Connect with us

Gulf

ഇന്ത്യക്കാരന് തെരുവില്‍ മര്‍ദനം:സ്വദേശി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Published

|

Last Updated

ദുബൈ:അപകടം വരുത്തിവെച്ചതിനു റോഡില്‍ വെച്ച് ഇന്ത്യന്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച യു എ ഇ സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് ഉപമേധാവി മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അറിയിച്ചു. ശനിയാഴ്ചയായിരുന്നു അപകടം. ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു.

യു എ ഇ പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്തതാണ് യു എ ഇ ഉദ്യോഗസ്ഥന്റെ നടപടിയെന്ന് അല്‍ മസീന പറഞ്ഞു. ഇമാറാത്തികള്‍ ക്ഷമയുള്ളവരും ഹൃദയാലുക്കളുമാകണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ദുബൈയിലെ സര്‍ക്കാര്‍ വകുപ്പില്‍ ഡയറക്ടറാണ് പ്രതി. ഇയാള്‍ ഒരു ഡ്രൈവറെ മര്‍ദിക്കുന്നത് യൂട്യൂബില്‍ പ്രചരിച്ചു. സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. ഇയാളുടെ വാഹനം ഉദ്യോഗസ്ഥന്റെ കാറില്‍ ഉരസുകയായിരുന്നു. ഇയാള്‍ വാഹനം നിര്‍ത്താതെ പോയി. പിന്നാലെ പിന്തുടര്‍ന്ന സ്വദേശി, വാഹനം തടഞ്ഞുനിര്‍ത്തി ശകാരിക്കുകയും കത്‌റ കൊണ്ട് അടിക്കുകയും ചെയ്തു. ഇന്ത്യക്കാരന്‍ പ്രത്യാക്രമണം നടത്തിയില്ല. റോഡിലൂടെ കടന്നുപോയ ഒരു വാഹനത്തിലെ ആള്‍ ഇറങ്ങി തടയുകയായിരുന്നു.
ഇതിനിടയില്‍ ആരോ ദൃശ്യങ്ങള്‍ പകര്‍ത്തി യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെയും വീഡിയോ പകര്‍ത്തിയ ആളെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതികരണമുണ്ടായി. വീഡിയോ പകര്‍ത്തിയ ആളെ കണ്ടെത്തിയെങ്കിലും തെരുവില്‍ ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണ്. അതേസമയം ആരും നിയമത്തിനു അതീതമല്ലെന്ന് ഓര്‍ക്കണമെന്നും ഖമീസ് മത്താര്‍ പറഞ്ഞു.

Latest