Connect with us

Sports

ആഷസ്: മിക്കിലീക്ക്‌സി'നെ ക്ലീന്‍ ബൗള്‍ ചെയ്യാന്‍ ഓസീസ്‌

Published

|

Last Updated

ലണ്ടന്‍: ആഷസിലെ രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍ ലോര്‍ഡ്‌സില്‍. നോട്ടിംഗ്ഹാമില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍, ആസ്‌ത്രേലിയ മുന്‍ കോച്ച് മിക്കി ആര്‍തര്‍ പൊട്ടിച്ച വിവാദത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ഷെയിന്‍ വാട്‌സന്‍ ആസ്‌ത്രേലിയക്ക് അര്‍ബുദം പോലെയാണെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തന്നോട് പറഞ്ഞിരുന്നതായി മിക്കി ആര്‍തര്‍ നടത്തിയ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് മിക്കിലീക്ക്‌സ് വിവാദമായി അറിയപ്പെടുന്നു. ആഷസില്‍ തോറ്റ് നില്‍ക്കുന്ന ആസ്‌ത്രേലിയന്‍ ടീമില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള മിക്കി ആര്‍തറിന്റെ ശ്രമമായാണ് ഇതിനെ ക്രിക്കറ്റ് ലോകം കാണുന്നത്. ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് സമര്‍ഥിച്ചു. ക്ലാര്‍ക്കും വാട്‌സനും ടീമിന്റെ വിജയത്തിന് വേണ്ടി പ്രയത്‌നിക്കുന്നവരാണ്. ടീം ഒത്തൊരുമയോടെയാണ് നീങ്ങുന്നത്. കോച്ച് ഡാരന്‍ ലെമാന് കീഴില്‍ പുത്തനുണര്‍വ് അനുഭവിക്കുകയാണ് ആസ്‌ത്രേലിയയെന്നും ഹാഡിന്‍ പറഞ്ഞു.
ലോര്‍ഡ്‌സിലെ ചരിത്രമാണ് ആസ്‌ത്രേലിയക്ക് ആത്മവിശ്വാസമേകുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ് ഓസീസ് ലോര്‍ഡ്‌സില്‍ പരാജയപ്പെട്ടത്. ഇവിടെ കളിച്ച 36 ടെസ്റ്റുകളില്‍ പതിനാറിലും ജയിച്ചു. ആറെണ്ണം തോറ്റു. 1938 മുതല്‍ 2009 വരെ 71 വര്‍ഷമായി ലോര്‍ഡ്‌സില്‍ അപരാജിതരാണ് ആസ്‌ത്രേലിയ.
ലോര്‍ഡ്‌സില്‍ നാല് ടെസ്റ്റുകളില്‍ നിന്ന് 231 റണ്‍സ് സ്‌കോര്‍ ചെയ്ത സ്റ്റീവ് വോയുടെ പ്രകടനം ആസ്‌ത്രേലിയക്ക് ഇന്നും പ്രചോദനമാണ്.
അടുത്ത കാലത്ത് ഇംഗ്ലണ്ടും ലോര്‍ഡ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയോട് ഇവിടെ പരാജയപ്പെട്ടിരുന്നു. 2005 ആഷസിന് ശേഷം ഇംഗ്ലണ്ട് ആദ്യമായി ലോര്‍ഡ്‌സില്‍ തോറ്റത് അന്നായിരുന്നു.
നോട്ടിംഗ്ഹാം ടെസ്റ്റില്‍ ആഷ്ടന്‍ ആഗറിന്റെ വീരോചിതമായ അരങ്ങേറ്റവും ജിമ്മി ആന്‍ഡേഴ്‌സന്റെ പത്ത് വിക്കറ്റ് പ്രകടനവും ബെല്ലിന്റെ സെഞ്ച്വറിയുമായിരുന്നു ഇംഗ്ലണ്ടിന് കരുത്തേകിയത്.
ലോര്‍ഡ്‌സില്‍ കെവിന്‍ പീറ്റേഴ്‌സനിലേക്കാണ് ഇംഗ്ലീഷ് പട ഉറ്റുനോക്കുന്നത്. ഇവിടെ 14 ടെസ്റ്റുകള്‍ കളിച്ച പീറ്റേഴ്‌സന്‍ 61.40 ശരാശരിയില്‍ റണ്ണടിച്ചുകൂട്ടി. 2008 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 152 റണ്‍സും 2011 ല്‍ ഇന്ത്യക്കെതിരെ നേടിയ 202 നോട്ടൗട്ടും ലോര്‍ഡ്‌സില്‍ പീറ്റേഴ്‌സന്റെ മേധാവിത്വം അടിവരയിട്ടു.
ആസ്‌ത്രേലിയയുടെ ബാറ്റിംഗ് പ്രതീക്ഷ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ ചുറ്റിപ്പറ്റിയാണ്.
സാധ്യതാ ടീം ഇംഗ്ലണ്ട് : അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), ജോ റൂത്, ജൊനാഥന്‍ ട്രോട്, കെവിന്‍ പീറ്റേഴ്‌സന്‍, ഇയാന്‍ ബെല്‍, ജോണി ബെയര്‍‌സ്റ്റോ, മാറ്റ് പ്രയര്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട് ബ്രോഡ്, ഗ്രെയിം സ്വാന്‍, സ്റ്റീവന്‍ ഫിന്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.
സാധ്യതാ ടീം ആസ്‌ത്രേലിയ: ഷെയിന്‍ വാട്‌സന്‍, ക്രിസ് റോജേഴ്‌സ്, ഉസ്മാന്‍ ഖ്വാജ, മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്, ഫിലിപ് ഹ്യൂസ്, ബ്രാഡ് ഹാഡിന്‍ (വിക്കറ്റ് കീപ്പര്‍), ആഷ്ടന്‍ ആഗര്‍, പീറ്റര്‍ സിഡില്‍, ജെയിംസ് പാറ്റിന്‍സന്‍, ജാക്‌സന്‍ ബേഡ്.
ടീമിലെ ഐക്യം അത്ര എളുപ്പമല്ല
ഒരു ടീമിനെ ഐക്യത്തോടെ മുന്നോട്ടു നയിക്കുക എന്നത് എളുപ്പമല്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് നായകന്‍ അലിസ്റ്റര്‍ കുക്ക്. ആസ്‌ത്രേലിയന്‍ ടീമിനുള്ളിലെ ഡ്രസിംഗ് റൂം വിവാദങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് കുക്കിന്റെ പ്രതികരണം. ഇംഗ്ലണ്ടിന്റെ ഡ്രസിംഗ് റൂമിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതെല്ലാം പരിഹരിച്ചു. ഇപ്പോള്‍ ഒറ്റക്കെട്ടാണ് ടീം. അതിന്റെ ഫലം ലഭിക്കുന്നുമുണ്ടെന്ന് കുക്ക് പറയുന്നു.
കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പരക്കിടെ കെവിന്‍ പീറ്റേഴ്‌സന്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസിനെ പരിഹസിച്ചു കൊണ്ട് എതിര്‍ ക്യാമ്പിലേക്ക് സന്ദേശമയച്ചത് വിവാദമായിരുന്നു. സെഞ്ച്വറി നേടി മികച്ച ഫോമിലായിരുന്ന കെവിന്‍ പീറ്റേഴ്‌സനെ പുറത്താക്കാന്‍ ഇംഗ്ലണ്ട് മടിച്ചില്ല. തുടര്‍ന്ന് ഇംഗ്ലീഷ് നിരയില്‍ വലിയ മാറ്റങ്ങളുണ്ടായി.
ടീമിനുള്ളില്‍ അച്ചടക്കം കൊണ്ടുവരുവാന്‍ അതാത് സമയത്ത് തന്നെ നടപടികള്‍ കൈക്കൊള്ളുന്നത് ഗുണം ചെയ്യുമെന്ന് കുക്ക് സൂചിപ്പിക്കുന്നു. ആസ്‌ത്രേലിയ വലിയൊരു പ്രശ്‌നമുഖത്തല്ലെന്നും മികച്ച കളിക്കാരുടെ സംഘമാണ് അവരുടെതെന്നും രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുവെന്നും കുക്ക് പറഞ്ഞു.
ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും വൈസ് ക്യാപ്റ്റന്‍ ഷെയിന്‍ വാട്‌സനും തമ്മില്‍ ഭിന്നത രൂക്ഷമാണെന്നും വാട്‌സന്‍ ടീമിനെ ബാധിച്ച അര്‍ബുദമാണെന്ന് ക്ലാര്‍ക്ക് പറഞ്ഞതായും പുറത്താക്കപ്പെട്ട കോച്ച് മിക്കി ആര്‍തര്‍ വെളിപ്പെടുത്തിയത് വിവാദമായിരിക്കുകയാണ്.
ആന്‍ഡേഴ്‌സന്‍ താരം
ഇംഗ്ലണ്ടിന്റെ ഇതിഹാസ ബൗളര്‍ ഇയാന്‍ ബോതം ആന്‍ഡേഴ്‌സനെ ലോകോത്തര ഫാസ്റ്റ്ബൗളര്‍മാരുടെ നിരയിലുള്‍പ്പെടുത്താനാഗ്രഹിക്കുന്നു. ഗ്ലെന്‍ മെഗ്രാത്, റിചാര്‍ഡ് ഹാഡ്‌ലി, ഡെന്നിസ് ലില്ലെ, മാല്‍ക്കം മാര്‍ഷല്‍ എന്നിവര്‍ക്കൊപ്പം തന്നെയാണ് ആന്‍ഡേഴ്‌സന്റെയും സ്ഥാനമെന്ന് ബോതം ഉറച്ച് വിശ്വസിക്കുന്നു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറാണ് സര്‍ ഇയാന്‍ ബോതം. 28.4 ശരാശരിയില്‍ 383 വിക്കറ്റുകളാണ് ബോതമിന്റെ സമ്പാദ്യം. 26.69 ശരാശരിയില്‍ 317 വിക്കറ്റുകളെടുത്ത ജെയിംസ് ആന്‍ഡേഴ്‌സന്‍ തന്റെ റെക്കോര്‍ഡ് അധികം വൈകാതെ തന്നെ ബ്രേക്ക് ചെയ്യുമെന്ന് ഇയാന്‍ ബോതം വിശ്വസിക്കുന്നു.
325 വിക്കറ്റുകള്‍ വീഴ്ത്തിയ ബോബ് വില്ലിസിനെ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ മറികടക്കാനുള്ള സാധ്യത ഏറെയാണ്. ട്രെന്‍ഡ് ബ്രിജിലെ ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ കൊയ്തത്. ട്രെന്‍ഡ് ബ്രിജില്‍ ആന്‍ഡേഴ്‌സന്റെ രണ്ടാം പത്ത് വിക്കറ്റ് നേട്ടമായിരുന്നു ഇത്. സ്വിംഗ് ബൗളിംഗിലെ രാജാവ് എന്നറിയപ്പെടുന്ന ആന്‍ഡേഴ്‌സന് മുന്നില്‍ ആസ്‌ത്രേലിയക്ക് നില്‍ക്കക്കള്ളിയില്ലായിരുന്നു.
അപാരമായ ഫിറ്റ്‌നെസും അത്‌ലറ്റിക് മികവും നിലനിര്‍ത്തുന്ന ആന്‍ഡേഴ്‌സന്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇംഗ്ലീഷ് ബൗളറാകുമെന്ന് ബോതം പ്രവചിക്കുന്നു. ഇത്തവണ ആഷസില്‍ ഇംഗ്ലണ്ട് വിജയക്കൊടി നാട്ടുക ആന്‍ഡേഴ്‌സന്റെ മികവിലായിരിക്കുമെന്നും മുന്‍ താരം നിരീക്ഷിക്കുന്നു.അതേ സമയം, ഇംഗ്ലണ്ട് നേരിടുന്ന പ്രധാന പ്രശ്‌നവും ബൗളിംഗ് വിഭാഗത്തിലാണ്. ആന്‍ഡേഴ്‌സനെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് അത്ര പന്തിയല്ലെന്ന് കോച്ച് ആന്‍ഡി ഫഌവറിനറിയാം.
നോട്ടിംഗ്ഹാമില്‍ 51 ഓവറുകള്‍ എറിഞ്ഞ ആന്‍ഡേഴ്‌സന്‍ പതിമൂന്ന് ഓവറുകള്‍ തുടരെയാണ് എറിഞ്ഞത്. ഇതൊരു മാരത്തോണ്‍ സ്‌പെല്ലായിരുന്നു. സ്റ്റുവര്‍ട് ബ്രോഡും സ്റ്റീവന്‍ ഫിന്നും താളം കണ്ടെത്താന്‍ വിഷമിക്കുന്നതും സ്പിന്നര്‍ ഗ്രെയിം സ്വാന്റെ ഫോം മങ്ങിയതുമാണ് ആന്‍ഡേഴ്‌സന് ജോലിഭാരം കൂട്ടിയത്.

Latest