Connect with us

Gulf

കമ്പനികളുടെ സേവനങ്ങള്‍ നിര്‍ത്തിവെക്കും: മന്ത്രാലയം

Published

|

Last Updated

അബുദാബി:നിയമലംഘനം നടത്തിയ കമ്പനി ഉടമക്ക് മറ്റൊരു സ്ഥാപനത്തിന്റെ പേരിലും പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുകയില്ലെന്ന് തൊഴില്‍ മന്ത്രാലയം. ഇയാള്‍ക്ക് പുതിയ കമ്പനി കാര്‍ഡ് മന്ത്രാലയത്തില്‍ തുറക്കാനും സാധിക്കുകയില്ല.

നിയമലംഘനം നടത്തിയ കമ്പനി ഉടമ പാര്‍ട്ണറായ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാകും. തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് അറിയിച്ചതാണിത്. നിയമം ലംഘിച്ച കമ്പനി ഉടമയെ മന്ത്രാലയം കാര്യങ്ങള്‍ ധരിപ്പിച്ച് പരിഹരിക്കാന്‍ സമയം നല്‍കും. അനുവദിച്ച സമയത്തിനകം മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമിക്കാത്ത ഉടമകളുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ ഇടപാടുകളും മന്ത്രാലയം നിര്‍ത്തിവെക്കും.
പുതിയ തൊഴിലാളികളെ പുറത്തു നിന്ന് കൊണ്ടുവരാനോ രാജ്യത്തിനകത്തു നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിലൂടെ ആവശ്യക്കാരെ എടുക്കാനോ അനുമതി നല്‍കുകയില്ല. പുതിയ സ്ഥാപനത്തിന്റെ കമ്പനി കാര്‍ഡ് മന്ത്രാലയവുമായി ബന്ധപ്പെട്ട് തുറക്കാനോ സാധിക്കുകയുമില്ലെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഭര്‍ത്താവിന്റെയോ പിതാവിന്റെയോ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ലേബര്‍ കാര്‍ഡും മറ്റു താല്‍ക്കാലിക ലേബര്‍ കാര്‍ഡുകളും നല്‍കുന്നതും നിര്‍ത്തിവെക്കും. നിയമം ലംഘിച്ച സ്ഥാപന ഉടമ പങ്കാളിയായ മറ്റു സ്ഥാപനങ്ങളുടെ കമ്പനി കാര്‍ഡുകളിലെ ഭേദഗതിയും മന്ത്രാലയം അനുവദിക്കുകയില്ല.
രണ്ടോ അതിലധികമോ മാസം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരിക്കുക, മന്ത്രാലയത്തിനോ കീഴിലുള്ള വകുപ്പുകള്‍ക്കോ നല്‍കേണ്ട പിഴ സംഖ്യകള്‍ നാലു മാസമായിട്ടും അടക്കാതിരിക്കുക, പുതിയ തൊഴിലാളി രാജ്യത്ത് എത്തി നാല് മാസമായിട്ടും ലേബര്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കാതിരിക്കുക, കാലാവധി തീര്‍ന്ന ലേബര്‍ കാര്‍ഡ് നാലു മാസമായിട്ടും പുതുക്കാതിരിക്കുക, സ്ഥാപന ലൈസന്‍സ് കാലാവധി തീര്‍ന്ന് നാല് മാസമായിട്ടും പുതുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ ഏതെങ്കിലുമൊന്ന് നടത്തിയ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളാണ് തൊഴില്‍ മന്ത്രാലയം മരവിപ്പിക്കുക.
ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്ന സ്ഥാപന ഉടമകളെ മന്ത്രാലയം രണ്ടു പ്രാവശ്യം നോട്ടീസ് നല്‍കി അറിയിക്കും. രണ്ടു മാസത്തെ സമയവും നല്‍കും. ഈ കാലയളവില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കില്‍ നടപടി സ്വീകരിക്കും. ആദ്യത്തെ നാല് നിയമലംഘനങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ച ഉടനെ ഫയല്‍ തുറന്നു കൊടുക്കും. അഞ്ചാമത്തെ നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ച് മൂന്ന് മാസങ്ങള്‍ക്കു ശേഷം മാത്രമേ മരവിപ്പിച്ച കമ്പനി ഫയല്‍ തുറന്നു കൊടുക്കുകയുള്ളൂവെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest