Connect with us

Ongoing News

നാടകാന്തം ഇംഗ്ലണ്ട്‌

Published

|

Last Updated

നോട്ടിംഗ്ഹാം: ആവേശവും നാടകീയതയും നിറഞ്ഞു നിന്ന പോരാട്ടത്തില്‍ ആസ്‌ത്രേലിയക്കെതിരായ ആഷസിലെ ഒന്നാം ടെസ്റ്റ് ഇംഗ്ലണ്ട് സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹാഡിന്‍ ഒറ്റക്ക് പൊരുതി അവസാന വിക്കറ്റായി മടങ്ങിയതോടെയാണ് ആസ്‌ത്രേലിയ കീഴടങ്ങിയത്. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടാം ഇന്നിംഗ്‌സിലും അഞ്ച് വിക്കറ്റ് നേട്ടമാവര്‍ത്തിച്ച് പത്ത് വിക്കറ്റുമായി കളിയിലെ കേമനായി.
സ്‌കോര്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ്- 215/10
ആസ്‌ത്രേലിയ ഒന്നാം ഇന്നിംഗ്‌സ്- 280/10
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ്- 375/10
ആസ്‌ത്രേലിയ രണ്ടാം ഇന്നിംഗ്‌സ്- 296/10
311 വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസ് 296 റണ്‍സില്‍ എല്ലാവരും പുറത്തായി. 71 റണ്‍സോടെ പൊരുതിയ ഹാഡിനെ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയറുടെ കൈകളിലെത്തിച്ച് ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. വിജയത്തിലേക്ക് ഓസീസ് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ക്രിസ് റോജേഴ്‌സ് (52), ഷെയ്ന്‍ വാട്‌സന്‍ (46) സഖ്യം 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വാട്‌സന്‍ പുറത്തായതോടെ ഓസീസിന്റെ തകര്‍ച്ച തുടങ്ങി. തുടര്‍ച്ചയായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. എഡ്‌കോവന്‍, നായകന്‍ ക്ലാര്‍ക്ക്, സ്മിത്ത് എന്നിവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആദ്യ ഇന്നിംഗ്‌സില്‍ അവരുടെ ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്ന ഫില്‍ ഹ്യൂസ് പൂജ്യത്തിന് പുറത്തായതോടെ ആസ്‌ത്രേലിയ വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് തോന്നിച്ചു. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ ഹാഡിന്‍ ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും ഹാഡിന്‍ മറുപുറം കാത്ത് പരമാവധി റണ്‍സ് സ്വന്തമാക്കി. എന്നാല്‍ 231 റണ്‍സില്‍ ഒമ്പതാം വിക്കറ്റ് നഷ്ടപ്പെട്ട് ആസ്‌ത്രേലിയ വീണ്ടും പതറിയെങ്കിലും പത്താം വിക്കറ്റില്‍ പാറ്റിന്‍സണ്‍- ഹാഡിന്‍ സഖ്യം മികവ് തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ആസ്‌ത്രേലിയ വിജയിക്കുമെന്ന പ്രതീതി വരെയുണര്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചു. എന്നാല്‍ വിജയത്തിന് 14റണ്‍സ് അകലെ വെച്ച് ഹാഡിന്‍ വീണതോടെ അവരുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ ഹാഡിന്‍- പാറ്റിന്‍സണ്‍ സഖ്യം 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 റണ്‍സോടെ പാറ്റിന്‍സണ്‍ പുറത്താകാതെ നിന്നു. ആന്‍ഡേഴ്‌സണ് പുറമെ ബ്രോഡ്, സ്വാന്‍ എന്നിവര്‍ രണ്ടും ജോ റൂത് ഒരു വിക്കറ്റും നേടി.
നേരത്തെ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞതാണ് അവരുടെ വിജയത്തിന് വഴിത്തിരിവ് സൃഷ്ടിച്ചത്. ഇയാന്‍ ബെല്‍ നേടിയ സെഞ്ച്വറി (109) മികവിലാണ് അവര്‍ 375 പടുത്തുയര്‍ത്തിയത്. എട്ടാമനായി ഇറങ്ങി 65 റണ്‍സെടുത്ത ബ്രോഡ് ബെല്ലിന് മികച്ച പിന്തുണ നല്‍കി. ആസ്‌ത്രേലിയക്കായി സ്റ്റാര്‍ച്ച്, സിഡില്‍ എന്നിവര്‍ മൂന്നും പാറ്റിന്‍സണ്‍, ആഗര്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ തുടങ്ങും.

Latest