Connect with us

Ongoing News

ഇന്ന് മുതല്‍ ഇംഗ്ലണ്ട്-ആസ്‌ത്രേലിയ ചാരക്കളി

Published

|

Last Updated

നോട്ടിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പഴക്കമാര്‍ന്ന ബദ്ധവൈരത്തിന്റെ പുതിയ അധ്യായത്തിലേക്ക് ഇന്ന് ടോസ് ചെയ്യപ്പെടും…അതേ, ഇംഗ്ലണ്ട്-ആസ്‌ത്രേലിയ ആഷസ് പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയില്‍. 1882ല്‍ തുടക്കം കുറിച്ച ഈ ടെസ്റ്റ് പരമ്പരയിലെ വിജയികള്‍ക്ക് ആഷസ് ട്രോഫിയാണ് സമ്മാനം. ആഷസ് പോരാട്ടത്തിന്റെ 67ാം അധ്യായമാണ് ഇംഗ്ലണ്ടില്‍ അരങ്ങേറുന്നത്. ഇതുവരെ ഇരു ടീമുകളും 66 പരമ്പരകളില്‍ കൊമ്പുകോര്‍ത്തു. 31 എണ്ണം വിജയിച്ച ഓസീസാണ് മുന്നില്‍. ഇംഗ്ലണ്ട് 30 പരമ്പരകള്‍ ജയിച്ച് തൊട്ടുപിറകില്‍. അഞ്ച് പരമ്പരകള്‍ സമനിലയിലവസാനിച്ചു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇരു ടീമുകളും മാറി മാറി ആഷസിന് ആതിഥേയത്വം വഹിക്കും. 2010 -സീസണില്‍ ആസ്‌ത്രേലിയയില്‍ നടന്ന പരമ്പര ജയിച്ച ഇംഗ്ലണ്ടിന്റെ കൈകളിലാണ് ആഷസ്.

ആഷസ് തിരിച്ചുപിടിക്കാനാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലുള്ള ഓസീസ് എത്തിയിരിക്കുന്നത്. എന്നാല്‍, അതത്ര എളുപ്പമല്ല. എല്ലാ മേഖലയിലും ഇംഗ്ലണ്ടിന് മേല്‍ക്കൈയുണ്ട്. ആസ്‌ത്രേലിയ പുതിയ പ്രതിഭകളെ കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. പുതിയ കോച്ച് ഡാരന്‍ ലെഹ്മാന്റെ പോസിറ്റീവ് മനോഭാവമാണ് കംഗാരുപ്പടയുടെ ഒളിയമ്പ്.
ആഷസ് പരമ്പരയില്‍ മികച്ച ബാറ്റിംഗ് പ്രകടനം ഇരു ടീമുകളും ആഗ്രഹിക്കുന്നു. ആസ്‌ത്രേലിയയുടെ പ്രതീക്ഷ അവരുടെ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിലാണ്. റിക്കി പോണ്ടിംഗും മൈക്കല്‍ ഹസിയും ഇല്ലാത്ത ബാറ്റിംഗ് നിരയുടെ നട്ടെല്ലാകുക എന്ന ശ്രമകരമായ ദൗത്യവും ക്ലാര്‍ക്കിന്റെ ചുമലിലാണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന് അല്‍പം ആശ്വാസമുണ്ട്. കെവിന്‍ പീറ്റേഴ്‌സനിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. പരുക്ക് കാരണം ഐ പി എല്ലില്‍ നിന്നും പിന്‍മാറിയ പീറ്റേഴ്‌സന്‍ ആഷസ് ലക്ഷ്യമിട്ട് ഒരുങ്ങുകയായിരുന്നു. ക്ലാര്‍ക്കിനും പരമ്പരക്ക് മുമ്പായി വിശ്രമകാലമുണ്ടായിരുന്നു. ഇതു തന്നെയാണ് ഇവരെ ബാറ്റിംഗ് ഫേവറിറ്റുകളാക്കുന്നത്.
ഫോമിലേക്കുയര്‍ന്നാല്‍ അപകടകാരികളാകുന്നവരാണ് ക്ലാര്‍ക്കും പീറ്റേഴ്‌സനും. പരിശീലന മത്സരത്തില്‍ 49 റണ്‍സെടുത്ത പീറ്റേഴ്‌സന്‍ തികഞ്ഞ ഫോമിലാണെന്ന് ജിമ്മി ആന്‍ഡേഴ്‌സന്‍ നിരീക്ഷിക്കുന്നു. അനായാസമായാണ് കെവിന്‍ സ്‌ട്രോക് പ്ലേ നടത്തുന്നത്. ഇംഗ്ലീഷ് സാഹചര്യത്തില്‍ അവസരത്തിനൊത്തുയരാന്‍ അയാള്‍ക്ക് സാധിക്കുമെന്നും ആന്‍ഡേഴ്‌സന്‍. ഡ്രസിംഗ് റൂമില്‍ ആവേശം വിതറാന്‍ പീറ്റേഴ്‌സന്റെ സാന്നിധ്യത്തിന് സാധിക്കും. വിവാദങ്ങള്‍ക്ക് ശേഷം അലിസ്റ്റര്‍ കുക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ പീറ്റേഴ്‌സന്‍ താനൊരു ടീം മാനാണെന്ന് തെളിയിച്ചിരുന്നു.
ഷെയിന്‍ വാട്‌സന്‍, ഡേവിഡ് വാര്‍ണര്‍, എഡ് കോവന്‍, ഫില്‍ ഹ്യൂസ് എന്നിവര്‍ മൂന്നക്ക സ്‌കോര്‍ കണ്ടെത്താന്‍ വിഷമിക്കുന്നതാണ് ആസ്‌ത്രേലിയ നേരിടുന്ന പ്രധാന പ്രശ്‌നം. 2010 മാര്‍ച്ചിന് ശേഷം 62 തവണ ഓസീസ് മുന്‍നിരക്കാര്‍ അമ്പതിന് മുകളില്‍ സ്‌കോര്‍ ചെയ്തു. എന്നാല്‍, പത്ത് തവണ മാത്രമാണ് സെഞ്ച്വറി നേടാനായത്. ഇതേ കാലയളവില്‍ ഇംഗ്ലണ്ട് 36 സെഞ്ച്വറികളും 86 അര്‍ധസെഞ്ച്വറികളും നേടി.
ഓസീസ് യുവതാരങ്ങളുടെ കരുത്തില്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഏറ്റവുമൊടുവില്‍ വിശ്വസ്തനായ മധ്യനിര ബാറ്റ്‌സ്മാന്‍ മൈക്ക് ഹസ്സിയും വിരമിച്ചതോടെ ഓസീസ് ബാറ്റിങ്ങിന് കെട്ടുറപ്പ് നഷ്ടപ്പെട്ടു. ബൗളിങ്ങില്‍ പ്രതാപശാലികളെല്ലാം കളമൊഴിഞ്ഞു. മഗ്രാത്തും വോണും ഒഴിച്ചിട്ട ഇരിപ്പിടങ്ങള്‍ ഏറ്റെടുക്കാന്‍ ഇനിയും കംഗാരുപ്പടയില്‍ മികച്ച ബൗളര്‍മാരെത്തിയിട്ടില്ല. പീറ്റര്‍ സിഡിലും മിച്ചല്‍ സ്റ്റാര്‍ക്കും ജയിംസ് പാറ്റിന്‍സണും ജയിംസ് ഫോക്‌നറും റയന്‍ ഹാരിസും നേതന്‍ ലിയോണുമടങ്ങുന്ന ഓസീസ് ആക്രമണനിരയ്ക്ക് പരിചയ സമ്പത്തില്ല. ബാറ്റിങ് നിരയുടെ ഗതിയും ഇതുതന്നെ. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് മാത്രമാണ് ആശ്രയിക്കാവുന്ന ഒരു ബാറ്റ്‌സ്മാന്‍.
ഇംഗ്ലണ്ടിന്റേത് സമതുലിതമായ ടീമാണ്. ആഴത്തിലുള്ള ബാറ്റിങ് നിരയും ഏതുതരം പിച്ചിലും വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളര്‍മാരും അവര്‍ക്കുണ്ട്.
ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ടിം ബ്രെസ്‌നന്‍, സ്റ്റീവന്‍ ഫിന്‍, ഗ്രേയം സ്വാന്‍ എന്നിവരടങ്ങുന്ന ആക്രമണനിര ലോകോത്തരം. ഓപ്പണിങ് ബൗളര്‍ ആന്‍ഡേഴ്‌സണും ഓഫ്‌സ്പിന്നര്‍ ഗ്രേയം സ്വാനുമാണ് കൂട്ടത്തില്‍ ഏറ്റവും അപകടകാരികള്‍.