Connect with us

Ongoing News

ധര്‍മം രക്ഷാകവചം

Published

|

Last Updated

മനുഷ്യന്റെ ഏറ്റവും വലിയ രക്ഷാകവചമാണ് ധര്‍മം. ധര്‍മം ചെയ്യുക എന്നത് അതീവ ലളിതവുമാണ്. ധര്‍മം ചെയ്യാന്‍ നിങ്ങളുടെ പക്കല്‍ വിലപിടിപ്പുള്ളതൊന്നും വേണമെന്നില്ല. ധര്‍മം ചെയ്യാനുള്ള മനസ്സ് മാത്രം മതി. അതുകൊണ്ട് മാത്രം ജീവിതം ധര്‍മ മാര്‍ഗത്തിലാക്കാവുന്നതേ ഉള്ളൂ.

അബൂഹുറൈറ (റ) നിവേദനം ചെയ്ത ഒരു ഹദീസുണ്ട്: “”നബി സല്ലല്ലാഹു അലൈഹിവസല്ലമ അരുളി: സൂര്യന്‍ ഉദിക്കുന്ന ഓരോ ദിവസവും മനുഷ്യന്റെ സന്ധികളുടെ ഓരോ എണ്ണമനുസരിച്ച് അവന്‍ ധര്‍മം ചെയ്യേണ്ടതുണ്ട്. നീ രണ്ടു പേര്‍ക്കിടയില്‍ നീതി പാലിക്കല്‍ ധര്‍മമാണ്. ഒരാളെ അവന്റെ വാഹനത്തില്‍ കയറാന്‍ സഹായിക്കലും അവന്റെ ഉപകരണങ്ങള്‍ അതിന്മേല്‍ എടുത്തുവെക്കലും ധര്‍മമാണ്. നല്ല വാക്ക് സംസാരിക്കലും ധര്‍മമാണ്. നിസ്‌കരിക്കുവാന്‍ വേണ്ടി നീ ചവിട്ടുന്ന ഓരോ ചവിട്ടടിയും ധര്‍മമാണ്. വഴിയില്‍ നിന്ന് ഉപദ്രവമുള്ള വസ്തുക്കള്‍ നീക്കിക്കളയലും ധര്‍മമാണ്.”” നോക്കൂ, ധര്‍മത്തിന്റെ രാജപാത! എത്രമാത്രം ഋജുവും വിശാലവുമാണത്. സൗകര്യങ്ങളും സമ്പത്തും ഇല്ലാത്തതുകൊണ്ടാണ് താന്‍ ധര്‍മം ചെയ്യാത്തതെന്നു പറയുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? സമ്പന്നനു മാത്രമേ ധര്‍മം ചെയ്യാന്‍ കഴിയൂ എന്നുമില്ലല്ലോ. സൂര്യന്‍ ഉദിക്കുന്ന ഒരു ദിവസത്തിലേക്ക് നിങ്ങള്‍ ഉണര്‍ന്നു വന്നാല്‍ മനുഷ്യന്റെ സന്ധികളുടെ എണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ടതുണ്ട് എന്നാണ് നിര്‍ദേശം. തീര്‍ച്ചയായും, ആരോഗ്യത്തോടുകൂടി ഉണര്‍ന്നെണീക്കാന്‍ കരുണ കാണിച്ച പ്രപഞ്ചനാഥനോട് അവിടത്തെ സൃഷ്ടിയായ മനുഷ്യന്‍ നന്ദി കാണിക്കേണ്ടതുണ്ട് എന്നാണ് ഇതിന്റെ താത്പര്യം. സ്രഷ്ടാവിനോട് നന്ദി കാണിക്കാനായി കാണിച്ചുതന്ന മാര്‍ഗമാണ് ധര്‍മം.

ദാനവും ഒരു ധര്‍മമാണ്. എന്നുവെച്ച്, ദാനം മാത്രമല്ല ധര്‍മം. എല്ലാ ദിവസവും ദാനം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. എന്നാല്‍ എല്ലാ ദിവസവും എല്ലാ നാഴികകളിലും എല്ലാ നിമിഷങ്ങളിലും ധര്‍മം ചെയ്തുകൊണ്ടിരിക്കാന്‍ ആര്‍ക്കും സാധിക്കും. സ്രഷ്ടാവിനോട് നന്ദി കാണിക്കാനായി നിങ്ങളുടെ മനസ്സൊന്നു ചിട്ടപ്പെടുത്തിയാല്‍ മതി. ധര്‍മ മാര്‍ഗത്തിലുള്ള ജീവിതം എത്രമാത്രം ലളിതമാണെന്നു ബോധ്യമാവും.

നല്ല വാക്ക് സംസാരിക്കാനുള്ള എത്രയെത്ര അവസരങ്ങളാണ് ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത് എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അതൊക്കെയും നാം ഉപയോഗിച്ചിട്ടുണ്ടോ എന്നുകൂടി ആലോചിക്കുക. ഇല്ലെന്നു നമുക്കു തന്നെ ബോധ്യമാവും. അഹന്തയോ അഹങ്കാരമോ നമ്മെക്കുറിച്ചു തന്നെ നമുക്കുള്ള മിഥ്യാബോധമോ എന്തോ ഒന്ന് പലപ്പോഴും നല്ല വാക്കുകളില്‍ നിന്നു നമ്മെ അകറ്റുന്നു. ധര്‍മം ചെയ്യാന്‍ കൈവരുന്ന മറ്റെല്ലാ അവസരങ്ങളിലും അതു തന്നെയാണ് സംഭവിക്കുന്നത്. വാഹനത്തില്‍ കയറാന്‍ പ്രയാസപ്പെടുന്ന ഒരു വൃദ്ധനോ രോഗിയോ നമ്മുടെ കണ്ണില്‍പ്പെട്ടാല്‍, വഴിവക്കിലൊരു കല്ലോ കുപ്പിച്ചില്ലോ കണ്ടാല്‍, രണ്ടുപേര്‍ തമ്മിലുള്ള ഒരു തര്‍ക്കത്തില്‍ നീതി ഉപദേശിക്കാന്‍ ഒരവസരം വന്നാല്‍- അഹന്തയോ അഹങ്കാരമോ അഹംബോധമോ അങ്ങനെയെന്തെങ്കിലും ഒന്ന് നമ്മെ തടസ്സപ്പെടുത്തുന്നുണ്ടെങ്കില്‍ മറ്റൊന്നുകൂടി അറിഞ്ഞുവെക്കുക. ധര്‍മ മാര്‍ഗത്തില്‍ ചരിക്കുക എന്നാല്‍ അവനോട് തന്നെയുള്ള ഏറ്റുമുട്ടലാണ് എന്ന്. അഹങ്കാരവുമായുള്ള യുദ്ധമാണ്. അവനവന്റെ മനസ്സിലെ അഹംബോധത്തെ തകര്‍ത്തെറിയാന്‍ ഏറ്റവും പറ്റിയ ആയുധം സൂക്ഷ്മതയാണ്. ഒരു ദിവസത്തെ ഓരോ നിമിഷത്തിലും സൂക്ഷ്മത പാലിക്കുക. അപ്പോള്‍ ഓരോ അവസരത്തിലും ധര്‍മം പാലിക്കാന്‍ കഴിയും. ധര്‍മത്തിന്റെയും സൂക്ഷ്മതയുടെയും അടിസ്ഥാനം സ്രഷ്ടാവിനോടുള്ള നന്ദിയാണെന്ന് അതോടെ ബോധ്യപ്പെടും. അതു തന്നെയാണ് ഭക്തി. നിര്‍ദേശങ്ങള്‍ പാലിക്കുക. ധര്‍മം പാലിക്കുക. സൂക്ഷ്മത പുലര്‍ത്തുക. അല്ലാഹുവിന്റെ ഭക്തരില്‍ ഉള്‍പ്പെടുക. ജീവിത വിജയം ഉറപ്പ്!

Latest