Connect with us

Kozhikode

പുണ്യദിനങ്ങളെ വരവേല്‍ക്കാന്‍ മര്‍കസ് ഒരുങ്ങി

Published

|

Last Updated

കാരന്തൂര്‍: പുണ്യ റമസാനിനെ പ്രാര്‍ഥനാനിരതമാക്കാനും സുകൃത കര്‍മങ്ങളാല്‍ സജീവമാക്കാനും മര്‍കസ് ഒരുങ്ങി.

റമസാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ വൈവിധ്യമാര്‍ന്ന കര്‍മപദ്ധതികളാണ് ഇതിനുവേണ്ടി ഒരുക്കിയിരിക്കുന്നത്. മര്‍കസിലെ അന്തേവാസികള്‍ക്ക് പുറമെ ആയിരത്തോളം പേര്‍ക്ക് നോമ്പ് തുറക്കാനുള്ള ഇഫ്താര്‍ ജല്‍സക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കാരുണ്യത്തിന്റെ പത്തായ ആദ്യ പത്ത് ദിനങ്ങളില്‍ “കരുണയുടെ സ്‌നേഹസ്പര്‍ശം” ഒരുക്കി സത്യവിശ്വാസികള്‍ക്ക് സാന്ത്വനമേകാന്‍ വ്യത്യസ്ത തലത്തിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സമൂഹ നോമ്പ് തുറയില്‍ പങ്കെടുത്ത് പുണ്യം നേടാനുള്ള അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം ആയിരത്തിലധികം പേരാണ് പ്രതിദിനം മര്‍കസ് ഇഫ്താറില്‍ പങ്കെടുത്തത്. മര്‍കസ് വിമന്‍സ് ദഅ്‌വാ പഠന ക്യാമ്പില്‍ പങ്കെടുക്കുന്ന സ്ത്രീകളാണ് ഇഫ്താറിനുള്ള വിഭവങ്ങള്‍ ഒരുക്കുന്നത്. എല്ലാ വീട്ടുകാരും വിഭവങ്ങള്‍ തയ്യാറാക്കി പ്രത്യേക വളണ്ടിയര്‍മാര്‍ മുഖേന മര്‍കസിലെത്തിക്കുന്നു. ഇതിനു പുറമെ നിശ്ചിത വ്യക്തികള്‍ക്ക് ഇഫ്താര്‍ സ്‌പോണ്‍സര്‍ ചെയ്യാനും സംഭാവനകള്‍ നല്‍കാനും അവസരമുണ്ട്.
ഈ മാസം 11 മുതല്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസിയുടെ പഞ്ച ദിന റമസാന്‍ പ്രഭാഷണം മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. “ഖുര്‍ആന്‍ വിളിക്കുന്നു” എന്ന പ്രമേയത്തില്‍ സ്വര്‍ഗത്തിലേക്കുള്ള വഴികള്‍ എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണം. രാവിലെ 10 മുതല്‍ പന്ത്രണ്ട് വരെയാണ് പ്രഭാഷണ സദസ്സ്. കൂടാതെ എല്ലാ ശനി, ഞായര്‍ ദിനങ്ങളില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ശാഫി സഖാഫി മുണ്ടമ്പ്ര, റഹ്മത്തുല്ലാ സഖാഫി എളമരം, വെണ്ണക്കോട് അബൂബക്കര്‍ സഖാഫി എന്നിവരുടെ പ്രഭാഷണങ്ങളും നടക്കും.
റമസാന്‍ പതിനാറിന് ബദ്ര്‍ ദിനാചരണം നടക്കും. റമസാന്‍ 27 ന് രാവിലെ മുതല്‍ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സദസ്സും നടക്കും. ബഷീര്‍ സഖാഫി, ലത്വീഫ് സഖാഫി പെരുമുഖം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ റമസാന്‍ കര്‍മസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
റമസാന്‍ സന്ദേശ പ്രചാരണത്തിനും ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി മര്‍കസ് ദഅ്‌വാ വിംഗ് ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. റമസാനിനോടനുബന്ധിച്ച് മര്‍കസ് രാജ്യത്തുടനീളം നടപ്പാക്കുന്ന സാമൂഹിക സേവനത്തിന്റെ ഭാഗമായാണ് ഇവര്‍ അന്യസംസ്ഥാനങ്ങളിലെത്തുന്നത്.

Latest