Connect with us

International

ഈജിപ്ത് കത്തുന്നു

Published

|

Last Updated

** ബ്രദര്‍ഹുഡിന്റെ ആസ്ഥാനത്തേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറി
**48 മണിക്കൂറിനകം പ്രശ്‌നപരിഹാരമായില്ലെങ്കില്‍ കടുത്ത നടപടിയെന്ന് സൈന്യം

cairo burningകൈറോ: ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ഗ്രൂപ്പുകള്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ എട്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണം 16 ആയി. 40 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഭരണകക്ഷിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മാതൃസംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രധാന ഓഫീസിന് നേരെ സമരക്കാര്‍ നടത്തിയ അക്രമങ്ങള്‍ക്കിടെയാണ് എട്ട് പേര്‍ കൊല്ലപ്പെട്ടത്. അക്രമാസക്തരായ സമരക്കാര്‍ ആറ് നില കെട്ടിടത്തിലെ ഉപകരണങ്ങള്‍ നശിപ്പിച്ചു. ഇവരെ തടയുന്നതിനായി മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തിയ വെടിവെപ്പിലാണ് എട്ട് പേര്‍ മരിച്ചത്. തലേന്ന് രാത്രി ഇവിടെ മുര്‍സി അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കെട്ടിടത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലും തീപ്പന്തവും എറിഞ്ഞു.

സംഘര്‍ഷമുണ്ടായപ്പോള്‍ ബ്രദര്‍ഹുഡ് നേതാക്കളാരും ഇവിടെയുണ്ടായിരുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ തന്നെ നേതാക്കളെല്ലാം സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ ഇവിടം വിട്ടിരുന്നു. കഴിഞ്ഞ ദിവസം മധ്യപ്രവിശ്യയായ അസ്യൂത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫയോം, ബനി സൂയിഫ്, കാഫ് ഇല്‍ ശൈഖ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതം കൊല്ലപ്പെട്ടു. കൈറോയില്‍ പ്രസിഡന്റിന്റെ വസതിക്ക് സമീപവും അലക്‌സാണ്ട്രിയയിലുമുണ്ടായ സംഘര്‍ഷത്തില്‍ മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടു.
അധികാരത്തില്‍ നിന്ന് ഒഴിയാന്‍ മുര്‍സിക്ക് ഇന്ന് വൈകീട്ട് അഞ്ച് വരെയാണ് പ്രതിഷേധക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ പൂര്‍ണമായും നിയമം ലംഘിക്കുന്നത് ആരംഭിക്കുമെന്ന് വെബ്‌സൈറ്റില്‍ അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ 48 മണിക്കൂറിനകം സര്‍ക്കാറിന് സാധിച്ചില്ലെങ്കില്‍ ശക്തമായ നടപടികളുമായി രംഗത്തിറങ്ങുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി.
പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണവൈകല്യങ്ങള്‍ക്കെതിരെ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പതിനായിരങ്ങള്‍ കഴിഞ്ഞ ദിവസം തഹ്‌രീര്‍ ചത്വരത്തില്‍ ക്യാമ്പ് ചെയ്തിരുന്നു. വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോയെന്നും സ്വേച്ഛാധിപത്യപരമായി പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നുവെന്നും ആരോപിക്കുന്ന പ്രക്ഷോഭകര്‍, മുര്‍സി അധികാരമൊഴിയണമെന്നാവശ്യപ്പെട്ടാണ് തഹ്‌രീര്‍ ചത്വരത്തില്‍ തമ്പടിച്ചത്. മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് 2.20 കോടി പേരുടെ ഒപ്പുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ ഗ്രൂപ്പുകള്‍ പറയുന്നു. തംറദ് (ദി റിബല്‍) എന്നാണ് പ്രക്ഷോഭത്തിന് പേരിട്ടിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പാണ് രാജ്യചരിത്രത്തിലെ ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന വോട്ടെടുപ്പിലൂടെ മുര്‍സി അധികാരത്തിലേറിയത്. മുര്‍സി അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പുറത്താക്കാനായി നടന്ന ജനകീയ മുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്ന പ്രക്ഷോഭം നടക്കുന്നത്.