Connect with us

Articles

നോമ്പിന്റെ വിധിയും വിലക്കുകളും

Published

|

Last Updated

(പ്രമുഖ ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായിരുന്ന പി എം കെ ഫൈസി അവസാനമായി സിറാജില്‍ എഴുതിയ, വിശുദ്ധ റമസാനെക്കുറിച്ചുള്ള ലേഖനത്തിന്റെ രണ്ടാം ഭാഗം)

റമസാനിന്റെ പിറവി ദൃശ്യമാകുന്നതോടെയാണ് നോമ്പ് നിര്‍ബന്ധമാകുന്നത്. എല്ലാ മുസ്‌ലിംകളും മാസം നിരീക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. മാസം കണ്ടവര്‍ക്കൊക്കെ നോമ്പ് നിര്‍ബന്ധവുമാണ്. മാസപ്പിറവി നിരീക്ഷിച്ച് ഒരാള്‍ മാസം കണ്ടു. മഹല്ലിലെ ഖാസിയെ വിവരമറിയിക്കാനും മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാനും അയാള്‍ക്ക് കഴിഞ്ഞതുമില്ല. എങ്കില്‍ മാസം കണ്ട വ്യക്തിക്ക് നോമ്പ് നിര്‍ബന്ധമാണ്. മാസം കണ്ടതായി വിവരം ലഭിക്കാത്തതുകൊണ്ട് മറ്റുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. അതേയവസരം തൊട്ട് മുമ്പത്തെ മാസമായ ശഅബാന്‍ മുപ്പത് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ മാസപ്പിറവി കാത്തിരിക്കേണ്ടതില്ല. നോമ്പ് നിര്‍ബന്ധമാണ്. ഇസ്‌ലാമിക കലന്‍ഡറില്‍ മാസം മുപ്പതോ ഇരുമ്പത്തിയൊമ്പതോ ആയിരിക്കും. അതുകൊണ്ട് മാസം പൂര്‍ത്തിയായാല്‍ പിന്നെ അറിയിപ്പ് കാത്തിരിക്കേണ്ടതില്ല. ഒരിടത്ത് മാസം കണ്ടാല്‍ രണ്ട് മര്‍ഹല ദൂരത്തുള്ളവര്‍ക്കൊക്കെ അതംഗീകരിക്കാന്‍ ബാധ്യതയുണ്ട്. ഏതാണ്ട് 80 ബ്രിട്ടീഷ് മൈലാണ് (128 കിലോമീറ്റര്‍) രണ്ട് മര്‍ഹല കൊണ്ടുദ്ദേശ്യം. ഇത്രയും ദൂരത്തിനിടക്ക് മാസപ്പിറവി ഉറപ്പിക്കുകയോ തനിക്ക് വിശ്വസ്തനായ വ്യക്തി മാസം കണ്ടതായി ഉറപ്പ് കിട്ടുകയോ ചെയ്താല്‍ നോമ്പനുഷ്ഠിക്കേണ്ടത് നിര്‍ബന്ധമാണ്.
മാസപ്പിറവി കാണുക തന്നെയാണ് ഇസ്‌ലാമിക നിയമം. ഗണിത ശാസ്ത്രത്തിന്റെയോ ഗോളശാസ്ത്രത്തിന്റെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയോ മാസം ഉറപ്പിക്കേണ്ടതില്ല. ഹെലികോപ്റ്ററുകളും ദൂരദര്‍ശിനികളും ഉപയോഗിച്ച് ചക്രവാളങ്ങളില്‍ നിരീക്ഷണം നടത്തി മാസപ്പിറവി നോക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടില്ല. രണ്ട് മര്‍ഹലക്കിടയില്‍ മാസം കണ്ടതായി വിവരം ലഭിച്ചെങ്കിലേ മുസ്‌ലിംകള്‍ക്ക് നോമ്പ് നിര്‍ബന്ധമുള്ളൂ. മംഗലാപുരത്തോ ഡല്‍ഹിയിലോ ദുബൈയിലോ മക്കത്തോ മാസം കണ്ടതിന്റെ പേരില്‍ കോഴിക്കോട്ടുകാരന്‍ നോമ്പനുഷ്ഠിക്കേണ്ടതില്ല. തങ്ങളുടെ പരിധിയില്‍ കാണുമ്പോഴേ നോമ്പ് നിര്‍ബന്ധമാകുകയുള്ളൂ. ഇല്ലെങ്കില്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി അടുത്ത ദിവസം നോമ്പനുഷ്ഠിക്കുകയാണ് വേണ്ടത്. മാസം കണ്ടതായി ബോധ്യപ്പെട്ട വ്യക്തി അടുത്ത ദിവസം നോമ്പനുഷ്ഠിക്കണം. രാത്രി സമയത്ത് നോമ്പിന് നിയ്യത്ത് ചെയ്യണം. ഓരോ ദിവസവും രാത്രി അടുത്ത ദിവസത്തെ നോമ്പിന് പ്രത്യേകം കരുതണം. “ഈ വര്‍ഷത്തെ റമസാന്‍ മാസത്തിലെ നാളത്തെ നോമ്പ് അല്ലാഹുവിനു വേണ്ടി ഞാന്‍ നോറ്റ് വീട്ടാന്‍ കരുതി” എന്നാണ് നിയ്യത്ത്. ഇത് രാത്രി സമയത്ത് മനസ്സില്‍ കരുതുകയാണ് വേണ്ടത്. മൊഴിയല്‍ നിര്‍ബന്ധമില്ല. സുന്നത്താണ്.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗിക വേഴ്ചയുമെല്ലാം ഉപേക്ഷിക്കുക നിര്‍ബന്ധമാണ്. “തുറന്ന ദ്വാര”ങ്ങളിലൂടെ ഒരു വസ്തുവും ബോധപൂര്‍വം ശരീരത്തിനകത്തേക്ക് പോകരുത്. അങ്ങനെ ചെന്നാല്‍ നോമ്പ് നഷ്ടപ്പെടുന്നതാണ്. മറവി കാരണം വല്ലതും കഴിച്ചു പോയാല്‍ നോമ്പിന് കുഴപ്പമില്ല. എന്റെ സമൂഹത്തില്‍ നിന്ന് മറവിയും അശ്രദ്ധയും എടുത്തു കളഞ്ഞിരിക്കുന്നു. (ഹദീസ്) അതിന്റെ പേരില്‍ ശിക്ഷയില്ലെന്നര്‍ഥം. അതേസമയം കൊത്തിവെക്കുന്നതിനോ കൊമ്പ് വെക്കുന്നതിനോ സുറുമ എഴുതുന്നതിനോ വിരോധമില്ലെന്ന് ഇമാം ഗസ്സാലി വിശദീകരിക്കുന്നു. ഈ അടിസ്ഥാനത്തില്‍ കണ്ണില്‍ മരുന്നൊഴിക്കുക, ഇഞ്ചക്ഷന്‍ ചെയ്യുക, മുറിവ് വെച്ചുകെട്ടുക തുടങ്ങിയതൊന്നും വിരോധമില്ലെന്ന് മനസ്സിലാക്കാം. “തുറന്ന ദ്വാരം” എന്നതുകൊണ്ട് വായ, മൂക്ക്, ചെവി, മുന്‍ദ്വാരം, പിന്‍ദ്വാരം എന്നിവയാണ് ഉദ്ദേശ്യം. ഈ ദ്വാരങ്ങളിലൂടെ തടിയുള്ള വസ്തുക്കള്‍ ശരീരത്തിനകത്ത് കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സാധാരണ ഗതിയില്‍ അടുപ്പിലെ പുക, വാഹനങ്ങളുടെ പുക, കാറ്റിലൂടെ കയറാന്‍ ഇടയുള്ള പൊടിപടലങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ പ്രയാസമായതു കൊണ്ട് അതുമൂലം നോമ്പ് മുറിയുകയില്ല. അതേസമയം പുകവലിക്കുന്നത് ശരിയല്ല. പുക തടിയുള്ള വസ്തു തന്നെയാണ്. അത് ബോധപൂര്‍വം അകത്തുകയറ്റുന്ന ഏര്‍പ്പാടാണ് പുകവലി. തന്മൂലം നോമ്പ് മുറിയുന്നതാണ്.
നോമ്പുകാരന് ലൈംഗികവേഴ്ച അനുവദനീയമല്ല. പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലാ വിധ ലൈംഗികാസ്വാദനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്. പ്രഭാത സമയത്ത് സുബ്ഹി ബാങ്ക് വിളിക്കുമ്പോള്‍ ലൈംഗിക വേഴ്ചയയിലായരുന്നെങ്കില്‍ ഉടനെ വിരമിക്കണം. അല്‍പ്പം കാത്തിരുന്നാല്‍ നോമ്പ് നഷ്ടപ്പെടും. മാത്രമല്ല സംഭോഗത്തിലൂടെ നോമ്പ് നഷ്ടപ്പെടുത്തിയവന്‍ പിന്നീട് നോമ്പ് അനുഷ്ഠിച്ചു വീട്ടുകയും ഒരു നോമ്പിന് പകരം അറുപത് നോമ്പെടുത്ത് കഫ്ഫാറത്ത് വീട്ടുകയും വേണമെന്നാണ് നിയമം.
നോമ്പ് നഷ്ടപ്പെടുത്തിയവര്‍ക്ക് നാല് വിധം പ്രതിവിധിയാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. 1 ഖളാഅ്, 2 കഫ്ഫാറത്ത്, 3 ഫിദ്‌യ, 4 ഇംസാക്. സാധാരണ ഗതിയില്‍ രോഗം കാരണമോ അശ്രദ്ധ മൂലമോ മറ്റോ നോമ്പ് നഷ്ടപ്പെട്ടാല്‍ അടുത്ത റമസാനിന് മുമ്പായി അത്രയും ദിവസത്തെ നോമ്പ് ഖളാഅ് വീട്ടണം. മറ്റു പ്രായശ്ചിത്തങ്ങളൊന്നും ഇവക്ക് ബാധകമല്ല. അതേയവസരം ലൈംഗിക ബന്ധം മൂലം നോമ്പ് നഷ്ട്‌പ്പെടുത്തിയവന്‍ പ്രായശ്ചിത്തമായി 60 ദിവസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. നോമ്പ് മുറിയുന്ന മറ്റു കാര്യങ്ങള്‍ ചെയ്തുകൊണ്ട് നോമ്പ് ഉപേക്ഷിച്ചാല്‍ ആ പകല്‍ സമയം കഴിയുന്നത് വരെ നോമ്പുകാരനെപ്പോലെ കഴിഞ്ഞുകൂടണം. “ഏതായാലും നോമ്പ് നഷ്ടപ്പെട്ടല്ലോ ഇനി ഭക്ഷണം കഴിക്കാം” എന്ന് കരുതരുത്. ബാക്കി സമയങ്ങളില്‍ നോമ്പുകാരനെപ്പോലെ കഴിയുകയും നഷ്ടപ്പെട്ട് നോമ്പ് ഖളാഅ് വീട്ടുകയും വേണം. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും തങ്ങളുടെ കുട്ടികളുടെ ഗുണം പരിഗണിച്ച് നോമ്പ് ഉപേക്ഷിക്കുകയാണെങ്കില്‍ വിരോധമൊന്നുമില്ല. അവര്‍ പിന്നീട് നോമ്പ് വീട്ടുകയും ഒരു നോമ്പിന് ഒരു മുദ്ദ് (മൂന്ന് നാഴി) വീതം ധാന്യം ദാനം നല്‍കുകയും വേണം.
അത്താഴം പരമാവധി താമസിപ്പിച്ച് കഴിക്കുക, നോമ്പ് തുറ അസ്തമയ സമയത്ത് തന്നെ നിര്‍വഹിക്കുക, കാരക്ക കൊണ്ടോ വെള്ളം കൊണ്ടോ തുറക്കുക, നോമ്പുകാരന്‍ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യാതിരിക്കുക, റമസാനില്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക, ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ പഠനം എന്നിവ വര്‍ധിപ്പിക്കുക, ഇഅ്തികാഫ് നിര്‍വഹിക്കുക (വിശേഷിച്ചും അവസാനത്തെ പത്ത് നാളുകള്‍ പള്ളിയില്‍ ഇഅ്തികാഫിലായി കഴിയുക), തറാവീഹ് നിസ്‌കരിക്കുക, നോമ്പുകാരെ നോമ്പ് തുറപ്പിക്കുക തുടങ്ങിയവ റമസാനില്‍ നിര്‍വഹിക്കാന്‍ നിര്‍ദേശിച്ച സുന്നത്തുകളാണ്. ഇതിലൂടെയാണ് നോമ്പ് സ്വീകാര്യമാകുന്നതും പ്രതിഫലം നേടുന്നതും.
(തുടരും)

---- facebook comment plugin here -----

Latest