Connect with us

National

ഭക്ഷ്യ സുരക്ഷാ ബില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്‍ ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിര്‍ധനര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസകരമായ വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം ഇനി അവകാശമാകും. റേഷന്‍ കാര്‍ഡുകള്‍ മാതാവിന്റെ പേരിലാകും നല്‍കുക. ഒരു ലക്ഷം കോടിയിലധികം രൂപയാണ് ഭക്ഷ്യസുരക്ഷക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഓര്‍ഡിനന്‍സ് ഇന്ന് തന്നെ രാഷ്ട്രപതിക്ക് അയക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ വി തോമസ് പറഞ്ഞു.

ഗ്രാമീണ ജനങ്ങളില്‍ 75 ശതമാനത്തിനും നഗര ജനവിഭാഗത്തിന്റെ 50 ശതമാനത്തിനും ഭക്ഷണം അവകാശമാകുമെന്നതാണ് ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സിന്റെ പ്രത്യേകത. ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്ഥകള്‍:

  • യോഗ്യതയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് ഒരു മാസം സബ്‌സിഡിയോടെ അഞ്ച് കിലോ ഭക്ഷ്യധാന്യം
  • മൂന്ന് രൂപക്ക് അരി, ഗോതമ്പിന് രണ്ട് രൂപ, ധാന്യങ്ങള്‍ക്ക് ഒരു രൂപ
  • പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ ഒരു അംഗത്തിന് മാസം മൂന്ന് കിലോ ഭക്ഷ്യധാന്യങ്ങള്‍ താങ്ങുവിലയുടെ 50 ശതമാനത്തില്‍ കൂടാതെ അനുവദിക്കും.
  • മുലയൂട്ടുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും സൗജന്യമായി ഭക്ഷണം. ഗര്‍ഭകാല സഹായത്തിനായി ആറായിരം രൂപയും നല്‍കും
  • ആറ് മാസം മുതല്‍ ആറ് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം
  • പൊതുവിതരണ സംവിധാനത്തില്‍ അടിമുടി കമ്പ്യൂട്ടര്‍വത്കരണം.
  • പരാതികള്‍ പരിഹരിക്കാന്‍ ത്രിതല സംവിധാനം

ഭക്ഷ്യസുരക്ഷ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കണക്കിലെടുത്താണ് ധൃതിപ്പെട്ട തീരുമാനമെടുത്തത്.

Latest