Connect with us

Kerala

ജയിലുകളിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് അവതാളത്തില്‍

Published

|

Last Updated

കൊച്ചി: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജയിലുകളിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് എങ്ങുമെത്തിയില്ല. 2010ലാണ് തുടക്കമെന്ന നിലയില്‍ ഒരു കോടി ചെലവഴിച്ച് നാല് ജില്ലകളിലെ ജയിലുകളില്‍ ഇതിനുള്ള ക്യാമറകളും മറ്റും സ്ഥാപിച്ചത്.

എറണാകുളം തിരുവന്തപുരം, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് തുടക്കമെന്ന രീതിയില്‍ ഇതു സ്ഥാപിച്ചതെങ്കിലും പദ്ധതിയുടെ പണി പൂര്‍ത്തികരിക്കാന്‍ തന്നെ സര്‍ക്കാറിനു കഴിഞ്ഞിട്ടില്ല. അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഇതിനു നേതൃത്വം നല്‍കിയത്. ഇതിന്റെ ഭാഗമായി ജില്ലാ ജയിലുകളില്‍ നിന്നും സബ് ജയിലുകളില്‍ നിന്നുമായി ഹൈക്കോടതിയെയും മറ്റു കോടതികളെയും ബന്ധിപ്പിച്ചുകൊണ്ട് ക്യാമറയടക്കമുള്ള ഉപകരണങ്ങളും സ്ഥാപിച്ചു. എന്നാല്‍ അത് സ്ഥാപിച്ചതിനുശേഷം ഒരു കേസ് പോലും കേരളത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ ചെയ്തിട്ടില്ല.
പതിനാല് കോടിയാണ് സംസ്ഥാനത്തു മൊത്തം ഇതു നടപ്പാക്കാനായി വകയിരുത്തിയത്. കോടതിയിലേക്കു കൊണ്ടുപോകുംവഴി പ്രതികള്‍ രക്ഷപ്പെടുന്നതു തടയുക, പ്രമാദമായ കേസുകളിലെ പ്രതികളെയും സെലിബ്രറ്റിയായിട്ടുള്ള പ്രതികളെയും കോടതിയിലേക്കു കൊണ്ടുപോകുമ്പോഴുള്ള ജനത്തിരക്ക് കുറക്കുക കൂടാതെ ഇവര്‍ക്ക് എസ്‌കോര്‍ട്ടു പോകുന്നതു വഴി സര്‍ക്കാരിനുണ്ടാകുന്ന പണ നഷ്ടവും സമയ നഷ്ടവും കുറക്കുക എന്നിവയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ലക്ഷ്യം വെച്ചത്. എന്നാല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി സ്ഥാപിച്ച സി സി ടി വികളും മറ്റും ഉപയോഗശൂന്യമായി കിടക്കുകയാണ് ഇപ്പോള്‍.
കേരളത്തില്‍ സ്ഥാപിച്ച വീഡിയോ കോണ്‍ഫറന്‍സ് വഴി ട്രയല്‍ എന്ന നിലയില്‍ എറണാകുളം ജില്ലാ ജയിലില്‍ നിന്ന് ഒരു കേസ് മാത്രമാണ് നടപ്പാക്കിയത്. അത് ബംഗളൂരു കേസില്‍ തടിയന്റവിട നസീര്‍ അടക്കമുള്ള പ്രതികളെ വിചാരണ ചെയ്യാനാണ്. അതിനുശേഷം രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വീഡിയോ കോണ്‍ഫറന്‍സിനുള്ള സംവിധാനങ്ങള്‍ പൊടിപിടിച്ചു കിടക്കുകയാണ്. 2010 ജൂണ്‍ 10നാണ് ഇതിന്റെ ഉദ്ഘാടനം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. എത്രയും പെട്ടെന്ന് തന്നെ പണി പൂര്‍ത്തിയാക്കി എല്ലാ ജില്ലകളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തി പദ്ധതി നടപ്പാക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതേ കുറിച്ച് വിവിധ ജയിലുകളിലെ ജയിലധികാരികളോട് അന്വേഷിച്ചപ്പോള്‍ വ്യത്യസ്തങ്ങളായ മറുപടികളാണ് ലഭിച്ചത്. കോടതിയില്‍ ഇത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ വേണ്ട ടെക്‌നീഷ്യന്‍മാര്‍ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രത്തില്‍ നിന്ന് ഉത്തരവ് കിട്ടാന്‍ വൈകിയതും പദ്ധതി നടപ്പാക്കാന്‍ കാലതാമസം വരുത്തിയെന്നും ജയില്‍ അധികാരികള്‍ അറിയിച്ചു. മൂന്ന് ഏജന്‍സികളാണ് ഈ പദ്ധതിക ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇതിലെ സാങ്കേതികമായ പ്രശ്‌നമാണ് പലപ്പോഴും വീഡിയോ കോണ്‍ഫറന്‍സ് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്തതെന്നും അധികാരികള്‍ പറഞ്ഞു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലില്‍ റിമാന്‍ഡ് കാലാവധി നീട്ടാന്‍ മാത്രം നിലവില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും അധികാരികള്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാറിന് ശേഷം യു ഡി എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ട പരിഗണന നല്‍കിയിട്ടില്ല.
ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഈ സംവിധാനം നടപ്പാക്കിയിട്ട് കാലങ്ങളായി. സാക്ഷരതയിലും സാങ്കേതിക വിദ്യയിലും വളരെയധികം മുന്നോട്ടു കുതിച്ചിട്ടും എല്ലാ സംവിധാനങ്ങളോടും വളരെ അനുഭാവപൂര്‍വ്വം പ്രതികരിക്കുന്ന കേരളത്തില്‍ മാത്രം കാലമിത്ര കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ വേണ്ട നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല.

 

Latest