Connect with us

Gulf

ദുബൈ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സ്മാര്‍ട്ട് റൂട്ട് മാപ്പില്‍ പരിശീലനം നല്‍കും

Published

|

Last Updated

ദുബൈ:ടാക്‌സി കാറുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് റൂട്ട് മാപ്പ് ഉപയോഗിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സേവനം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കാനാണിത്.

യാത്രക്കാരന് എത്തേണ്ട സ്ഥലം കൃത്യമായി ഡ്രൈവര്‍മാര്‍ക്ക് അറിയാതെ വരുന്നതുമൂലമുള്ള പരാതികള്‍ ഒഴിവാക്കാനും ഈ സംവിധാനം വ്യാപകമാക്കുന്നതിലൂടെ കഴിയും. എല്ലാ ദിവസങ്ങളിലും വ്യത്യസ്ത സമയങ്ങളിലാണ് പരിശീലന പരിപാടികള്‍ നടക്കുക. ദുബൈ ടാക്‌സിയുടെ കീഴില്‍ 8,000 ഓളം ഡ്രൈവര്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ക്രമേണ പരിശീലനം നല്‍കുമെന്ന് ആര്‍ ടി എ വക്താവ് മര്‍വാന്‍ ഉസ്മാന്‍ പറഞ്ഞു.
യാത്രക്കാര്‍ക്കെന്ന പോലെ ഡ്രൈവര്‍മാര്‍ക്കും ഇത് ഏറെ ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ചും പുതുതായി ചേരുന്നവര്‍ക്ക്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭിക്കുന്ന മേഖലയായി ടാക്‌സി സര്‍വീസ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസവും 90 ഡ്രൈവര്‍മാര്‍ക്ക് രണ്ടു മണിക്കൂര്‍ വീതമാണ് പരിശീലനം നല്‍കുക. വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരിശീലനം നല്‍കുക. നിലവില്‍ ആര്‍ ടി എക്കു കീഴിലുള്ള 3,504 കാറുകളില്‍ സ്മാര്‍ട്ട് റൂട്ട് മാപ്പ് അപ്‌ഡേറ്റ് ചെയ്തതായും ദുബൈ ടാകിസി വൃത്തങ്ങള്‍ പറഞ്ഞു.
ടൂറിസ്റ്റുകള്‍ക്ക് ഏറെ ആവശ്യമായി വരുന്ന ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സ്മാര്‍ട്ട് റൂട്ട് മാപ്പില്‍ പ്രത്യേകം സംവിധാനിച്ചിട്ടുണ്ട്.

Latest