Connect with us

National

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ്‌: വികാസിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

Published

|

Last Updated

പുനെ: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ വികാസ് ഗൗഡയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഡിസ്‌കസ് ത്രോയില്‍ 64.90 മീറ്റര്‍ എറിഞ്ഞാണ് വികാസ് സ്വര്‍ണം നേടിയത്. നാലാമത്തെ ത്രോയിലാണ് ഇന്ത്യന്‍ താരം മികച്ച ദൂരം കണ്ടെത്തിയത്. മീറ്റില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ സ്വര്‍ണമാണിത്.
വനിതകളുടെ 400 മീറ്റില്‍ പൂവമ്മ വെള്ളി നേടിയിരുന്നു. ആദ്യ ദിനം നേടിയ രണ്ട് വെങ്കലമുള്‍പ്പടെ നാല് മെഡലുകളായി ഇന്ത്യക്ക്. 53.47 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൂവമ്മ വെള്ളി കരസ്ഥമാക്കിയത്. 52.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ സോയാന്‍മിനാണ് സ്വര്‍ണം. ലബനന്റെ തസ്ലാകിയന്‍ ഗ്രെറ്റ (53.43)ക്കാണ് വെങ്കലം. ഇന്ത്യയുടെ അനു മറിയം ജോസിന് 53.49 സെക്കന്‍ഡില്‍ നാലാം സ്ഥാനത്തെത്താനെ സാധിച്ചുള്ളൂ. 400 മീറ്ററില്‍ ലെബനന്റെ ആദ്യ ഏഷ്യന്‍ മെഡലാണ് ഗ്രെറ്റ നേടിയത്. രണ്ട് വര്‍ഷം മുമ്പ് കോബെയില്‍ 200 മീറ്ററില്‍ വെള്ളി നേടിയ താരമാണ് ഗ്രെറ്റ.
ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്നു പൂവമ്മ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ നിരാശയായി. ഇതോടെ മോസ്‌കോയില്‍ നടക്കുന്ന ലോക ചാമ്പന്‍ഷിപ്പിന് യോഗ്യത നേടാനും പൂവമ്മക്ക് കഴിഞ്ഞില്ല. പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 52.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പൂവമ്മക്ക് ഇവിടെ ആ ഫോം പുറത്തെടുക്കാന്‍ സാധിക്കാതെ പോയി.
എം.ജി. രാജു, എം.ആര്‍. ജാജി ദമ്പതികളുടെ മകളാണ് കഴിഞ്ഞ ഏഷ്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ മൂന്നു സ്വര്‍ണം നേടിയ പൂവമ്മ. 2012ല്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയിരുന്നു.

Latest