Connect with us

Ongoing News

മന്ത്രിസഭാ പുനഃസംഘടന ഉടന്‍: മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന ഉടനെയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എന്നാല്‍ ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. യു എന്‍ പുരസ്‌കാരം നേടിയതിനുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതില്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചെന്നിത്തലക്ക് ഏത് വകുപ്പ് നല്‍കുമെന്നത് സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. അത്തരം കാര്യങ്ങള്‍ ആ സമയത്ത് തീരുമാനിക്കാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ തുടരെയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി.

കണ്ണൂര്‍ വിമാനത്താവകളത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ വിമാനത്താവകള നിര്‍മാണത്തിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഉടന്‍ തന്നെ റണ്‍വേ നിര്‍മാണത്തിന് ആവശ്യമായ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളഹൗസില്‍ മുഖ്യമന്ത്രിയെ കാണുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാ ഹൗസില്‍ സുരക്ഷ ശക്തമാക്കിയതിന് കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, പ്രവാസി മന്ത്രി വയലാര്‍ രവി, പ്രതിരോധ മന്ത്രി എ കെ ആന്റണി തുടങ്ങിയവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

Latest