കും. ഓഹരി വിറ്റാലും എന്‍ എല്‍ സിയുടെ 89 ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാറിന്റെ കൈകളിലായിരിക്കും. ശേഷിച്ച ഓഹരികള്‍ പൊതുമേഖലയിലെ എല്‍ ഐ സി, ജി ഐ സി തുടങ്ങിയവക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് പൊതുമേഖലാ സ്ഥാപനമായ എന്‍ എല്‍ സിയുടെ നവരത്‌ന പദവിക്ക് മാറ്റമുണ്ടാകില്ല. തൊഴിലാളികള്‍ എന്തിന് പണിമുടക്കണം?”- ചിദംബരം ചോദിച്ചു.
ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്തും എന്‍ എല്‍ സിയുടെ ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചതാണ്. അന്ന് ഇടതുപാര്‍ട്ടികളും ഡി എം കെയും ശക്തമായ നിലപാടെടുത്തതിനാല്‍ കേന്ദ്ര നീക്കം ഫലിച്ചിരുന്നില്ല. അമേരിക്കയുമായുള്ള സിവില്‍ ആണവ സഹകരണ കരാറിന്റെ പ്രശ്‌നത്തില്‍ ഇടതുപക്ഷം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച ഘട്ടത്തില്‍ എന്‍ എല്‍ സി ഓഹരി വില്‍പ്പനക്ക് കേന്ദ്രം ശക്തമായ നീക്കം നടത്തിയിരുന്നുവെങ്കിലും ഡി എം കെ സഖ്യം വിടുമെന്ന ഘട്ടം വന്നപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ സംസ്ഥാന ഭരണകക്ഷിയായ എ ഐ എ ഡി എം കെയെ കൂട്ടുപിടിച്ച് ഓഹരിവില്‍പ്പന നടത്താന്‍ യു പി എ ഒരുങ്ങുകയാണ്. കഴിഞ്ഞ 27ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡി എം കെക്ക് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ഇപ്പോള്‍ ഡി എം കെ ഓഹരി വില്‍പ്പനയെ എതിര്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

---- facebook comment plugin here -----

Latest