Connect with us

International

പ്രക്ഷോഭവുമായി ബ്രദര്‍ഹുഡ്;ഈജിപ്ത് കത്തുന്നു

Published

|

Last Updated

കൈറോ: പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിച്ചും പട്ടാള അട്ടിമറിയില്‍ പ്രതിഷേധിച്ചും ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് (ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍) പ്രക്ഷോഭം ആരംഭിച്ചു. തലസ്ഥാനമായ കൈറോയിലും സമീപ നഗരങ്ങളിലും ഇന്നലെ ജുമുഅ നിസ്‌കാരത്തിന് ശേഷം നടന്ന പ്രക്ഷോഭം അക്രമാസക്തമായി. മുര്‍സിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച കൈറോയിലെ മന്ദിരത്തിലേക്ക് നടന്ന പ്രകടനത്തിനു നേരെ പട്ടാളം നിറയൊഴിച്ചതായും ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
മുഹമ്മദ് മുര്‍സിയെയും അനുയായികളെയും തടവിലാക്കി അധികാരം ഏറ്റെടുത്ത സൈന്യം ബ്രദര്‍ഹുഡ് പ്രക്ഷോഭത്തെ നേരിടാന്‍ രാജ്യത്ത് കനത്ത സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂയസ്, തെക്കന്‍ സിനാന്‍, കൈറോ എന്നിവിടങ്ങളില്‍ ശക്തമായ സന്നാഹത്തോടെ സൈന്യം സജ്ജമാണ്. അതിനിടെ, പട്ടാളം ഭരണം ഏറ്റെടുത്ത സാഹചര്യത്തില്‍ ഈജിപ്തിനെ ആഫ്രിക്കന്‍ യൂനിയന്‍ പുറത്താക്കി. യൂനിയന്റെ രക്ഷാസമിതിയില്‍ നിന്നടക്കം എല്ലാ അംഗത്വത്തില്‍ നിന്നും ഈജിപ്തിനെ ഒഴിവാക്കിയതായി ആഫ്രിക്കന്‍ യൂനിയന്‍ രക്ഷാസമിതി മേധാവി അഡ്‌മോര്‍ കംബുദ്‌സി വ്യക്തമാക്കി. ഒ എ യു വിലെ 54 അംഗ രാജ്യങ്ങളുടെ തീരുമാന പ്രകാരമാണ് പുറത്താക്കലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട ഹുസ്‌നി മുബാറക്കിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ മുര്‍സി, രണ്ട് മാസങ്ങള്‍ക്ക് മുമ്പ് തംറദ് (ദി റിബല്‍) എന്ന വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പുറത്താക്കപ്പെടുന്നത്. പ്രക്ഷോഭം നിയന്ത്രിക്കുന്നതില്‍ മുര്‍സി പരാജയപ്പെട്ടതോടെ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു.
മുര്‍സിക്ക് അനുകൂലമായ ബ്രദര്‍ഹുഡ് പ്രക്ഷോഭത്തെ നിയന്ത്രിക്കാന്‍ സൈനിക മേധാവികള്‍ ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രദര്‍ഹുഡ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമാധാനപരമായി പ്രക്ഷോഭം നടത്താന്‍ അവകാശമുണ്ടെന്നും നിയമം ദുരുപയോഗം ചെയ്താല്‍ ശക്തമായി പ്രതികരിക്കുമെന്നും സൈനിക മേധാവി ജനറല്‍ അബ്ദുല്‍ ഫത്താഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഭരണത്തില്‍ പങ്കാളിയാകാനും തിരഞ്ഞെടുപ്പുമായി സഹകരിക്കാനും ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ നേതാക്കളോട് അധികാരത്തിലേറിയ താത്കാലിക പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ശക്തമായ പ്രക്ഷോഭത്തിലൂടെ ഭരണം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ബ്രദര്‍ഹുഡ്.
ഈജിപ്തിലെ സൈനിക അട്ടിമറിയിലും തുടര്‍ന്നുണ്ടാകുന്ന ഏറ്റുമുട്ടലിലും ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നതായി യു എന്‍ മനുഷ്യാവകാശ സമിതി മേധാവി നവി പിള്ള പറഞ്ഞു.

Latest