Connect with us

Health

കുഞ്ഞിന്റെ ബുദ്ധിവികാസം അറിയാന്‍

Published

|

Last Updated

സമീറ ഞാന്‍ പഠിക്കുന്നതിന്റെ പകുതി സമയം പോലും പഠിക്കാറില്ല. പക്ഷേ, പഠിച്ചകാര്യങ്ങളെക്കുറിച്ച് ടീച്ചര്‍ ചോദിച്ചാല്‍ അവളാണെപ്പോഴും മുമ്പില്‍. അതുകൊണ്ട് ടീച്ചര്‍ എന്നോട് ചോദിക്കാറുണ്ട്. “”നിന്റെ തലയിലെന്താ കളിമണ്ണാണോ എന്ന്””

സജ്‌നയുടെ ഈ വേവലാതിയില്ലാത്ത വിദ്യാര്‍ഥികള്‍ കുറവായിരിക്കും. സ്‌കൂളില്‍ അധ്യാപകരും വീട്ടില്‍ മാതാപിതാക്കളും “തലകുത്തിനിന്നു” ശ്രമിച്ചിട്ടും ചില കുട്ടികള്‍ പ്രതീക്ഷിച്ച മാര്‍ക്ക് വാങ്ങാതെ പോകുന്നു. എന്തുകൊണ്ടാണ് കുട്ടികള്‍ പഠനത്തില്‍ പിന്നിലാകുന്നത്? കാരണങ്ങള്‍ നിരവധിയുണ്ട്.

കുട്ടികളുടെ ശാരീരിക നില പഠനത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. കുട്ടിക്ക് കാഴ്ചക്കുറവുണ്ടെങ്കില്‍ അധ്യാപകന്‍ ബോര്‍ഡില്‍ എഴുതുന്നത് വായിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കേള്‍വിക്കുറവുള്ള കുട്ടികള്‍ അധ്യാപകര്‍ പറയുന്നതു പലതും കേട്ടില്ലെന്നു വരാം. പ്രത്യക്ഷ ലക്ഷണങ്ങള്‍ കാണാത്ത ചില ശാരീരിക വൈകല്യങ്ങളും പഠനത്തെ പ്രതികൂലമാക്കുന്നു. ബുദ്ധിവികാസത്തിന്റെ കാര്യത്തിലും കുട്ടികള്‍ വ്യത്യസ്തരാണ്. ചില കുട്ടികള്‍ക്ക് നടക്കാനും ഓടാനും കാലതാമസം നേരിടും. ശരാശരിയിലും താഴെ ബുദ്ധിശക്തിയുള്ള കുട്ടികള്‍ പഠനത്തില്‍ പിറകിലാകുന്നത് സ്വാഭാവികമാണ്.

ജനിക്കുന്ന ഓരോ കുഞ്ഞിനും ശാരീരികവും മാനസികവുമായ ആരോഗ്യമുണ്ടെന്ന് ഉറപ്പു വരുത്തണം. ഒരു വയസ്സുവരെയുള്ള കാലഘട്ടത്തിലാണ് കുഞ്ഞിന്റെ ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ച ധ്രുതഗതിയില്‍ നടക്കുന്നത്. ബുദ്ധിവികാസത്തിലെ വ്യതിയാനം എത്രയും നേരത്തേ കണ്ടുപിടിക്കുന്നുവോ അത്രയും ഫലപ്രദമാണ്. വളര്‍ച്ചയുടെ നാഴികക്കല്ലുകളെക്കുറിച്ചുള്ള അറിവുണ്ടായിരുന്നാല്‍ മാതാവിനു തന്നെ കുഞ്ഞിന്റെ ബുദ്ധിവികാസം നിരീക്ഷിക്കാം. താഴെ പറയുന്നവ ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

രണ്ടു മാസം തികയുമ്പോള്‍ കുഞ്ഞ് മുഖം നോക്കിചിരിക്കണം. നാലു മാസം പൂര്‍ത്തിയാകുമ്പോള്‍ കഴുത്ത് ഉറക്കണം. എട്ടു മാസം കഴിയുമ്പോള്‍ തനിയെ ഇരിക്കണം. ഒരു വയസ്സാകുമ്പോള്‍ തനിയെ നില്‍ക്കാന്‍ കഴിയണം.

ബുദ്ധിവികാസം തിട്ടപ്പെടുത്തുന്നതോടൊപ്പം കുട്ടിക്ക് കാഴ്ചയും കേള്‍വിയുമുണ്ടോ എന്നുകൂടി ഉറപ്പുവരുത്തണം. ഇവയിലേതെങ്കിലും തകരാറുണ്ടായാല്‍ അത് കുഞ്ഞിന്റെ ബുദ്ധി വികാസത്തെ പ്രതികൂലമായി ബാധിക്കും. കുട്ടി കേള്‍ക്കുന്നുണ്ട് എന്ന് താഴെ പറയുന്നവ നിരീക്ഷിച്ച് ഉറപ്പുവരുത്താം.

കതക് വലിച്ചടക്കുമ്പോഴും എന്തെങ്കിലും നിലത്ത് വീണ് ശബ്ദമുണ്ടാകുമ്പോഴും ഞെട്ടിക്കരയുക. ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധിക്കുക. മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുകയും പ്രതികരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

കുഞ്ഞിന്റെ കാഴ്ചശക്തി അറിയാനും മാര്‍ഗങ്ങളുണ്ട്. രണ്ടു മാസം പ്രായമാകുമ്പോഴേക്കും കുട്ടി മുഖത്തേക്ക് നോക്കി ചിരിക്കുക. ആകര്‍ഷകമായ വസ്തുക്കളിലേക്ക് ദൃഷ്ടി പതിപ്പിക്കുകയും വസ്തു നീങ്ങുമ്പോള്‍ കണ്ണുകള്‍ അതോടൊപ്പം ചലിപ്പിക്കുകയും ചെയ്യുക. പ്രകാശമുള്ള ഭാഗത്തേക്ക് തല ചരിച്ചു നോക്കുക. ഇരുട്ടു മുറിയില്‍ കൊണ്ടുപോയാല്‍ അസ്വസ്ഥത പ്രകടിപ്പിക്കുക.

ചില കാഴ്ച, കേള്‍വി വൈകല്യങ്ങള്‍ തുടക്കത്തില്‍ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. സ്‌കൂള്‍ പഠന കാലത്തായിരിക്കും അവ വെളിയില്‍ വരുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ അധ്യാപകര്‍ക്കു കഴിയും. കാഴ്ചക്കുറവുള്ള കുട്ടികളുടെ പെരുമാറ്റത്തില്‍ പൊതുവായി കാണുന്ന ചില കാര്യങ്ങളുണ്ട്.
അനവധി തവണ കണ്ണു തിരുമ്മുക, ബോര്‍ഡില്‍ നിന്നും പകര്‍ത്തിയെഴുതുമ്പോള്‍ മറ്റു കുട്ടികളോട് ചോദിക്കുക, പുസ്തകം കണ്ണിനോട് ചേര്‍ത്തു വായിക്കുക, കൂടെക്കൂടെ കണ്ണ് മിഴിക്കുക, കണ്ണില്‍ നിന്ന് എപ്പോഴും വെള്ളമൊലിക്കുകയും തലവേദനയുണ്ടെന്ന് പരാതിപ്പെടുകയും ചെയ്യുക.

കേള്‍വിക്കുറവുള്ള കുട്ടികളെ അവരുടെ തന്നെ ചില സ്വഭാവ സവിശേഷതകള്‍ കൊണ്ട് തിരിച്ചറിയാന്‍ സാധിക്കും. എപ്പോഴും ചെവി കൂര്‍പ്പിക്കുക, കേള്‍ക്കാന്‍ ഒരു വശത്തേക്ക് തലതിരിക്കുക, നിര്‍ദേശമോ ചോദ്യമോ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുക, സംസാരത്തിനു വിഷമം പ്രകടിപ്പിക്കുക, ശ്രവിക്കുന്നതോടൊപ്പം സംസാരിക്കുന്ന വ്യക്തിയുടെ ചുണ്ടുചലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

കാഴ്ച, കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്ക് മറ്റുള്ളവരെപ്പോലെ പഠിക്കാനും പുരോഗമിക്കാനും കഴിയും. ഇത്തരം പ്രശ്‌നങ്ങള്‍ ആദ്യമേ കണ്ടെത്തണം. കാഴ്ചത്തകരാറുള്ള കുട്ടിക്ക് കണ്ണട വെക്കേണ്ടി വരാം. കേള്‍വിക്കാണ് പ്രശ്‌നമെങ്കില്‍ ശ്രവണ സഹായിയോ അതുപോലുള്ള മറ്റ് ഉപകരണങ്ങളോ ആവശ്യമായും വരാം.

Latest