Connect with us

Gulf

സ്വഭാവ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ വഴി

Published

|

Last Updated

ദുബൈ:സ്മാര്‍ട്ട് ഗവണ്‍മെന്റ് സ്വപ്‌നം സാക്ഷാത്കരിക്കുന്നതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ദുബൈ പോലീസ്, വിവിധ ആവശ്യങ്ങള്‍ക്ക് സ്വദേശികളും വിദേശികളും ധാരാളമായി ഉപയോഗിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനായി ലഭ്യമാക്കും.

പോലീസ് സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന കുറ്റാന്വേഷണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച് ഒന്നോ രണ്ടോ ദീവസങ്ങള്‍ക്കു ശേഷം നേരിട്ട് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനു പകരം അപേക്ഷ സമര്‍പ്പണവും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റലും സ്മാര്‍ട്ട് ഫോണ്‍ വഴിയാക്കുന്നതിലൂടെ വന്‍ മുന്നേറ്റമാണ് സാങ്കേതിക സേവന മേഖലയില്‍ ദുബൈ പോലീസ് നടത്തുന്നത്.
പോലീസിലെ ഫിംഗര്‍ പ്രിന്റ് ഡാറ്റയില്‍ അംഗങ്ങളായവര്‍ക്കും ഏകീകൃത ക്രിമിനല്‍ കോഡ് നമ്പര്‍ നിലവിലുള്ളവര്‍ക്കും മാത്രമേ ഈ സേവനം ലഭ്യമാകൂവെന്ന് ദുബൈ പോലീസ് ഉപമേധാവി ബ്രിഗേഡിയര്‍ ഖമീസ് മതര്‍ അല്‍ മുസീന അറിയിച്ചു.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഗവണ്‍മെന്റ വകുപ്പുകളില്‍ പുതുതായി ജോലിയില്‍ ചേരാനും പി ആര്‍ കാര്‍ഡ് പോലെയുള്ളവ പുതുക്കാനും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിസ അപേക്ഷകള്‍ക്കുമൊക്കെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രണ്ടു തവണ ഈ ആവശ്യത്തിനായി പോലീസ് സ്‌റ്റേഷനുകളില്‍ കയറിയിറങ്ങി സമയം നഷ്ടപ്പെടുന്ന സാഹചര്യം ഇതുമൂലം ഇല്ലാതാകും. പോലീസിലേക്ക് അറിയിക്കേണ്ട ഏതുതരം പരാതികളും എസ് എം എസിലൂടെ അറിയിച്ചാല്‍ അത് പിന്തുടര്‍ന്ന് ആവശ്യമായ നിയമനടപടികള്‍ ആരംഭിക്കാനുള്ള സൗകര്യങ്ങളെ കുറിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അല്‍ മുസീന അറിയിച്ചു. ലഭ്യമായ സാങ്കേതിക വിദ്യകള്‍ പരമാവധി സമൂഹത്തിന്റെ സേവനത്തിനായി ഉപയോഗപ്പെടുത്താന്‍ ദുബൈ പോലീസ് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സമയത്ത് തന്നെ ബന്ധപ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ വഴി സന്ദേശം കൈമാറാന്‍ ഉതകുന്ന ഏറ്റവും പുതിയ 100 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പട്രോള്‍ നടത്തുന്ന സംഘത്തിന് നല്‍കിയതായും അദ്ദേഹം പറഞ്ഞു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ നമ്പറും ലംഘനത്തിന്റെ സ്വഭാവവും മാത്രം ഈ ഉപകരണത്തില്‍ രേഖപ്പെടുത്തിയാല്‍ വാഹന ഉടമക്ക് അതുമായി ബന്ധപ്പെട്ട സന്ദേശം മൊബൈലിലൂടെ ലഭിക്കും.

 

---- facebook comment plugin here -----

Latest