Connect with us

Gulf

ജോലിയില്ലാത്ത വര്‍ക് പെര്‍മിറ്റ്: ഒരു വര്‍ഷം വിലക്ക്

Published

|

Last Updated

ദുബൈ: ജോലി ചെയ്യാത്ത കമ്പനിയുടെ വര്‍ക് പെര്‍മിറ്റ് കൈവശം വെക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം. ഏതെങ്കിലും കമ്പനിയുടെ വിസയില്‍ നില്‍ക്കുകയും ആ കമ്പനിക്കായി ജോലി ചെയ്യാതെ മറ്റെന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് നിലപാട് കര്‍ശനമാക്കുകയെന്ന് തൊഴില്‍ മന്ത്രാലയ അസി. അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് അല്‍ സുവൈദി വിശദീകരിച്ചു.
സ്‌പോണ്‍സറും തൊഴിലാളിയും തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ തൊഴില്‍ ബന്ധം ഇല്ലാതാക്കാനാണ് നടപടി. തൊഴില്‍ദാതാവ് വിസ ക്യാന്‍സല്‍ ചെയ്യുകയോ പുതുക്കുകയോ ചെയ്യാതിരുന്നാല്‍ അത് സര്‍ക്കാരിനോടുള്ള വഞ്ചനയായി കണക്കാക്കും. ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ടു പിഴ കുറക്കാനായി കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകളെ കുറിച്ച് മന്ത്രാലയം അന്വേഷിച്ചു വരികയാണ്. ഇത്തരം കേസുകളില്‍ അധികം വൈകാതെ നടപടി സ്വീകരിക്കും. എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും വിസാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
പുതിയ നിയമങ്ങളെക്കുറിച്ച് സ്‌പോണ്‍സര്‍ വേണ്ടത്ര അറിവില്ലാത്തവരാണെന്ന് തെളിയുന്ന കേസില്‍ ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പിഴ കുറക്കുന്നത് ആലോചിക്കും. എന്നാല്‍ സ്വന്തം സ്ഥാപനത്തിലോ കമ്പനിയിലോ ജോലി ഇല്ലാതിരിക്കുന്ന തൊഴിലാളിക്ക് പുറത്ത് മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ അവസരം നല്‍കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് ഈ ആനുകൂല്യം നല്‍കില്ല. ഇത്തരം കേസുകളില്‍ കമ്പനികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും എതിരെ പിഴ ചുമത്തുമെന്നും സുവൈദി മുന്നറിയിപ്പ് നല്‍കി.