Connect with us

Kozhikode

കേരളത്തിന് സ്വന്തമായി റെയില്‍വേ സോണ്‍ അനുവദിക്കണം: എം കെ രാഘവന്‍ എം പി

Published

|

Last Updated

കോഴിക്കോട്: കേരളത്തില്‍ റെയില്‍വേ വികസനം സാധ്യമാക്കാന്‍ സംസ്ഥാനത്തിന് സ്വന്തമായി റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന് എം കെ രാഘവന്‍ എം പി. ഇത് കേരളത്തിന്റെ പൊതുവിഷയമായി കണ്ട് രാഷ്ട്രീയത്തിന് അപ്പുറത്തുള്ള സമ്മര്‍ദം അനിവാര്യമാണ്. സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. സര്‍വകക്ഷിയെ നയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പാലക്കാട് ഡിവിഷന്‍ വിഭജിച്ച് മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കാനുള്ള നീക്കം അനുവദിക്കരുത്. ഈ നീക്കം കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണ്. ഇതിനുമുമ്പ് സംസ്ഥാന സര്‍ക്കാറിനെയും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരെയും എം പിമാരെയും വിശ്വാസത്തിലെടുക്കണം. മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അവശേഷിക്കുന്ന പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളും കൂട്ടിച്ചേര്‍ത്ത് കേരളം ആസ്ഥാനമായി ഒരു സോണ്‍ രൂപവത്കരിക്കാന്‍ തയ്യാറാകണം.
കങ്കനടി മുതല്‍ പനവേല്‍ വരെയുള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ രൂപവത്കരിച്ച സമയത്ത് ഏഴ് വര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യന്‍ റെയില്‍വേക്ക് കൈമാറാമെന്നാണ് പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് കോര്‍പറേഷനായി തന്നെ തുടരുകയാണ്. മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കങ്കനടി മുതല്‍ കാര്‍വാര്‍ വരെയുള്ള ഭാഗമെടുത്ത് മംഗലാപുരം ഡിവിഷന്‍ രൂപവത്കരിക്കാവുന്നതാണ്.
2007ല്‍ പാലക്കാട് ഡിവിഷനെ ഒരു തവണ വിഭജിച്ചതാണ്. സതേണ്‍ റെയില്‍വേക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള രണ്ടാമത്തെ ഡിവിഷനാണ് പാലക്കാട് ഡിവിഷന്‍. പാലക്കാട് ഡിവിഷനില്‍ എട്ട് ദശലക്ഷം ടണ്‍ ചരക്ക് നീക്കമാണ് നിലവിലുള്ളത്. ചരക്ക് നീക്കത്തില്‍ പാലക്കാട് ഡിവിഷന് ഇപ്പോഴുള്ള വരുമാനത്തില്‍ 95 ശതമാനവും മംഗലാപുരം മേഖലയില്‍ നിന്നാണ്. മംഗലാപുരം മേഖല പാലക്കാട് ഡിവിഷനില്‍ നിന്ന് എടുത്തുമാറ്റിയാല്‍ ഈ വരുമാനം പാലക്കാടിന് നഷ്ടമാകുമെന്നും അത് സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുമെന്നും എം പി പറഞ്ഞു.
സേലം ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ പാലക്കാട് ഡിവിഷന് കീഴിലുള്ള പകുതിയോളം നഷ്ടമായിക്കഴിഞ്ഞു. മംഗലാപുരം ഡിവിഷന്‍ കൂടി രൂപവത്കരിച്ചാല്‍ 110 കിലോ മീറ്റര്‍ ഇനിയും കുറയും. തിരുവനന്തപുരം ഡിവിഷന്‍ വിഭജിച്ച് തമിഴ്‌നാട്ടില്‍ തിരുന്നല്‍വേലി ഡിവിഷന്‍ രൂപവത്കരിക്കാനും നീക്കം നടക്കുന്നുണ്ട്. അവശിഷ്ട തിരുവനന്തപുരവും അവശിഷ്ട പാലക്കാടും ചേര്‍ത്ത് ഒറ്റ ഡിവിഷനാക്കി മാറ്റാനുള്ള സാധ്യതയും മുമ്പില്‍ കാണുന്നു. പ്രത്യേക സോണിനു വേണ്ടിയുള്ള ശ്രമം നടക്കുമ്പോള്‍ അത് ഒറ്റ ഡിവിഷനിലേക്ക് എത്തിച്ചേരുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. ഇന്ത്യന്‍ റെയില്‍വേയില്‍ തന്നെ ഏറ്റവും മികച്ച ഓപ്പറേഷന്‍ റേഷ്യോ ഉള്ള ഡിവിഷനുകളില്‍ ഒന്നാണ് പാലക്കാട്. നൂറ് രൂപ വരുമാനത്തിന് 47 രൂപയാണ് ചെലവ് നിലവിലുള്ളത്. കര്‍ണാടകയില്‍ ഹൂബഌ ആസ്ഥാനമായ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള ഹൂബഌ, മൈസൂര്‍, ബാംഗ്ലൂര്‍ ഡിവിഷനുകള്‍ക്ക് പുറമെ മംഗലാപുരം ഡിവിഷന്‍ കൂടി രൂപവത്കരിക്കുമ്പോള്‍ പാലക്കാട് ഡിവിഷന്റെ ഓപ്പറേഷന്‍ റേഷ്യോയും വരുമാനവുമാണ് ഇല്ലാതാകുന്നതെന്ന് എം കെ രാഘവന്‍ പറഞ്ഞു.
മംഗലാപുരം ഡിവിഷന്‍ യാഥാര്‍ഥ്യമാക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കേരളം ആസ്ഥാനമായി ഒരു സോണ്‍ രൂപവത്കരിക്കാന്‍ തയ്യാറാകണം. കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ റെയില്‍വേ സോണുകള്‍ നിലവിലുണ്ട്. ഇത്തരത്തില്‍ കേരളത്തിനും സ്വന്തമായി റെയില്‍വേ സോണ്‍ അത്യാവശ്യമാണ്. ഈ വിഷയം ഞായറാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയം പ്രധാനമന്ത്രിയുടെയും റെയില്‍വേ മന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു പൊതുവിഷയം എന്ന നിലയില്‍ രാഷ്ട്രീയം കലര്‍ത്താതെ കേരളത്തിന്റെ താത്പര്യത്തിന് ഏല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും എം പി പറഞ്ഞു.

Latest