Connect with us

Palakkad

അട്ടപ്പാടിയില്‍ പുതിയ മാവേലിസ്റ്റോറുകള്‍ അനുവദിക്കും: മന്ത്രി പി അനൂപ് ജേക്കബ്

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ മാവേലിസ്റ്റോറുകളില്ലാത്ത ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളില്‍ പുതിയ മാവേലിസ്റ്റോറുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇതിന് അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കാന്‍ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.—കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ഉള്‍പ്രദേശങ്ങളിലേക്ക് പുതിയ മൊബൈല്‍ മാവേലിസ്റ്റോര്‍ ഉടനാരംഭിക്കും. അഗളിയില്‍ അട്ടപ്പാടിമേഖലയിലെ സിവില്‍ സപ്ലൈസ് വകുപ്പ് പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു മന്ത്രി.
പുതുതായി ആരംഭിക്കുന്നവ റേഷന്‍ ഡിപ്പോ കം മാവേലിസ്റ്റോറുകളായിരിക്കും. ഇതിന് കെട്ടിടസൗകര്യമൊരുക്കുന്നതിന് എം എല്‍ എ ഫണ്ട് വിനിയോഗിക്കും. ഡിപ്പോയുടെ ചുമതല സപ്ലൈക്കോയ്ക്കായിരിക്കും. വിദൂരമേഖലയായ ആനവായില്‍ പുതിയ റേഷന്‍കട ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ആവശ്യമാണെങ്കില്‍ കൂടുതല്‍ റേഷന്‍കടകള്‍ അനുവദിക്കും. ആദിവാസികള്‍ക്കുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രപെട്രോളിയം മന്ത്രാലയത്തെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉത്സവസീസണില്‍ പൊതുവിപണിയിലെ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.—അഗളിപഞ്ചായത്തിലെ ഒശത്തിയൂര്‍ സന്ദര്‍ശിച്ച മന്ത്രി ഐ ടി ഡി പി വഴി നല്‍കുന്ന 10 കി ഗ്രാം റാഗി, ഒരു കി ഗ്രാം ചെറുപയര്‍, അര കി ഗ്രാം വീതം പരിപ്പ്, കടല എന്നിവയുള്‍പ്പെടുന്ന ഭക്ഷണകിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 10,000 കുടുംബങ്ങള്‍ക്ക് നാലുമാസം ഈ ആനുകൂല്യം ലഭ്യമാക്കും.
ഊരിലെ പാര്‍പ്പിടപ്രശ്‌നവും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും കേന്ദ്രസര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പരിഹരിക്കാന്‍ ആവശ്യമുന്നയിക്കും. അഗളി മാവേലിസ്റ്റോറില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തി.
അഡ്വ എന്‍ ശംസുദ്ദീന്‍ എം എല്‍ എ, എ ഡി എം കെ ഗണേശന്‍, സിവില്‍ സപ്ലൈസ് വകുപ്പ് എം ഡി എ ടി ജയിംസ്, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ പി വി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാരാജന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ലീലാമ്മ, താലൂക്ക് സപ്ലൈ ഓഫീസര്‍ ഡേവിഡ് പങ്കെടുത്തു.

Latest