Connect with us

Gulf

സൗരോര്‍ജ പദ്ധതികള്‍ വരുന്നു

Published

|

Last Updated

ദുബൈ:പരിസ്ഥിതി സൗഹൃദ ഊര്‍ജമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജി സി സി രാജ്യങ്ങളില്‍ 155 ബില്ല്യണ്‍ ചെലവില്‍ സൗരോര്‍ജ പദ്ധതികള്‍ വരുന്നു. 2017 ആവുമ്പോഴേക്കും പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് മേഖലയിലെ ഭരണാധികാരികള്‍ കണക്ക് കൂട്ടുന്നത്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൗരോര്‍ജം ഉപയോഗിക്കുന്ന മേഖലകളില്‍ ഒന്നായി ജി സി സി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചതായി അടുത്ത സെപ്തംബറില്‍ ദുബൈയില്‍ നടക്കുന്ന ഗള്‍ഫ് സോള്‍ 2013 ന്റെ സംഘാടകര്‍ വ്യക്തമാക്കി.

മേഖലയുടെ ഭാവിക്ക് സൗരോര്‍ജം എന്നതാണ് മൂന്നു ദിവസം നീളുന്ന വ്യവസായികളും നേതാക്കളും മറ്റും പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ലക്ഷ്യം. ഭാവിയില്‍ എണ്ണയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയെന്നത് അസാധ്യമാവുമെന്ന തിരിച്ചറിവും ഇത് പ്രകൃതിക്ക് ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയുമെല്ലാം പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ വര്‍ഷം എണ്ണ ബാരലിന് 100 ഡോളറില്‍ എത്തിയിരുന്നു. ഇതോടൊപ്പം പ്രകൃതി വാതകത്തിന്റെ വിലയില്‍ ഒരു എം എം ബി ടി യു(മില്ല്യണ്‍ മെട്രിക് ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) വിന് 18 ഡോളറിന്റെ വര്‍ധനവ് സംഭവിച്ചു. ആണവ ദുരന്തത്തെ തുടര്‍ന്ന ജപ്പാന്‍ ഇത്തരം പ്ലാന്റ് അടച്ചുപൂട്ടിയതോടെ എണ്ണയുടെ വര്‍ധിച്ച ആവശ്യമാണ് വിലയില്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കിയതെന്ന് ഗള്‍ഫ് സോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആണവ റിയാക്ടറുകള്‍ സ്ഥാപിച്ച പ്രദേശങ്ങളില്‍ നേരിട്ടുള്ള റേഡിയേഷന്റെ തോത് പ്രതിദിനം ആറു കിലോ വാട്ട്‌സ് പെര്‍ സ്‌ക്വയര്‍ മീറ്റര്‍ എന്ന ഭീതിതമായ അവസ്ഥയിലേക്ക് എത്തിയത് പല വികസിത രാജ്യങ്ങളെയും ആണവ ഊര്‍ജത്തില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിച്ചിരുന്നു. സൗരോര്‍ജ പ്ലാന്റുകളുമായി ബന്ധപ്പെട്ട പൈപ്പ് ലൈനുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ക്ക് ഗള്‍ഫ് മേഖലയില്‍ വിലയില്‍ സംഭവിച്ച കുറവും മേഖലയെ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ ഹബായി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ ഭരണകൂടം മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിനായി 320 കോടി ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്.
2030ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയാണ് നിലവില്‍ മേഖലയില്‍ പ്രഖ്യാപിച്ച ഏറ്റവും വലുത്. 48 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണത്തിലിരിക്കുന്ന ഈ പദ്ധതി സാക്ഷാത്ക്കരിക്കുക. ഒരു ജിഗാവാട്ടാണ് ഇതിന്റെ ശേഷി.
രണ്ടാമത്തെ മുഖ്യ പദ്ധതി നടപ്പാക്കുന്നത് അബുദാബിയിലെ മസ്ദര്‍ സിറ്റിയിലാണ്. 10 മെഗാവാട്ട് ഫോട്ടോവോള്‍ട്ടൈക് പ്ലാന്റാണിത്. അബുദാബി എമിറേറ്റിലെ ആദ്യ വന്‍ സോളാര്‍ തെര്‍മല്‍ പദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ സൗരോര്‍ജ നഗരം പൂര്‍ത്തിയാവുന്നതോടെ 50,000 ഓളം കുടുംബങ്ങള്‍ക്കും 1,500 കമ്പനികള്‍ക്കും ആവശ്യമായ വൈദ്യുതി ലഭിക്കും.
ബ്രിട്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബേങ്കുമായി സഹകരിച്ച് 600 കോടി ദിര്‍ഹമാണ് ഇതിനായി ചെലവഴിക്കുക. മൊത്തം ആവശ്യമായി വരുന്ന വൈദ്യുതിയുടെ ഏഴു ശതമാനം പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നും കണ്ടെത്താനാണ് അബുദാബി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
സഊദി അറേബ്യ 54 ജിഗോ വാട്ട്‌സ് പരിസ്ഥിതി സൗഹൃദ ഊര്‍ജമാണ് 2032 ആവുമ്പോഴേക്കും ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 41 ജിഗോ വാട്ട്‌സും സൗരോര്‍ജത്തില്‍ നിന്നാവും. ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളും പരിസ്ഥിതി സൗഹൃദ ഊര്‍ജത്തിലേക്ക് കണ്ണ്‌നട്ടിരിക്കയാണ്. സെപ്തംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ദുബൈയില്‍ നടക്കുന്ന ഗള്‍ഫ് സോള്‍ 2013 ഈ ലക്ഷ്യത്തിലേക്കുള്ള മുഖ്യ കാല്‍വെപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest