Connect with us

Sports

മോസ്‌കോയിലേക്ക് യൊഹാന്‍ ബ്ലേക്കും ഇല്ല

Published

|

Last Updated

മോസ്‌കോ: ഉത്തേജ പരിശോധനയില്‍ കുടുങ്ങി അമേരിക്കയുടെ ടൈസണ്‍ ഗേ, ജമൈക്കയുടെ അസഫ പവല്‍ എന്നിവര്‍ മോസ്‌കോ ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ പരുക്കേറ്റ് ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കും മോസ്‌കോയിലേക്കില്ലെന്ന് അറിയിച്ചു. നൂറ് മീറ്ററില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ ബ്ലേക്കിന്റെ പിന്‍മാറ്റം ലോകചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമറിന് ഇടിവുണ്ടാക്കുന്നതായി. 800മീറ്ററില്‍ കെനിയയുടെ ലോക റെക്കോര്‍ഡുകാരന്‍ റുഡിഷയും പിന്‍മാറിയ പ്രമുഖരില്‍ പെടുന്നു.
ഏപ്രില്‍ മുതല്‍ വേട്ടയാടുന്ന പരുക്കാണ് ബ്ലാക്കിന് വിനയായത്. ജമൈക്കന്‍ ട്രയല്‍സില്‍ നിന്ന് പിന്‍മാറിയ ബ്ലേക്ക് 2011 ദെയ്ഗു ലോകചാമ്പ്യന്‍ഷിപ്പ് ജേതാവെന്ന നിലക്ക് മോസ്‌കോ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു. 2011 ല്‍ ഉസൈന്‍ ബോള്‍ട്ട് സ്റ്റാര്‍ട്ട് പിഴച്ച് പുറത്തായതിനെ തുടര്‍ന്നായിരുന്നു ബ്ലേക്കിന് സ്വര്‍ണസാധ്യത തെളിഞ്ഞത്. എന്നാല്‍, 2012 ലണ്ടന്‍ ഒളിമ്പിക്കില്‍ ബ്ലേക്കിനെ ബഹുദൂരം പിറകിലാക്കി ബോള്‍ട്ട് തന്റെ അനിഷേധ്യത വ്യക്തമാക്കി. റഷ്യയില്‍ ഗംഭീര തിരിച്ചുവരവിനുള്ള ശ്രമത്തിലായിരുന്നു ഇരുപത്തിമൂന്നുകാരന്‍. തുടരെയുള്ള ചികിത്സയും പരിശോധനാ ഫലങ്ങളും ജമൈക്കന്‍ താരത്തിന് എതിരാണെന്ന് ബ്ലേക്കിന്റെ മാനേജര്‍ കുബി സീഗോബിന്‍ പറഞ്ഞു.
ഇതോട, അടുത്ത മാസം ആരംഭിക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ നൂറ് മീറ്റര്‍ പോരാട്ടം ആകര്‍ഷകമല്ലാതാകും.
മരുന്നടിക്ക് പിടിക്കപ്പെടാന്‍ താനാണെന്ന അസഫ പവലിന്റെ ആരോപണം ഫിസിയോ ക്രിസ് യൂറെബ് നിഷേധിച്ചു. താരങ്ങള്‍ മുഖം രക്ഷിക്കാന്‍ തന്നെ കരുവാക്കുകയാണെന്ന് ഫിസോ കുറ്റപ്പെടുത്തി.