Connect with us

Gulf

യു എ ഇ എക്‌സ്‌ചേഞ്ച് ഇന്ത്യയില്‍ അപേക്ഷ നല്‍കി

Published

|

Last Updated

ദുബൈ: ഇന്ത്യ കേന്ദ്രമാക്കി ബേങ്കിംഗ് ശൃംഖല ആരംഭിക്കാന്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ച് ആര്‍ ബി ഐക്ക് അപേക്ഷ നല്‍കി. നിലവില്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ(ആര്‍ ബി ഐ)യുടെ അനുമതിയോടെ ഇന്ത്യയില്‍ നോണ്‍ ബേങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനമായാണ് യു എ ഇ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയില്‍ 20 സംസ്ഥാനങ്ങളിലായി 328 നേരിട്ടുള്ള ശാഖകളും 44,000 ഓളം എജന്റുമാരും യു എ ഇ എക്‌സ്‌ചേഞ്ചിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 1999 മുതല്‍ ഇന്ത്യയില്‍ യു എ ഇ എക്‌സ്‌ചേഞ്ചിന്റെ സാന്നിധ്യമുണ്ടെന്ന് എം ഡിയും സി ഇ ഒയുമായ ഡോ. ബി ആര്‍ ഷെട്ടി വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യം കമ്പനിക്കുണ്ട്. ഗള്‍ഫ് പ്രവാസികളില്‍ ബഹുഭൂരിപക്ഷവും നാട്ടിലുള്ള ബന്ധുക്കള്‍ക്ക് പണം കൈമാറാന്‍ യു എ ഇ എക്‌സ്‌ചേഞ്ചിനെയാണ് ആശ്രയിക്കുന്നത്.
ഈ സാഹചര്യത്തില്‍ ബേങ്കിംഗ് സേവനത്തിന് ആര്‍ ബി ഐ അനുമതി നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങളും കിടയറ്റ സാങ്കേതിക വിദഗ്ധരും നമ്മുടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യമുണ്ടെന്നതും കമ്പനിയുടെ ശക്തിയാണ്. അനുമതി ലഭിച്ചാല്‍ 18 മാസത്തിനകം പൂര്‍ണ തോതില്‍ ബേങ്കിംഗ് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടിയുടെ ബിസിനസാണ് യു എ ഇ എക്‌സ്‌ചേഞ്ച് നടത്തിയത്. 21 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ സാധിച്ചു. 3,400 ജീവനക്കാരുള്ള സ്ഥാപനം ഇന്ത്യയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ സ്ഥാപനമാണ്. ആഗോള തലത്തില്‍ 31 രാജ്യങ്ങളിലായി 700 ശാഖകള്‍ കമ്പനിക്കുണ്ടെന്നും ഷെട്ടി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest