Connect with us

National

സിംഗൂര്‍ ഭൂമി ടാറ്റ സര്‍ക്കാറിന് തിരിച്ചുനല്‍കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ പശ്ചിമ ബംഗാളില്‍ ടാറ്റക്ക് കൈമാറിയ സ്ഥലം സംസ്ഥാന സര്‍ക്കാറിന് തിരിച്ചു കൊടുക്കാന്‍ ടാറ്റയോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. ഭൂമി കര്‍ഷകര്‍ക്ക് തന്നെ തിരിച്ചു നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാറിന് വിട്ടു നല്‍കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നാനോ ഫാക്ടറി സ്ഥാപിക്കാന്‍ പശ്ചിമ ബംഗാളിലെ സിംഗൂരിലാണ് ടാറ്റ 400 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നത്. എന്നാല്‍ കര്‍ഷക സമരം രൂക്ഷമായതിനെ തുടര്‍ന്ന് ഫാക്ടറി പശ്ചിമബംഗാളില്‍ നിന്ന് ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു.

പശ്ചിമ ബംഗാളിലെ ഭൂമിയില്‍ ടാറ്റ ഇപ്പോള്‍ യാതൊരു ബിസിനസും ചെയ്യുന്നില്ലെന്നും അതുകൊണ്ട് തന്നെ പ്രസ്തുത ഭൂമിയില്‍ നിന്ന് ടാറ്റക്ക് യാതൊരു ലാഭവും ലഭിക്കുന്നില്ലെന്നും നിരീക്ഷിച്ച കോടതി, പിന്നെ എന്തുകൊണ്ട് ഭൂമി സര്‍ക്കാറിന് തിരിച്ചുകൊടുത്തുകൂടെന്ന് ചോദിച്ചു. ഇത് സംബന്ധിച്ച് ആഗസ്റ്റ് ആറിനകം തീരുമാനം അറിയിക്കാനും ടാറ്റയുടെ കോണ്‍സല്‍ ഗോപാല്‍ ജെയിനിനോട് കോടതി ആവശ്യപ്പെട്ടു. ഭൂമി തിരിച്ചുനല്‍കുകയാണെങ്കില്‍ പലിശ സഹിതം നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പ്രസാരന്‍, സീനിയര്‍ കോണ്‍സെല്‍ രാകേഷ് ദ്വിവേദി എന്നിവര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടാറ്റക്ക് കൈമാറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരായ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.