Connect with us

Sports

സമ്മര്‍ദത്തെ 'ഫിനിഷ്' ചെയ്തവര്‍

Published

|

Last Updated

1986 ഓസ്ട്രല്‍-ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് ഫൈനല്‍. ലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് പതിനൊന്ന് റണ്‍സ്. എറിയുന്നത് ചേതന്‍ ശര്‍മ. രണ്ട് വിക്കറ്റുകള്‍ വീണ ഈ ഓവറിലെ അവസാന പന്തില്‍ നാല് റണ്‍സെടുത്താല്‍ പാക്കിസ്ഥാന് ജയിക്കാം. മിയാന്‍ദാദിന്റെ ഐതിഹാസികതയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന ലാസ്റ്റ് ബോള്‍ സിക്‌സര്‍ അന്നാണ് സംഭവിച്ചത്. ചേതന്‍ ശര്‍മ എറിഞ്ഞ ആ പന്ത് ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്നും കറുത്ത അധ്യായമാണ്. പാക്കിസ്ഥാനാകട്ടെ തങ്കലിപികളാലെഴുതി ചില്ലിട്ടു വെച്ചിരിക്കുകയാണ് മിയാന്‍ദാദിന്റെ ആ ചങ്കൂറ്റത്തെ. ആ സിക്‌സര്‍ നല്‍കിയ മാനസിക ഔന്നത്യമാണ് ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഇന്നും പാക്കിസ്ഥാന്‍ ക്യാമ്പിന് ആവേശം. കാലം എത്ര കഴിഞ്ഞിരിക്കുന്നു. അന്ന് മിയാന്‍ദാദിന്റെ മനോവ്യാപാരം ഏതെല്ലാം ഊടുവഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകും. അവസാന പന്തില്‍ കൂറ്റനടിയിലൂടെ മാത്രമേ ടീം രക്ഷപ്പെടൂ എന്നു ബോധ്യമുള്ളപ്പോള്‍ അദ്ദേഹത്തിന് വേണമെങ്കില്‍ പോരാട്ടം അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍, ഇന്ത്യയോട് തോല്‍ക്കുക മിയാന്‍ദാദിന് അചിന്ത്യമായിരുന്നു. സിക്‌സര്‍ മാത്രമായിരുന്നു ലക്ഷ്യം. അതദ്ദേഹം നേടി.

ഏതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഇളക്കി മറിച്ച ഗ്രേറ്റ് ഫിനിഷിംഗ്. റിഷികേഷ് കനിത്കര്‍, രാജേഷ് ചൗഹാന്‍ – ഈ രണ്ട് പേരുകളെ തപ്പിപ്പിടിച്ചെടുക്കാതെ വയ്യ.
ബംഗ്ലാദേശിന്റെ സ്വാതന്ത്രത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരെ ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ മൂന്ന് റണ്‍സ്. കനിത്കര്‍ ഫോറടിച്ചു. ആ മഹാരാഷ്ട്ര താരം കുറേ കാലം ഇന്ത്യന്‍ ക്രിക്കറ്റിന് ഹീറോ ആയിരുന്നു. തൊണ്ണൂറുകളില്‍ ഇന്ത്യയുടെ സ്പിന്‍ ത്രയങ്ങളില്‍ (കുംബ്ലെ-രാജു-ചൗഹാന്‍) ഒരാളായ രാജേഷ് ചൗഹാനും ഓര്‍മിക്കപ്പെടുന്നത് പാക്കിസ്ഥാനെതിരെ സിക്‌സര്‍ ജയം നേടിയതിന്റെ പേരിലാണ്. 1997 ല്‍ കറാച്ചിയില്‍ വിഖ്യാത സ്പിന്നര്‍ സഖ്‌ലെയിന്‍ മുഷ്താഖ് എറിഞ്ഞ അവസാന ഓവറിലായിരുന്നു ചൗഹാന്റെ കൂറ്റന്‍ സിക്‌സര്‍ ഫിനിഷിംഗ്. ആ സിക്‌സറിനെ കുറിച്ച് ചൗഹാന്‍ പറഞ്ഞത് ഇങ്ങനെ: ഓഫ് സ്പിന്നറായ തനിക്ക് മറ്റൊരു ഓഫ് സ്പിന്നറെ എങ്ങനെ നേരിടണമെന്ന് അറിയാം !…ഇതല്‍പ്പം കടന്ന കൈയ്യായി.
ലക്ഷ്യം പിന്തുടരുമ്പോള്‍ ഇന്ത്യയുടെ ആവേശതാരങ്ങള്‍ മുഹമ്മദ് അസ്ഹറുദ്ദീനോ അജയ് ജഡേജയോ റോബിന്‍ സിംഗോ ആയിരുന്നു. ജഡേജ-റോബിന്‍ സിംഗ് കൂട്ടുകെട്ട് ത്രില്ലറായിരുന്നു. സിംഗിള്‍ ഡബിളാക്കിയും ഡബിള്‍ ട്രിപ്പിളാക്കിയും അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ രസമുകുളങ്ങളായി. ക്രീസിലേക്ക് നെഞ്ചടിച്ചു വീണ് റണ്‍ പൂര്‍ത്തിയാക്കുന്ന റോബിന്‍ സിംഗിന്റെ ദേഹത്തെ ചേറ് തട്ടിക്കളഞ്ഞത് നമ്മളോരോരുത്തരും ആയിരുന്നു. അയായിരുന്നു, അന്നത്തെ ക്രിക്കറ്റ് ഫീല്‍.
ശ്രീലങ്ക ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയ വേളയില്‍ സനത് ജയസൂര്യയുടെ വെടിക്കെട്ടായിരുന്നു ചര്‍ച്ചാവിഷയം. എന്നാല്‍, ഫൈനലില്‍ ആസ്‌ത്രേലിയക്കെതിരെ അരവിന്ദ ഡിസില്‍വയും ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും നടത്തിയ ഗ്രേറ്റ് ഫിനിഷിംഗിന് വൈകാരികതയേറും.

ms-dhoni-newപവര്‍ ക്രിക്കറ്റിന്റെ വരവോടെ ഹെലികോപ്റ്റര്‍ ഷോട്ടിന്റെ ആശാനായ മഹേന്ദ്ര സിംഗ് ധോണിയുടെ കൈക്കുഴയിലാണ് ഏകദിന ക്രിക്കറ്റിലെ ഗ്രേറ്റ് ഫിനിഷര്‍ പട്ടം. പലവട്ടം, അവസാന ഓവറുകളില്‍ മത്സരം തന്റെ കൈക്കരുത്തില്‍ വരുതിയിലാക്കിയ ധോണി ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലും അതാവര്‍ത്തിച്ചിരിക്കുന്നു.

എറാംഗ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് പതിനഞ്ച് റണ്‍സായിരുന്നു വിജയലക്ഷ്യം. ആദ്യ പന്ത് നഷ്ടപ്പെടുത്തിയ ധോണി രണ്ടാം പന്ത് സിക്‌സര്‍, മൂന്നാം പന്ത് ഫോര്‍, നാലാം പന്ത് സിക്‌സര്‍ എന്നിങ്ങനെ തകര്‍ത്താടി. ലങ്കയുടെ കിരീടസ്വപ്നങ്ങള്‍ അവിടെ പൊലിഞ്ഞു. 2011 ലോകകപ്പിലും ഇതായിരുന്നു സ്ഥിതി. വാംഖഡെയില്‍ ധോണി പത്ത് പന്തുകള്‍ ശേഷിക്കെ നേടിയ സിക്‌സര്‍ ഇന്ത്യക്ക് രണ്ടാം ലോകകിരീടം കൊണ്ടുവന്നു. അന്നും ലങ്കയായിരുന്നു ധോണിയുടെ സിക്‌സറിന്റെ ചൂടറിഞ്ഞത്.
ധോണിയെ പോലൊരു ഫിനിഷറെ താന്‍ കണ്ടിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെംഗ്‌സാര്‍ക്കര്‍ പറയുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യ വിജയകരമായി ചേസ് ചെയ്ത 72 മല്‍സരങ്ങളില്‍ 54 തവണ ധോണി ബാറ്റ് ചെയ്തു. ഇതില്‍ 33 ഇന്നിംഗ്‌സുകളില്‍ പുറത്താവാതെ നിന്നു, ഒരു തവണ 183 റണ്‍സാണ് പുറത്താവാതെ നേടിയത്, മൊത്തം ഈ 54 ഇന്നിംഗ്‌സുകളില്‍ നിന്നായി 2102 റണ്‍സാണ് നേടിയത്. 89.63 ആണ് അദ്ദേഹത്തിന്റെ സ്‌െ്രെടക്ക് റേറ്റ്.

michael-bevan-newക്രിക്കറ്റ് ചരിത്രത്തിലെ ഗ്രേറ്റ് ഫിനിഷര്‍ ആരെന്ന ചോദ്യത്തിന് ധോണിയെ മാത്രം ഉയര്‍ത്തിക്കാണിക്കുന്നത് ചരിത്രം മറക്കുന്നതിന് തുല്യമാകും. ബെവന്‍ ഏകദിന ക്രിക്കറ്റിന്റെ ആത്മാവായിരുന്നു. ലാന്‍സ് ക്ലൂസ്‌നര്‍, മൈക്കല്‍ ഹസി, വിവ് റിച്ചാര്‍ഡ്‌സ്, അബ്ദുല്‍ റസാഖ്, മിയാന്‍ദാദ്, ഡിവില്ലേഴ്‌സ്, മാര്‍ക് ബൗച്ചര്‍ എന്നിങ്ങനെ മികച്ച ഫിനിഷര്‍മാരുടെ നിര നീളുന്നു. 1983 ലോകകപ്പില്‍ കപില്‍ദേവും പുറത്തെടുത്തിരുന്നു ഗ്രേറ്റ് ഫിനിഷിംഗ്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ബെവന്‍. എല്ലാ പന്തിലും റണ്‍സെടുക്കുക എന്നതായിരുന്നു ബെവന്റെ രീതി. അതൊരു കാഴ്ചയായിരുന്നു. എങ്ങനെ സിംഗിളുകളിലൂടെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്താം. വിക്കറ്റിനിടയിലെ ഓട്ടമായിരുന്നു ബെവന്റെ മറ്റൊരു പ്രത്യേകത. ഇന്ന് ട്വന്റി ട്വന്റിയിലൊക്കെ കാണുന്ന വിക്കറ്റ് ടു വിക്കറ്റ് സ്പ്രിന്റ് റണ്‍ ഏതോ കാലത്ത് ബെവന്‍ കാണിച്ചു തന്നതാണ്. ആറാം നമ്പറില്‍ ബെവന്‍ ഇറങ്ങാനുണ്ടല്ലോ എന്ന ധൈര്യമായിരുന്നു ഓസീസ് മുന്‍നിരയുടെ കരുത്ത്. അന്ന് ബെവന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ന് ധോണിയിലൂടെ കാണുമ്പോള്‍ ഒരു വ്യത്യാസമുണ്ട്. ക്രിക്കറ്റ് പക്കാ എന്റര്‍ടെയിനര്‍ ആയി മാറിയിരിക്കുന്നു. കൂറ്റന്‍ സിക്‌സറിലൂടെ മത്സരം ജയിക്കുന്ന ധോണി എന്റര്‍ടെയിനര്‍ രാജാവും. ബെവന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നില്ല. ധോണി ക്യാപ്റ്റന്റെ ഇന്നിംഗ്‌സാണ് കാഴ്ചവെക്കുന്നത്.

മത്സരത്തിന്റെ മുഴുവന്‍ സമ്മര്‍ദവും അവസാന ഓവറിലേക്ക് കാത്തു സൂക്ഷിക്കുകയാണ് ധോണി ചെയ്യുന്നത്. ഒരു പക്ഷേ, അതാകാം അദ്ദേഹത്തിന്റെ മാജിക്കിന് പിറകില്‍. സമ്മര്‍ദമേറുമ്പോള്‍ ഏകാഗ്രതയും കണിശതയും ശക്തിയും ഒരു പിന്‍പോയിന്റിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന യോഗിവര്യനായി ധോണി മാറുന്നു.
ഗൗതം ഗംഭീര്‍ വിമര്‍ശിച്ചത് പോലെ വെറും ഷോയ്ക്ക് വേണ്ടി ധോണി വിന്നിംഗ് ഷോട്ട് വൈകിപ്പിക്കുന്നതാണെന്ന് വിശ്വസിക്കാന്‍ വയ്യ. അതൊരു ഗ്രേറ്റ് എന്റര്‍ടെയിനര്‍ ഫിനിഷറുടെ മാജിക്ക് തന്നെ.

Latest