Connect with us

Gulf

മൃതദേഹം നാട്ടിലെത്തിക്കല്‍; എയര്‍ ഇന്ത്യ സര്‍ക്കുലര്‍ വിവാദമാകുന്നു

Published

|

Last Updated

മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് കൂടുതല്‍ സങ്കീര്‍ണതകള്‍. മരിച്ചയാളെ സംബന്ധിച്ചുള്ള രേഖകള്‍ ചുരുങ്ങിയത് 48 മണിക്കൂര്‍ മുമ്പ് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കാര്‍ഗോ ഏജന്റുമാര്‍ക്ക് ഇന്നലെ എയര്‍ ഇന്ത്യ സര്‍കുലര്‍ നല്‍കി. മൃതശരീരങ്ങള്‍ ബന്ധുക്കളുടെ കൈകളിലേക്ക് അതിവേഗം കൈമാറുക എന്ന മാനുഷിക മര്യാദകളെ മാനിക്കാതെ പുറത്തിറക്കിയ സര്‍കുലറിനെതിരെ പ്രവാസ ലോകത്തു നിന്നും പ്രതിഷേധം ഉയരുകയാണ്.

ഇംഗ്ലീഷിലുള്ള മരണ സര്‍ട്ടിഫിക്കറ്റ്, പോലീസ് സര്‍ട്ടിഫിക്കറ്റ്, മോര്‍ച്ചറി സര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, എംബസിയില്‍ നിന്നുള്ള എന്‍ ഒ സി സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ 48 മണിക്കൂര്‍ മുമ്പ് സമര്‍പ്പിക്കണമെന്നാണ് എയര്‍ ഇന്ത്യയുടെ സര്‍കുലറില്‍ ആവശ്യപ്പെടുന്നത്. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര ഗവണ്‍മെന്റ് എന്നിവരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍കുലറെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. മഞ്ഞപ്പിത്തം, പ്ലേഗ്, ആന്ത്രാക്‌സ്, മറ്റു സാംക്രമിക രോഗങ്ങള്‍ ബാധിച്ചവരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ക്കു വേണ്ടിയാണ് നിയന്ത്രണമെന്നും സര്‍കുലറില്‍ പറയുന്നു.

എന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏര്‍പെടുത്തുന്ന നിയന്ത്രണം ദൂരവ്യാപാകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് ഇതു സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ മിക്ക ഗള്‍ഫ് നാടുകളും സന്നദ്ധമായതിനെത്തുടര്‍ന്ന് ഇപ്പോള്‍ വളരെ വേഗം മൃതദേഹം നാട്ടിലെത്തിക്കാനാകുന്നുണ്ട്. ഉച്ചക്കു മുമ്പ് മൃതദേഹങ്ങള്‍ എംബാം പൂര്‍ത്തിയാകുകയാണെങ്കില്‍ വൈകുന്നരം തന്നെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാനാകുന്നുണ്ടെന്ന് ഈ രംഗത്ത് സേവന പ്രവര്‍ത്തനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. സാധാരണ മരണങ്ങളില്‍ നടപടിക്രമങ്ങള്‍ കുറേക്കൂടി എളുപ്പമാണ്. എന്നാല്‍ പോലീസ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന ഘട്ടത്തില്‍ അസ്വാഭാവിക മരണങ്ങളില്‍ പോലും മൃതദേഹം അതിവേഗം നാട്ടിലെത്തിക്കാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സീബില്‍ തൂങ്ങി മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം പിറ്റേന്നു തന്നെ നാട്ടിലേക്കു കൊണ്ടു പോയിരുന്നു.

മരിച്ചവരുടെ ഭൗതിക ശരീരം അതിവേഗം നാട്ടിലെത്തുക എന്നത് കുടുംബങ്ങളുടെ അഭിലാഷമാണ്. കാരുണ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘനടനകളും പൊതു പ്രവര്‍ത്തകരും ഇതിനായി നിസ്വാര്‍ഥ സേവനങ്ങള്‍ ചെയ്തു വരുന്നു. എന്നാല്‍, യാതൊരു മാനുഷിക പരിഗണനയുമില്ലാത്ത രീതിയാലാണ് പുതിയ സര്‍കുലറിനെ കാണാന്‍ കഴിയുന്നതെന്ന് കൈരളി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യന്‍ പ്രതികരിച്ചു. എംബാമിംഗ് നടത്തുന്നതോടെ മൃതദേഹങ്ങള്‍ അണുബാധകളില്‍നിന്നും മുക്തമാകുന്നുണ്ട്. രേഖകള്‍ നേരത്തെ സമര്‍പ്പിച്ചതു കൊണ്ട് എന്ത് വൈദ്യ പരിശോധനയും നടപടികളുമായി സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരമൊരു തീരുമാനം സര്‍ക്കാറില്‍നിന്നു വരുന്നതിനു പകരം എയര്‍ ഇന്ത്യയില്‍നിന്നും വന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ, വിദേശ വിമാനങ്ങളില്‍ മൃതദേഹം കൊണ്ടുപോകുന്നതിന് 750 റിയാലോളം ചെലവു വരുമ്പോള്‍ എയര്‍ ഇന്ത്യന്‍ എംബസി വഴി എയര്‍ ഇന്ത്യയില്‍ ഇന്ത്യക്കാരുടെ മൃതദേഹം കൊണ്ടു പോകുന്നതിന് 300 റിയാലാണ് ചെലവു വരുന്നത്. എയര്‍ ഇന്ത്യയെ സംബന്ധിച്ച് സാമ്പത്തിക ലാഭം കുറവുള്ള ഈ സേവനം നിരുത്സാഹപ്പെടുത്തുന്നതിനുള്ള ബിസിനസ് താത്പര്യാര്‍ഥമുള്ള നീക്കമാണിതിനു പിന്നിലെന്നും സംശയമുയര്‍ന്നിട്ടുണ്ട്. എല്ലാ എയര്‍ലൈനുകളിലും നിയമം ബാധകാമാണെന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പ്രഖ്യാപിക്കുന്നതിനു പകരം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി എയര്‍ ഇന്ത്യ കൊണ്ടു വരുന്ന പരിഷ്‌കരണമാണിതെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

മൃതദേഹത്തോടു പോലും അനാദരവു കാണിക്കുന്ന നിയന്ത്രണമാണ് സര്‍കുലറിലൂടെ വന്നിരിക്കുന്നതെന്ന് ഒ ഐ സി സി പ്രസിഡന്റ് സിദ്ദീഖ് ഹസന്‍ പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി ഗള്‍ഫ് നാടുകളില്‍ വന്ന് ഒറ്റക്ക് ജോലി ചെയ്ത് ഒടുവില്‍ അപകടങ്ങളില്‍ പെട്ടും അസുഖം പിടിപെട്ടും മരണമടയുന്ന പ്രവാസികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് അതിവേഗം എത്തിക്കുന്നതിനു പോലും തടസം സൃഷ്ടിക്കുന്നതാണ് നിലപാട്. ഭയപ്പെടുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ കാടടച്ചു വെടിവെക്കുന്ന രീതിയില്‍ പ്രവാസികളെയാകെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest